19 January 2026, Monday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

മരണത്തിനും രോഗത്തിനും നികുതി ചുമത്തുന്ന മോഡി സർക്കാർ

Janayugom Webdesk
August 9, 2024 5:00 am

ഭാവിയിലെ സുനിശ്ചിത മരണത്തിനും, വന്നേക്കാവുന്ന രോഗചികിത്സയ്ക്കും മുൻകൂറായി 18 ശതമാനം ചരക്ക് സേവനനികുതി വ്യവസ്ഥചെയ്യുന്ന ധനബിൽ ലോക്‌സഭ ബുധനാഴ്ച പാസാക്കി. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ എതിർപ്പിനെയും ഭരണമുന്നണിയായ എൻഡിഎയെ നയിക്കുന്ന ബിജെപിയിലെതന്നെ വിവേകത്തിന്റെ ശബ്ദങ്ങളെയും അപ്പാടെ അവഗണിച്ചാണ് വലിയൊരു വിഭാഗം ജനങ്ങളെ തികച്ചും പ്രതികൂലമായി ബാധിക്കുന്ന ജീവൻ, ആരോഗ്യ ഇൻഷുറൻസുകൾക്ക് ഭാരിച്ച ജിഎസ്‌ടി വ്യവസ്ഥചെയ്യുന്ന ധനബിൽ പാസാക്കിയത്. മതിയായ സൗജന്യ ചികിത്സാ സംവിധാനങ്ങളോ സാമൂഹിക സുരക്ഷാ പദ്ധതികളോ ഇല്ലാത്ത രാജ്യത്ത് ഗണ്യമായ ഒരുവിഭാഗം ജനങ്ങൾ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിത, ആരോഗ്യ സുരക്ഷയ്ക്കായി ആശ്രയിക്കുന്ന ഇൻഷുറൻസ് സംവിധാനത്തിൽനിന്നും അവരെ അകറ്റാൻ ഉയർന്നതോതിലുള്ള ജിഎസ്‌ടി കാരണമാകുമെന്ന ആശങ്കയാണ് ഗുണഭോക്താക്കളും ഇൻഷുറൻസ് കമ്പനികളും പങ്കുവയ്ക്കുന്നത്. 2047 ആകുമ്പോഴേക്കും മുഴുവൻ ജനങ്ങളെയും ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവരണമെന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി അതാേറിട്ടി വിഭാവനം ചെയ്യുന്നത്. അപ്പോഴേക്കും രാജ്യം വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തപ്പെടുമെന്നാണല്ലോ മോഡി ഭരണം മുന്നോട്ടുവയ്ക്കുന്ന സങ്കല്പം. കുതിച്ചുയരുന്ന ചികിത്സാ ചെലവുകളുടെയും സൗജന്യ പൊതുആരോഗ്യ സംവിധാനങ്ങളുടെയും അഭാവത്തിൽ കൂടുതൽ ജനങ്ങൾ ആരോഗ്യ ഇൻഷുറൻസിനെ ആശ്രയിക്കാൻ തയ്യാറാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇൻഷുറൻസ് രംഗത്തെ ആഗോള പ്രമുഖരിൽ ഒന്നായ സ്വിസ് റീ സിഗ്മയുടെ ഒരു പഠനം ഇന്ത്യയുടെ ജീവൻ ആരോഗ്യ ഇൻഷുറൻസ് മേഖല ചുരുങ്ങിവരുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.


ഇതുകൂടി വായിക്കൂ:കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ 


ഉപഭോഗവസ്തുക്കളായ പെർഫ്യൂമുകൾ ചോക്ലേറ്റുകൾ എന്നിവയുടെ ഗണത്തിലാണ് ജീവൻ, ആരോഗ്യ ഇൻഷുറൻസുകളെയും 18 ശതമാനം നികുതിയുമായി ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഔഷധങ്ങൾ എന്നീ അവശ്യവസ്തുക്കൾക്ക് അഞ്ച് മുതൽ 15 ശതമാനം വരെയേ ജിഎസ്‌ടി ചുമത്തിയിട്ടുള്ളു എന്നത് നികുതിഘടനയിലെ വിരോധാഭാസമാണ് തുറന്നുകാട്ടുന്നത്. ജീവൻ, ആരോഗ്യ ഇൻഷുറൻസുകൾക്ക് ഭാരിച്ച നികുതി ഈടാക്കുന്നതിന്റെ ന്യായീകരണമായി ധനമന്ത്രി പറയുന്നത് ജിഎസ്‌ടി ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങൾ അവയുടെമേൽ നികുതി ചുമത്തിയിരുന്നു എന്നാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഈ ഇനത്തിൽ 24,000 കോടി രൂപ സമാഹരിച്ചതായി അവർ പറയുന്നു. അതിന്റെ 73–74 ശതമാനവും സംസ്ഥാന വിഹിതമായി തിരിച്ചുനൽകുകയാണത്രെ. എന്നാൽ, ധനമന്ത്രി പറയുന്നതിൽനിന്നും വ്യത്യസ്തമായ കണക്കുകളാണ് ബിജെപിയുടെ ഐടി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അമിത് മാളവ്യ മുന്നോട്ടുവയ്ക്കുന്നത്. അതിലുപരി ഇൻഷുറൻസ് കമ്പനികളുടെ പക്കൽ കുമിഞ്ഞുകൂടുന്ന ലക്ഷക്കണക്കിനുകോടി നിക്ഷേപം ഏതാണ്ട് പൂർണമായും പ്രയോജനപ്പെടുത്തുന്നത് കേന്ദ്രസർക്കാരാണ്. ഇൻഷുറൻസിൽ, വിശിഷ്യ ആരോഗ്യ ഇൻഷുറൻസിൽ നിക്ഷേപിക്കുന്ന പണം ജീവിതത്തിൽ ഒരുപക്ഷെ മാത്രം സംഭവിച്ചേക്കാവുന്ന രോഗാവസ്ഥയ്ക്ക് എതിരായ മുൻകരുതലാണ്. അക്കാരണത്താൽത്തന്നെ ആ നിക്ഷേപം അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾക്കായി ദീര്‍ഘകാലത്തേക്ക് വിനിയോഗിക്കാൻ കേന്ദ്രസർക്കാരിന് കഴിയും. വസ്തുത ഇതായിരിക്കെ സംസ്ഥാന വിഹിതത്തെ മറയാക്കി ജനങ്ങളുടെമേൽ അടിച്ചേല്പിക്കുന്ന നികുതിഭാരത്തെ ന്യായീകരിക്കാനാണ് ശ്രമം. വിഷയത്തിൽ ജിഎസ്‌ടി കൗൺസിലാണ് അന്തിമതീരുമാനം കൈക്കൊള്ളേണ്ടതെന്നപേരിൽ ധനമന്ത്രി കേന്ദ്രത്തിന്റെ നയപരമായ ഉത്തരവാദിത്തത്തിൽനിന്നും കൈകഴുകുകയാണ് ചെയ്തിരിക്കുന്നത്. ഇക്കൊല്ലത്തെ സമ്പൂർണ ബജറ്റിൽ ആരോഗ്യ കുടുംബക്ഷേമ വിഹിതം കഴിഞ്ഞ ബജറ്റിനെക്കാൾ 13 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ 97 ശതമാനവും മന്ത്രാലയ ചെലവുകൾക്കാണ് നീക്കിവച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽവേണം ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യവും പ്രസക്തിയും വിലയിരുത്തപ്പെടാൻ.


ഇതുകൂടി വായിക്കൂ:നുണക്കോട്ടകളുടെ ആഘോഷം


ആരോഗ്യ പരിരക്ഷയ്ക്കായുള്ള ബജറ്റ് വിഹിതം ഗണ്യമായി കുറയുകയും പൗരന്മാർ സ്വന്തമായി ചികിത്സാ ആവശ്യങ്ങൾക്കായി നടത്തുന്ന നിക്ഷേപത്തിന്മേൽ ദുർവഹമായ നികുതിഭാരം ചുമത്തുകയും ചെയ്യുന്നത് ജനങ്ങൾക്കെതിരായ പകൽക്കൊള്ളയും ഭരണകൂട ക്രൂരതയുമാണ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിധിൻ ഗഡ്കരി ജീവൻ, ആരോഗ്യ ഇൻഷുറൻസുകൾക്കുമേൽ പ്രഖ്യാപിച്ച 18 ശതമാനം നികുതി പിൻവലിക്കണമെന്ന് ധനമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും പല സംസ്ഥാന മുഖ്യമന്ത്രിമാരും എന്‍ഡിഎ സഖ്യകക്ഷികള്‍ തന്നെയും സമാന ആവശ്യം ഉന്നയിക്കുകയുണ്ടായി. ‘ജീവൻ, ആരോഗ്യ ഇൻഷുറൻസുകളുടെമേൽ ചുമത്തുന്ന ഭാരിച്ച നികുതി ജീവിതത്തിന്റെ അനിശ്ചിതത്തിനുമേൽ ചുമത്തുന്ന നികുതി‘യാണെന്ന് ഗഡ്ഗരി തന്റെ കത്തിൽ പറയുന്നു. പ്രതിപക്ഷ ഇന്ത്യ സഖ്യം പാർലമെന്റിനകത്തും കവാടത്തിലും വിഷയത്തിൽ പ്രതിഷേധിക്കുകയുണ്ടായി. അവയൊന്നും കണക്കിലെടുക്കാതെയാണ് ജനവിരുദ്ധവും ദ്രോഹകരവുമായ നികുതിനിർദേശം പാസാക്കിയിരിക്കുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്നപേരിൽ ജനങ്ങളുടെ ദാരിദ്ര്യാവസ്ഥയ്ക്ക് പിഴയീടാക്കുന്ന സർക്കാർ ഇപ്പോൾ മരണത്തിനും രോഗാവസ്ഥയ്ക്കും നികുതി ഈടാക്കാനും മുതിർന്നിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.