രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ്, ഇലക്ടറൽ ബോണ്ട് റദ്ദാക്കുകയും സുപ്രീം കോടതിയുടെ കർശന നിർദേശത്തിന്റെ ഫലമായി അതിന്റെ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ നിർബന്ധിതമാകുകയും ചെയ്തതിലൂടെ പുറത്തുവന്നത്. ഫെബ്രുവരി 15ന് പരമോന്നത കോടതിയിൽ നിന്ന് ബോണ്ട് റദ്ദാക്കിയ വിധി പ്രസ്താവം പുറത്തുവന്നപ്പോൾ ശ്രീകൃഷ്ണനെയും കുചേലനെയും ഉദാഹരിച്ച് കോടതി വിധിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ നാം മറന്നിട്ടില്ല. ‘ബാല്യകാല സുഹൃത്തായിരുന്ന കുചേലൻ ഇന്നാണ് ശ്രീകൃഷ്ണന് അവല്‍ നൽകിയിരുന്നതെങ്കിൽ അതിന്റെ വീഡിയോ പരസ്യമാക്കുകയും അഴിമതി ആരോപിച്ച് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകുകയും ചെയ്യുമായിരുന്നു. കുചേലൻ ശ്രീകൃഷ്ണന് അവല്‍ കോഴയായി കൊടുത്തെന്ന് കണ്ടെത്തുകയും ചെയ്യുമായിരുന്നു‘വെന്നാണ് അദ്ദേഹം പറഞ്ഞത്. സുപ്രീം കോടതി വിധിയെയാണ് അദ്ദേഹം പരിഹസിച്ചതെന്ന് മനസിലാക്കാൻ അധികം ബുദ്ധി ആവശ്യമില്ല, ബിജെപിക്കാർ ആകാതിരുന്നാൽ മാത്രം മതി. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തനിയെ പുറത്തെത്തിയതല്ലെന്നും നീണ്ടനാളത്തെ നിയമപോരാട്ടത്തിന്റെ ഫലമായാണ് അത് പുറത്തുവന്നതെന്നതും വസ്തുതയാണ്. പുറത്തുവരാതിരിക്കുവാൻ ആകാവുന്ന പണിയത്രയും ബിജെപിയും കേന്ദ്ര സർക്കാരും നടത്തിയതും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.
എന്നാൽ ഒന്നര മാസം കഴിഞ്ഞ് മോഡി ഇലക്ടറൽ ബോണ്ട് കുംഭകോണത്തെ തോല്പിക്കുന്ന നുണബോംബ് പൊട്ടിച്ചിരിക്കുന്നു. ഇംഗ്ലീഷിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് ഹിന്ദിയിൽ നൽകിയ മറുപടി അച്ചടിച്ചുവന്ന ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ വാക്കുകളെ ഇങ്ങനെ പരിഭാഷപ്പെടുത്താം:
“ഇന്ന് ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തെ ചോദ്യം ചെയ്യുന്നവരോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, 2014ന് മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് പണം ചെലവഴിച്ചിരുന്നില്ലേ. അതിനുള്ള പണം എവിടെനിന്ന് ലഭിച്ചു, ആരുടെ അടുത്തേക്ക് പോയി, ആര് ചെലവഴിച്ചു എന്ന് ആർക്കെങ്കിലും പറയുവാൻ കഴിയുമായിരുന്നോ. മോഡി ഇലക്ടറൽ ബോണ്ടുകൾ ഉണ്ടാക്കിയതിനാൽ, ബോണ്ടുകൾ ആരാണ് വാങ്ങിയത്, അത് എവിടെ പോയി, എങ്ങനെ ചെലവഴിച്ചു എന്ന് നമുക്ക് ഇപ്പോൾ അന്വേഷിക്കാം. അതിനുമുമ്പ് നമുക്കറിയില്ലായിരുന്നു. ഇലക്ടറൽ ബോണ്ടുകൾ ഏർപ്പെടുത്തിയതുകാരണം ഒരു വഴിത്തിരിവുണ്ടായി. ഇലക്ടറൽ ബോണ്ടുകൾ മൂലമെങ്കിലും പണം എവിടെ നിന്ന് വന്നു, എവിടെപ്പോയി എന്ന് നിങ്ങൾക്കറിയാം. ഒരു സംവിധാനവും പൂർണമല്ല. പോരായ്മകൾ ഉണ്ടാകാം, അവ പരിഹരിക്കാൻ കഴിയും”.
ഈ ഒരു ഖണ്ഡിക വായിക്കുമ്പോൾ നാം മൂക്കത്ത് വിരൽ വച്ചുപോകും. തമിഴ് ചാനലായ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് കേട്ടാൽ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നത് മോഡിയും ബിജെപിയും കഠിന പ്രയത്നം നടത്തിയതിനാൽ ആയിരുന്നുവെന്നാണ് തോന്നുക. അത്തരമൊരു പ്രതീതി നിർമ്മിതി തന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നതിൽ സംശയവുമില്ല.
ഫെബ്രുവരി 15ന് ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി റദ്ദാക്കിയ സുപ്രീം കോടതി വിധിയുണ്ടായതിനുശേഷവും അതിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കുവാൻ സുപ്രീം കോടതിയിൽ ഘോരഘോരം വാദിച്ചത് കഴിഞ്ഞ മാസമായിരുന്നു. അത് പിന്നീട് പരാമർശിക്കാം. കഴിഞ്ഞ ഒക്ടോബർ ആദ്യ ആഴ്ചയിൽ ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളുടെ അന്തിമവാദം നടക്കുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചത് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് അറിയാനുള്ള അവകാശം പൗരന്മാര്‍ക്കില്ലെന്നായിരുന്നു. കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വാദം ഉന്നയിച്ചത്.
ഭരണഘടനയുടെ അനുച്ഛേദം 19(1) പ്രകാരം പൗരന്മാർക്ക് ഈ വിഷയത്തിൽ അറിയാനുള്ള അവകാശമില്ലെന്ന് ഹർജി പരിഗണിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്തും അറിയാനുള്ള പൊതുഅവകാശം പൗരന്മാർക്കില്ല. ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് അവകാശങ്ങൾ. ഇലക്ടറൽ ബോണ്ട് പദ്ധതി ഏതെങ്കിലും വ്യക്തിയുടെ നിലവിലുള്ള അവകാശങ്ങളെ തടസപ്പെടുത്തുന്നില്ല. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും പറയാനാവില്ല. അതുകൊണ്ടുതന്നെ അക്കാരണം ചൂണ്ടിക്കാട്ടി നിയമം റദ്ദാക്കാൻ സാധിക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മെച്ചപ്പെട്ടതോ വ്യത്യസ്തമോ ആയ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനുവേണ്ടി കേന്ദ്ര നയങ്ങൾ പരിശോധിക്കാനുള്ളതല്ല ജുഡീഷ്യൽ റിവ്യു എന്നും സത്യവാങ്മൂലത്തിലുണ്ടായിരുന്നു.
2018ൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഈ പദ്ധതി കാരണം, രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക വ്യവഹാരത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്തെത്തിക്കുവാൻ കഴിയുന്നു എന്ന് ഇപ്പോൾ മോഡി അവകാശപ്പെടുമ്പോൾ കോടതിക്കകത്തും പുറത്തും സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ ഏജൻസികളും നടത്തിയ പ്രതിരോധം എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം. പദ്ധതി ആവിഷ്കരിച്ച ഘട്ടത്തിലെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ന്യായീകരണവും ഇവിടെ പ്രസക്തമാണ്.
‘ശുദ്ധമായ പണവും ഗണ്യമായ സുതാര്യതയും രാഷ്ട്രീയ ഫണ്ടിങ് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇലക്ടറൽ ബോണ്ടുകളുടെ പദ്ധതി പ്രഖ്യാപിച്ചത്. പണദാതാക്കൾക്ക് പദ്ധതി ആകർഷകമാകണമെങ്കിൽ അജ്ഞാതത്വം അനിവാര്യമാണ്. ഓരോ ദാതാവും ഒരു രാഷ്ട്രീയ പാർട്ടിക്ക് എത്ര തുക വിതരണം നൽകിയെന്ന് ദാതാവിന് മാത്രമേ അറിയാനാകൂ. പേരുകൾ വെളിപ്പെടുത്തുന്ന സ്ഥിതിയുണ്ടായാൽ ഈ പദ്ധതി അനാകർഷകമാകുകയും പണമായി സംഭാവന നൽകാനുള്ള അഭികാമ്യമല്ലാത്ത സ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യു‘മെന്നായിരുന്നു ജെയ്റ്റ്ലിയുടെ കുറിപ്പ്.
2010ൽ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി കൊണ്ടുവന്ന ഇലക്ടറൽ ട്രസ്റ്റ് സ്കീമിനെ പരാമർശിച്ച് ജെയ്റ്റ്ലി എഴുതിയത്, സംഭാവന നൽകിയ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പേരുവിവരങ്ങളും വെളിപ്പെടുന്നതിന്റെ അനന്തരഫലങ്ങളെ ദാതാക്കൾ ഭയപ്പെടുന്നുവെന്നായിരുന്നു എന്ന് വയർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് കൊണ്ടുവന്ന ഇലക്ടറൽ ട്രസ്റ്റ് സ്കീമിന്റെ സ്വകാര്യത നിലനിർത്തുന്ന ഭാഗത്തെ പിന്തുണയ്ക്കുകയും ഇലക്ടറൽ ബോണ്ടിൽ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് നിയമനിർമ്മാണം നടത്തുകയുമാണ് ബിജെപി സർക്കാർ ചെയ്തത്.
ഇതെല്ലാം ചെയ്ത ബിജെപിയും കേന്ദ്ര സർക്കാരും ഫെബ്രുവരിയിൽ ഇലക്ടറൽ ബോണ്ട് റദ്ദാക്കുന്ന വിധിയുണ്ടായതിനു ശേഷവും ബോണ്ട് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നതിന് നടത്തിയ ശ്രമങ്ങൾ സമീപകാലത്തുണ്ടായതായതിനാൽ വിശദമായി പരാമർശിക്കേണ്ടതില്ല.
വിധി പുറപ്പെടുവിച്ച് വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചപ്പോൾ ജൂൺ മാസം വരെ സമയം വേണമെന്നാവശ്യപ്പെട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോടതിക്ക് മറുപടി നൽകിയത്. കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കുന്നില്ലെന്നും ഉടൻ വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടപ്പോൾ ഭാഗിക വിവരങ്ങൾ രണ്ടാമത് നൽകി. വീണ്ടും പരമോന്നത കോടതി എസ്ബിഐയെയും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകരെയും നിർത്തിപ്പൊരിച്ചതിനാലാണ് മുഴുവൻ വിവരങ്ങളും ലഭ്യമായതും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചതും ജനങ്ങൾ അറിഞ്ഞതും.
എല്ലാ രഹസ്യങ്ങളും ഒളിച്ചുവയ്ക്കാനുള്ള നിയമനിർമ്മാണങ്ങൾ വരെ നടത്തുകയും കോഴയ്ക്ക് നിയമസാധുത നൽകുകയും ചെയ്യുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. കുംഭകോണത്തെ വ്യവസ്ഥാപിതമാക്കുകയാണ് ചെയ്തതെന്നും പ്രസ്തുത വിവരങ്ങളിലൂടെ ജനമറിഞ്ഞു.
സുപ്രീം കോടതിയുടെ കടുത്ത നിലപാടുകൊണ്ട് മാത്രം ബിജെപിയും മോഡിയും നടത്തിയ എല്ലാ പ്രതിരോധങ്ങളും ഫലിക്കാതെ വന്നപ്പോൾ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നതിലൂടെ രാഷ്ട്രീയ പാർട്ടികളുടെ പണമിടപാട് വിവരങ്ങൾ പുറത്തുവന്നുവല്ലോ എന്ന് ചോദിക്കുന്നത് ഉളുപ്പില്ലായ്മയാണ് എന്നാണ് ലളിതമായി പറയേണ്ടത്. അങ്ങനെ അവകാശപ്പെടുന്നത് സാധാരണ ഉദാഹരിക്കാറുള്ള മൃഗസമാനമായ തൊലിക്കട്ടി ആവശ്യമുള്ള ദൗത്യവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.