22 November 2024, Friday
KSFE Galaxy Chits Banner 2

മോഡിയുടെ നയം ഇന്ത്യയിൽ അസമത്വം വർധിപ്പിച്ചു

ഡോ. ജ്ഞാൻ പഥക്
December 11, 2021 8:00 am

രാജ്യത്തിന്റെ വികസനത്തിനെന്ന പേരിലുള്ള മോഡി സർക്കാരിന്റെ നയങ്ങൾ വളരെ വികലമാണെന്നും അത് സമ്പന്നർക്ക് അനുകൂലമായും ദരിദ്രർക്ക് എതിരായും പ്രവർത്തിക്കുന്നുവെന്നും പുതിയ റിപ്പോർട്ട്. ഈ നയം ഭാരതത്തെ ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നായി മാറ്റുന്നു. ജനസംഖ്യയുടെ 10 ശതമാനം വരുന്ന സമ്പന്നവർഗത്തിന്റെ പ്രതിദിന വരുമാനം താഴെക്കിടയിലുള്ള 50 ശതമാനത്തേക്കാൾ ഇരുപത് മടങ്ങ് കൂടുതലാണ്. ദരിദ്രവിഭാഗത്തിൽപ്പെട്ട 50 ശതമാനം ജനതയുടെ ശരാശരി വരുമാനം 149 രൂപയിൽ താഴെ മാത്രമാണ്. പാരിസ് ആസ്ഥാനമായ വേൾഡ് ഇൻ ഇക്വാളിറ്റി ലാബിന്റെ ആഗോള അസമത്വ റിപ്പോർട്ട് 2022 ലാണ് മോഡി സർക്കാറിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോർട്ടിനെ തുറന്നുകാണിക്കുന്ന കണക്കുകളുള്ളത്. ഇന്ത്യൻ ജനസംഖ്യയുടെ 25.01 ശതമാനം മാത്രമാണ് ‘ബഹുമുഖദരിദ്രർ’ എന്ന് എംപിഐ റിപ്പോർട്ട് 2021 പറയുന്നു. എന്നാൽ കടുത്ത ദാരിദ്ര്യത്തിന്റെ തോത് ഇന്ത്യയിൽ ഇരട്ടിയായെന്നും ദേശീയ വരുമാനത്തിൽ സാമാന്യ ജനതയുടെ വരുമാനം 13 ശതമാനം വരെയായി കുറഞ്ഞുവെന്നും ആഗോള അസമത്വ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമ്പന്നരായ വരേണ്യവർഗവും ഭൂരിപക്ഷം അതിദരിദ്രരും അടങ്ങിയ ഏറ്റവും വലിയ അസമത്വവുമുള്ള രാജ്യമായി ഇന്ത്യ വേറിട്ടുനിൽക്കുന്നു. ജനസംഖ്യയിലെ 10 ശതമാനം പേരുടെ സമ്പാദ്യം പ്രതിവർഷം 11,66,520 രൂപയാകുമ്പോൾ താഴെയുള്ള 50 ശതമാനം പേർ നേടുന്നത് വെറും 53,610 രൂപ മാത്രമാണ്. അതായത് ദേശീയ സമ്പത്തിന്റെ 57 ശതമാനം കൈവശം വച്ചിരിക്കുന്നതും ഉയർന്നനിലയിലുള്ള 10 ശതമാനമാണെന്ന് വ്യക്തം. സമ്പന്നരായ 10 ശതമാനത്തിൽ തന്നെ അതിസമ്പന്നരായ ഒരു ശതമാനമാണുള്ളത്. ഈ ഒരു ശതമാനത്തിന്റെ വരുമാനം പരിശോധിച്ചാൽ മോഡിയുടെ നയങ്ങൾ അതിസമ്പന്നർക്ക് വേണ്ടി മാത്രമാണെന്നതിന്റെ ചിത്രം കൂടുതൽ വ്യക്തമാകും. ദേശീയ വരുമാനത്തിന്റെ 22 ശതമാനവും കൈവശം വച്ചിരിക്കുന്നത് അതിസമ്പന്നരായ ഈ ഒരു ശതമാനമാണ്. തൊഴിൽ പരിഷ്കരണങ്ങൾ, കാർഷിക പരിഷ്കരണം, ബാങ്ക് പരിഷ്കരണം, ഇൻഷുറൻസ് പരിഷ്കരണം തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക നയങ്ങളെല്ലാം ഈ അതിസമ്പന്ന വിഭാഗത്തിന് വേണ്ടിയുള്ളതാണ്. സ്വകാര്യ സ്വത്ത് വളരുമ്പോൾ തങ്ങൾ വളരുകയാണെന്ന് ഒരു വിഭാഗം ജനം കരുതുന്നു. ഈ വീക്ഷണമാണ് രാജ്യത്തിന്റെ വളർച്ചയെക്കുറിച്ച് കൊട്ടിഘോഷിക്കാൻ മോഡി സർക്കാരിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യയിൽ സ്വകാര്യ സമ്പത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. 1980 ലെ 290 ശതമാനത്തിൽ നിന്ന് 2020 ൽ 560 ശതമാനമായാണ് ഉയർച്ച. എന്നാലിത് അസമത്വങ്ങളെ വളർത്തിക്കൊണ്ടുവന്ന സമ്പത്തിന്റെ കേന്ദ്രീകരണം മാത്രമാണ്. രാജ്യത്ത് സ്വകാര്യ വ്യക്തികളുടെ സമ്പത്ത് വർധിക്കുമ്പോൾ പൊതുമേഖലയുടെ സമ്പത്ത് കുത്തനെ കുറയുകയാണ്. ഇത് ഇപ്പോൾ മാത്രമല്ല, ഭാവിയിലും ജനക്ഷേമ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാരുകളുടെ ശേഷി കുറയ്ക്കും. ജനതയുടെ നിയന്ത്രണം പ്രധാനമായും ഏതാനും സ്വകാര്യ വ്യക്തികളെ ആശ്രയിച്ചാകും.


ഇതുകൂടി വായിക്കാം; മോഡിയുടെ വിവാദ നയങ്ങളും തിരിച്ചടികളും


ഇന്ത്യയിലെ മധ്യവർഗത്തിനും മോഡിയുടെ നയങ്ങൾ ഗുണകരമാകുന്നില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. താരതമ്യേന ദരിദ്രരരായ മധ്യവർഗത്തിന്റെ സമ്പത്ത് ശരാശരി 7,23,930 രൂപയാണ്. മൊത്തം ദേശീയ വരുമാനത്തിന്റെ 29.5 ശതമാനം മാത്രമാണിത്. ഉന്നതശ്രേണിയിലെ വാർഷിക വരുമാനം 2021‑ൽ 2,04,200 രൂപയാണ്. ഇത് താഴ്ന്നവരുമാനക്കാരായ 50 ശതമാനത്തിന്റെ വരുമാനത്തേക്കാൾ നാല് മടങ്ങ് കൂടുതലാണ്. ഇന്ത്യൻ കുടുംബങ്ങളുടെ ശരാശരി സമ്പത്ത് 9,83,010 രൂപയാകുമ്പോൾ താഴെയുള്ള 50 ശതമാനം ആളുകളുടേത് 66,280 രൂപയാണ്. ദേശീയ സമ്പത്തിന്റെ ആറ് ശതമാനം മാത്രമാണിത്. 2020ൽ ആഗോള വരുമാനത്തിൽ പകുതിയോളം ഇടിവുണ്ടായി. സമ്പന്ന രാജ്യങ്ങളിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇതുണ്ടായെങ്കിലും പിന്നീട് മിക്ക രാജ്യങ്ങളിലും ഇന്ത്യ ഒഴികെയുള്ള ഏഷ്യയിലും വരുമാന വിഹിതം അല്പം മെച്ചപ്പെട്ടുവെന്നാണ് റിപ്പോർട്ട് പറയുന്നത്. മോഡി സർക്കാർ എത്ര മോശം പ്രകടനമാണ് നടത്തുന്നതെന്ന് വരുമാന വിഹിതം വർധിച്ചില്ല എന്ന റിപ്പോർട്ട് വച്ച് വിലയിരുത്താനാകും. ദ്രുതഗതിയിലുള്ള വികസനം എന്ന മോഡി സർക്കാരിന്റെ അവകാശവാദവും തെറ്റാണെന്നും തെളിയുന്നുണ്ട്. കാരണം നികുതിപരിഷ്കരണത്തിന് മുമ്പുള്ള ദേശീയ വരുമാനത്തിൽ മുകൾത്തട്ടിലെ 10 ശതമാനത്തിന്റെയും താഴെയുള്ള 50 ശതമാനത്തിന്റെയും പങ്ക് 2014 മുതൽ സ്ഥിരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. ജനങ്ങളെ കബളിപ്പിക്കാൻ എല്ലായ്പ്പോഴും വികസനത്തിന്റെ അസത്യമായ മനോഹരചിത്രങ്ങൾ അവതരിപ്പിക്കുകയാണെന്ന് മോഡി സർക്കാരിനെതിരെ ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാർ പുറത്തുവിട്ട അസമത്വ ഡാറ്റയുടെ സത്യസന്ധതയെ ഗൗരവപൂർവം തുറന്നുകാട്ടുന്ന റിപ്പോർട്ടിന് ഏറെ പ്രസക്തിയുണ്ട്. ബ്രിട്ടീഷ് ഭരണവുമായി (1858–1947) താരതമ്യം ചെയ്യുമ്പോൾ പോലും ഇന്ത്യയിൽ അസമത്വം വർധിച്ചത് മോഡിയുടെ കാലത്താണ്. ജനസംഖ്യയുടെ പത്ത് ശതമാനം മാത്രം ആളുകൾ ദേശീയ വരുമാനത്തിന്റെ 50 ശതമാനത്തോളം പങ്കിടുന്നത് അസമത്വത്തിലെ ഭീകരത വെളിപ്പെടുത്തുന്നു. മുൻനിരയിലുള്ള ഈ 10 ശതമാനം മൊത്തം സമ്പത്തിന്റെ 65 ശതമാനം കെെയടക്കി വയ്ക്കുമ്പോൾ അതിലെ 33 ശതമാനവും പങ്കിടുന്നത് അതിസമ്പന്നരായ ഒരു ശതമാനമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, സോഷ്യലിസ്റ്റ് ആശയത്തിലധിഷ്ഠിതമായ പഞ്ചവത്സര പദ്ധതികൾ സാമ്പത്തിക വിഭജന വിഹിതം 35–40 ആയി കുറയ്ക്കാൻ സഹായിച്ചു. 1947 ൽ ആദ്യ പത്തിൽ നിന്ന് 50 ശതമാനമായിരുന്നു. മുൻ സർക്കാർ ഒന്നും ചെയ്യാതിരുന്നുവെന്നും തന്റെ സർക്കാർ ഈ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാം ചെയ്യുന്നുണ്ട് എന്നുമുള്ള മോഡിയുടെ ആരോപണത്തെ വ്യക്തമായി ഖണ്ഡിക്കുന്നതാണ് ഈ കണ്ടെത്തൽ. 1980കളുടെ മധ്യത്തിൽ ആരംഭിച്ച നവലിബറൽ നയങ്ങൾ വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വത്തിലെ തീവ്രമായ വർധനവിന് കാരണമായതായി റിപ്പോർട്ട് പരാമർശിക്കുന്നു. സാമ്പത്തിക പരിഷ്കരണത്തിൽ നിന്ന് വലിയ തോതിൽ പ്രയോജനം ലഭിച്ചത് സമ്പന്നരായ പത്ത് ശതമാനം ആളുകൾക്കാണ്. ലിംഗ അസമത്വവും ഇന്ത്യയിൽ വളരെ കൂടുതലാണ്. സ്ത്രീ തൊഴിലാളികളുടെ വരുമാന വിഹിതമായ 18 ശതമാനം ഏഷ്യൻ ശരാശരിയേക്കാൾ കുറവാണ്. 21 ശതമാനമാണ് ചെെന ഒഴികെയുള്ള ഏഷ്യൻ ശരാശരി. മോഡി സർക്കാരിന്റെ സ്ത്രീ ശാക്തീകരണ മുദ്രാവാക്യത്തിന്റെ പൊള്ളത്തരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിസമ്പന്നരായ ഒരു ശതമാനം, അല്ലെങ്കിൽ 10 ശതമാനം വരുന്ന സമ്പന്നർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാവുന്ന വിധത്തിൽ നയങ്ങളിൽ മോഡി മാറ്റം വരുത്തണമെന്നാണ് റിപ്പോർട്ട് നൽകുന്ന പാഠം.

(കടപ്പാട്: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.