14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

സഹകരണ ആശുപത്രികള്‍ സാധാരണക്കാരന്റെ ആവശ്യം, പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി; പ്രധാനപ്പെട്ട പത്ത് വാര്‍ത്തകളള്‍

Janayugom Webdesk
April 14, 2023 10:01 pm

1. കുത്തക മുതലാളിമാർ നിയന്ത്രിക്കുന്ന ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളാണ് സാധാരണക്കാരുടെ ആശ്വാസമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി അച്യുതമേനോൻ സഹകരണ ആശുപത്രിയുടെ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററും മെഡിക്കൽ ക്യാമ്പും കൊല്ലം ഡീസന്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആശുപത്രികളുടെ പ്രവർത്തനത്തിന് വമ്പിച്ച മൂലധന നിക്ഷേപം ആവശ്യമുണ്ട്. ചികിത്സാ ചെലവ് ഏറി വരികയാണ്. എന്നാൽ സഹകരണ മേഖല ഉയർന്നു വന്നാൽ അത് സാധാരണക്കാർക്ക് സഹായകരമാകും. ചികിത്സാ ചെലവ് കുറച്ചു കൊണ്ടുവരാൻ കഴിയുമെന്ന് കാനം പറഞ്ഞു. 

2. വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിന്‌ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിന്‌ ധാരാളം വിദ്യാർഥികൾ വിദേശത്ത്‌ പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉൽക്കണ്‌ഠ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കും എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

3. സംസ്ഥാനത്ത് വരുന്ന നാല് ദിവസം മഴയ്ക്ക് സാധ്യത. നാളെ മുതല്‍ 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലും മഴയുണ്ടാകാമെന്നാണ് അറിയിപ്പ്. 

4. സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം ആറ് മുതൽ 11 വരെയുള്ള സമയത്തെ വർധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. രാജ്യവ്യാപകമായി നിലവിലുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദേശവും കാരണം താപവൈദ്യുതിക്ക് വില നിലവിൽ വളരെ കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

5. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. രാവിലെ 11.15ന് കഞ്ചിക്കോട്ടെത്തിയ ട്രെയിന്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോയശേഷം 11.41നാണ് ഒലവക്കോട് സ്റ്റേഷനിലെത്തിയത്. വന്‍ ജനാവലിയാണ് ട്രെയിന്‍ കാണുന്നതിനെത്തിയത്. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ആളുകള്‍ സ്വീകരിച്ചത്. ഏപ്രില്‍ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.

6. അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമാണ്. നെന്മാറ എംഎൽഎ കെ ബാബു കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലുള്ള സാധ്യത പരിശോധിക്കാൻ നിർദേശിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് വ്യക്തമാകുന്നത്. ഇന്നലെ വരെ അന്വേഷണത്തിൽ വേറെ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

7. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ജയിലിലായ മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞായറാഴ്ച ഹാജരാകാനാണ് നിർദേശം. കെജ്‍രിവാളിന്റെ സ്റ്റാഫിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണിൽ കെജ്‍രിവാൾ മദ്യവ്യവസായികളുമായി ചർച്ച നടത്തിയെന്ന് സ്റ്റാഫ് മൊഴി നൽകിയതായിട്ടായിരുന്നു റിപ്പോർട്ട്.

8. നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ തീവ്രവാദികളെന്നാരോപിച്ച് ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഉത്തരവാദികളായ 30 സൈനികർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി നിഷേധിച്ച് കേന്ദ്രം. നാഗാലാൻഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്ഐടി) വെടിവയ്പ് കേസ് അന്വേഷിച്ചത്. സംസ്ഥാന പൊലീസിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിൽ 14ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട 30 സൈനിർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം നിഷേധിച്ചതായി നാഗാലാൻഡ് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. 

9. ആറ് ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ​ഭ്രൂണം ഗർഭഛിദ്രം നടത്തുന്നത് ഫ്ലോറിഡയിൽ നിരോധിച്ചു. ​ഫ്ലോറിഡ ഗവർണർ റൻ ദെസാന്റിസ് ഗർഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ ഒപ്പുവെച്ചത്. ​ഫ്ലോറിഡയിലെ ജീവനെയും കുടുംബങ്ങളെയും പിന്തുണക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ച ശേഷം പറഞ്ഞത്.

10. റഷ്യയുടെ ഉക്രെയ‍്ന്‍ സെെനിക നടപടിയെക്കുറിച്ചുള്ള ലേഖനം നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന് വിക്കിപീഡിയയ്ക്ക് പിഴ ചുമത്തി റഷ്യന്‍ കോടതി. 20 ലക്ഷം റൂബിളാണ് വിക്കിപീഡിയ ഫൗണ്ടേഷന് പിഴ വിധിച്ചത്. സപ്പോരീഷ്യയിലെ റഷ്യന്‍ അധിനിവേശം എന്ന തലക്കെട്ടുള്ള ലേഖനമാണ് വിക്കിപീഡിയ പ്രസിദ്ധീകരിച്ചത്. തെറ്റായ വിവരങ്ങള്‍ അടങ്ങിയ ലേഖനം നീക്കം ചെയ്യണമെന്ന റഷ്യയുടെ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് വാച്ച്ഡോഗ് റോസ്കോംനാഡ്സോറിന്റെ നിര്‍ദേഷം വിക്കിപീഡിയ അവഗണിച്ചെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.