22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

കേരളത്തില്‍ സ്‌ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.. ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർത്ഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ.

Janayugom Webdesk
March 17, 2023 11:21 pm

1. പ്രഥമ സന്ദർശനത്തിൽ കേരളത്തിന്‌ പ്രശംസ വാരിച്ചൊരിഞ്ഞ്‌ രാഷ്‌‌ട്രപതി ദ്രൗപതി മുർമു. നിരവധി മാനവിക സൂചികകളിൽ കേരളത്തിന്റെ മികച്ച പ്രകടനം പ്രതിഫലിക്കുന്നുവെന്നും. സംസ്ഥാനത്തെ സ്‌ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ പൗരസ്വീകരണം ഏറ്റുവാങ്ങിയും കുടുംബശ്രീയുടെ ‘രചന’ അടക്കം പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തും സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. രാജ്യത്തെ ഏറ്റവും മികച്ച സ്‌‌ത്രീ– പുരുഷ അനുപാതം കേരളത്തിലാണെന്നും സ്‌ത്രീകളിൽ ഉൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കും കൈവരിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.

2. കെടിയു വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിലക്കി. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സർക്കാർ വിശദമായ സത്യവാങ്മൂലവും നൽകണം. കേസ് 23 ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

3. എംഡിഎംഎയും കഞ്ചാവുമായി യുവാവ് തൃശൂരിൽ പിടിയിൽ. വഴുക്കുംപാറ കിഴക്കേക്കര വീട്ടിൽ ഇജോ (20) ആണ് പിടിയിലായത്. ഒല്ലൂർ പൊലീസാണ് കാച്ചേരി ജിടി നഗറിൽ നിന്ന് ഇയാളെ പിടികൂടിയത്. വിൽപനക്കായി ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

4. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതോടെ 900 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കാസ്പ്. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്.

5. ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

6. കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 200 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5380 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന് വില 1600 രൂപ വർധിച്ച് 43,040 രൂപയിൽ എത്തിയിരിക്കുകയാണ്.

7.ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലക്കേസിലെ നാല് പ്രതികളെ ഉത്തരാഖണ്ഡിൽ നിന്നും പിടികൂടി. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ നാളെ തൃശൂരിലെത്തിക്കും. തൃശൂർ — തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന കോട്ടം സ്വദേശി മമ്മസ്രയില്ലത്ത് സഹറാണ് (32) കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 18ന് അർധരാത്രിയായിരുന്നു സഹർ സദാചാര ആക്രമണത്തിന് ഇരയായത്. തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു.

8. ഉത്തര്‍പ്രദേശിലെ ഉരുളക്കിഴങ്ങ് സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. പതിനൊന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഉത്തര്‍പ്രദേശിലെ സംബാലിലെ ചന്ദൗസി മേഖലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് നായ്ക്കളെ ഉപയോഗിച്ച തിരച്ചില്‍ നടത്തുന്നതായും അധിക‍ൃതര്‍ പറഞ്ഞു.

9. കോവിഡ് 19 വൈറസ് ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ പട്ടികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ നിന്നു ഉത്ഭവിച്ചതാണ് കോവിഡ് വൈറസ് എന്ന റിപ്പോര്‍ട്ട് ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. മരപ്പട്ടി വിഭാഗത്തില്‍പ്പെട്ട പട്ടികളില്‍ നിന്നും ശേഖരിച്ച ജനറ്റിക് സാമ്പിളില്‍ നിന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങിയ ശാസ്ത്രജ്ഞര്‍ കോവിഡ് വൈറസ് കണ്ടെത്തിയത്.

10. ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർത്ഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാർത്ഥികളെ പുറത്താക്കാനൊരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.2018–19 കാലത്താണ് വിദ്യാർത്ഥികൾ പഠനത്തിനായി കാനഡയിലേക്ക് പോയത്. ഇപ്പോൾ കാനഡയിൽ സ്ഥിര താഗമസത്തിനായി(പെർമനന്റ് റെസിഡന്റ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.