1. ആലപ്പുഴ മെഡിക്കല്‍ കോളജിന് എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍.എം.സി സീറ്റ് മെട്രിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2. സർക്കാരിന്റെ പുതിയ മദ്യനയം ഒരു വിധത്തിലും ചെത്ത് തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതല്ലെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാരിന്റെ ഉദ്ദേശം ചെത്ത് തൊഴിലാളികളെയും കള്ള് വ്യവസായത്തേയും സംരക്ഷിക്കുക എന്നതാണ്. മദ്യനയത്തിന് ടൂറിസം മേഖലയിൽ നിന്ന് വന്നിട്ടുള്ള പ്രതികരണം വളരെ അനുകൂലമാണ്. വിദേശമദ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുക എന്നതാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
3. ഡോ വന്ദനാ ദാസ് കൊലക്കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി. മെയ് 10 ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
4. ഐഎൻഎസ് വിക്രാന്ത് കപ്പലിൽ 19 കാരനായ നാവിക സേനാ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയാണ് ബിഹാറിലെ മുസാഫർപൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലോക്കൽ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
5. മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിത കര്‍മസേന വനിതാ അംഗങ്ങള്‍ക്ക് 10 കോടിയുടെ മൺസൂൺ ബമ്പർ. സംഘത്തിലെ 11 വനിതകൾക്കാണ് മൺസൂൺ ബമ്പർ അടിച്ചത്. ഹരിത കർമ സേനയിലെ 11 പേരും പങ്കിട്ടാണ് ഈ ടിക്കറ്റ് എടുത്തത്. ലോട്ടറി വിൽപ്പനക്കാരൻ സംഘത്തിലെ അംഗമായ രാധയോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെടുകയും എന്നാൽ ആദ്യം നിരസിച്ച രാധ മറ്റുള്ളവരുടെ താല്പര്യത്തെ തുടർന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇത് നാലാം തവണയാണ് പങ്കിട്ട് ടിക്കറ്റ് എടുക്കുന്നതെന്ന് അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
6. പാലക്കാട് മീനാക്ഷിപുരത്ത് 81 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍. രാജേഷ്, ദിലീപ്, ഷാഫി എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
7. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി.സെപ്തംബർ 15 വരെയാണ് കാലാവധി നീട്ടി നൽകിയത്.രാജ്യന്തര സംഘടനയായ എഫ് എ ടി എഫ് ഇന്ത്യ സന്ദര്‍ശിക്കുന്നത് പരിഗണിച്ചാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
8. ചലച്ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി രാജ്യസഭ. 1952 ലെ സിനിമാട്ടോഗ്രാഫി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമായിരുന്നു ബില്‍ പാസാക്കിയത്. വ്യാജ പതിപ്പ് ഇറക്കുന്നവര്‍ മൂന്നു വര്‍ഷം തടവിന് പുറമെ ചലച്ചിത്ര നിര്‍മ്മാണത്തിന് ചെലവാക്കിയ മൊത്തം തുകയുടെ അഞ്ച് ശതമാനം പിഴയായി അടയ്ക്കണം.
9. ട്വിറ്ററിന്റെ റീബ്രാന്‍ഡ് പതിപ്പായ എക്സിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഇന്തോനേഷ്യ. അശ്ലീലസാഹിത്യം, ചൂതാട്ടം തുടങ്ങിയ ഉള്ളടക്കങ്ങൾക്കെതിരായ രാജ്യത്തിന്റെ കർശനമായ നിയമങ്ങൾ പാലിക്കാത്ത സൈറ്റുകൾ എക്ല് ഡോട്ട് കോം എന്ന ഡൊമെെയ‍്ന്‍ ഉപയോഗിച്ചിരുന്നതിനാലാണ് നടപടിയെന്ന് കമ്മ്യുണിക്കേഷന്‍ ആന്റ് ഇൻഫോർമാറ്റിക്സ് മന്ത്രാലയം അറിയിച്ചു. സൈറ്റിന്റെ സ്വഭാവം വ്യക്തമാക്കാൻ സർക്കാർ എക്‌സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ഉസ്മാൻ കൻസോങ് പറഞ്ഞു.
10. നെതർലൻഡ്‌സ് തീരത്ത് ചരക്ക് കപ്പലിലുണ്ടായ തീപിടത്തത്തില്‍ ഇന്ത്യന്‍ ക്രൂ അംഗം മരിച്ചതായി റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന കപ്പലില്‍ ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഇന്ത്യൻ പൗരന്‍ മരിച്ചതായി നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായം നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.