1. എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടർച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന് മെഡിക്കൽ സംഘം ഇയാളെ പരിശോധിച്ചിരുന്നു. തുടർന്ന് ഡോക്ടർ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചു. ഇതോടെയാണ് തെളിവെടുപ്പുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
2. ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻറെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ കോളർ കൈമാറാൻ ആസ്സാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല.
3. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതകൾ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
4. തൃശ്ശൂർ വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ 5 വയസുകാരന് പരിക്ക്. ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിൻ്റെ മകൻ ആകാശിനെയാണ് പുലി ആക്രമിച്ചത്. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ആണ് ബിഫല്യയും ഭാര്യയും. ഇന്ന് രാവിലെ പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുമ്പോൾ തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന് പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആകാശിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി.
5. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയിലും വിവാഹം നടത്താന്‍ അനുമതി. ഉച്ചയ്ക്കുശേഷം ഇതുവരെ ഗുരുവായൂരില്‍ വിവാഹം നടത്താറുണ്ടായിരുന്നില്ല. ദേവസ്വം ഭരണസമതി യോഗത്തിലാണ് ഈ പുതിയ തീരുമാനം. രാത്രി എത്രമണിവരെയാണ് വിവാഹം നടത്താനാവുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
6. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 5357 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ നാളെയും മറ്റന്നാളും സംസ്ഥാനതലങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിക്കും. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ കൊവിഡ് കേസുകൾ ആറായിരത്തിന് മുകളിലാണ് സ്ഥിരീകരിച്ചത്.
7. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരെ നിർണായക തെളിവ് ലഭിച്ചതായി പഞ്ചാബ് പൊലീസ്. ഈ തെളിവിന്‍റെ വെളിച്ചത്തിൽ ജസ് വീന്തർ സിങ് എന്ന എൻആർഐ യെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോഷിയാർപുർ ജില്ലയിൽ നിന്നും അമൃത്പാൽ കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ജസ് വീന്തറിനെ കസ്റ്റഡിയിൽ എടുത്തത്.
8. ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം. നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരാളെ സൈന്യം വധിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. തെരച്ചിൽ തുടരുകയാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
9. രാജ്യത്ത് അടുത്ത 5 ദിവസത്തേക്ക് ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ താപനില ഉയരുമെന്ന് നേരത്തെ തന്നെ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
10. ഉക്രെയ‍്നില്‍ നിന്ന് റഷ്യ നാടുകടത്തിയെന്നാരോപിക്കപ്പെടുന്ന കുട്ടികള്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്. തങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയതെന്നും എലികൾ നിറഞ്ഞ ഹാളുകളിലായിരുന്നു താമസിപ്പിച്ചതെന്നും രക്ഷപ്പെട്ടെത്തിയ കുട്ടികൾ പറഞ്ഞു. മുപ്പതിലധികം കുട്ടികളാണ് റഷ്യയുടെ രണ്ടാഴ്ചത്തെ സമ്മര്‍ ക്യാമ്പുകളിലുണ്ടായിരുന്നത്.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം, കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വെബ്സൈറ്റ് യുട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.