14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

പി ടി ഉഷയ്ക്കുനേരെ പ്രതിഷേധം; വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി: ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാര്‍ത്തകള്‍ ചരുക്കത്തില്‍

Janayugom Webdesk
May 3, 2023 11:38 pm

1. മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5‑ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി തിരുത്തണമെന്നും തെറ്റിദ്ധാരണ അകറ്റാൻ ജനപ്രതിനിധികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2. വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. തിരുവല്ല , തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

3. പൊതു താൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തങ്ങളിൽപ്പെട്ട വ്യക്തികൾ ദുരന്തം നടന്ന് അഞ്ചു വർഷത്തിനകം സർക്കാർ ധനസഹായത്താൽ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവർക്ക് ബന്ധുക്കൾ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നൽകുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും.

4. കുന്നംകുളം ചൊവ്വന്നൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർ മരിച്ചു. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. 

5. ഒമ്പത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 30 ന് നടക്കും. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ 31 ന് രാവിലെ 10 മണിക്ക് നടത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 

6. ദി കേരള സ്‌റ്റോറി സിനിമയ്ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേരള ഹൈക്കോടതി സമാനമായ ഹര്‍ജി പരിഗണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു. ഹര്‍ജിക്കാര്‍ സമീപിച്ചാല്‍ ഉടന്‍ കേസ് കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

7. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി മേയ് എട്ട് ഓടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. മോച്ച ചുഴലിക്കാറ്റ് എന്ന് പേര് നൽകിയിരിക്കുന്ന ഇത് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ്. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ സാഹചര്യം കനത്തതാക്കാനുള്ള സാധ്യതയാണുള്ളത്. 

8. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസി‍ഡന്റ് പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം. ഗുസ്തി താരങ്ങളുടെ സമരം 11ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഉഷയുടെ സന്ദര്‍ശനം. അതിനിടെ, സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ വിമുക്ത ഭടന്‍ ഉഷയുടെ വാഹനം തടയുകയായിരുന്നു. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി മാറ്റുകയായിരുന്നു. 

9. സെര്‍ബിയന്‍ നഗരമായ ബെല്‍ഗ്രേഡിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടു. വ്ലാഡിസ്‍ലാവ് റിബനിക സ്കൂളിലാണ് വെടിവയ്പുണ്ടായത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 കാരനാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

10. കെനിയയില്‍ പാസ്റ്ററുടെ ഉപദേശം അനുസരിച്ച് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളുമുണ്ടെന്ന് റിപ്പോര്‍ട്ട്. ചില കുട്ടികളെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കാണാതായ കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പാസ്റ്റർ പോൾ മക്കൻസി എന്നയാളുടെ ആഹ്വാനപ്രകാരം വനമേഖലയിൽ ദിവസങ്ങളായി പട്ടിണി കിടന്നവരാണ് മരിച്ചത്. പാസ്റ്ററെയും 14 അനുയായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.