1. സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം നാളെ യെല്ലോ മുന്നറിയിപ്പുണ്ട്.
2. പുതിയ പാർലമെന്റിന്റെ അധ്യക്ഷപീഠത്തിൽ പ്രതിഷ്ഠിക്കേണ്ടത് ചെങ്കോലല്ല മറിച്ച് വീ ദി പീപ്പിള്‍ എന്നു തുടങ്ങുന്ന ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണെന്ന് മന്ത്രി എം ബി രാജേഷ്. രാഷ്ട്രപതിക്ക് പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിലോ ഇപ്പോൾ ഉദ്ഘാടനത്തിലോ ഇടമേയില്ല. രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും ഉദ്ഘാടന ചടങ്ങിൽ സ്ഥാനമില്ല. നരേന്ദ്രമോദി മാത്രം. സർവ്വം മോദിമയം. രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന, പഴയ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണിപ്പോൾ — എം ബി രാജേഷ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
3. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തെ ഇല്ലാത്ത് കടവിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുമ്പഴ ആദിച്ചനോലിൽ രാജു — ശോഭ ദമ്പദികളുടെ മകൻ അഭിരാജ് (16), കുമ്പഴ ആദിച്ചനോലിൽ അജിത് ഷീജ ദമ്പദികളുടെ മകൻ ഋഷി എന്ന് വിളിക്കുന്ന അഭിലാഷ് (17) എന്നിവർ ആണ് മുങ്ങി മരിച്ചത്.
4. കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും.
5. ബ്രിജ് ഭൂഷൺ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ചാടിക്കടന്ന ഗുസ്തി താരങ്ങളെ പൊലീസ് തടഞ്ഞു. വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാർച്ച് നയിച്ചത്. സാക്ഷിമാലിക്കിനെയും വിനേഷ് ഫോഗട്ടിനേയും അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് കയ്യേറ്റം ചെയ്യുകയും സമരപന്തൽ പൊലീസ് പൊളിച്ചുകളയുകയും ചെയ്തു. ജന്തര്‍ മന്ദറില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
6. നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർക്ക് ഒടുവിൽ മോചനം. നൈജീരിയൻ നാവികസേന ശനിയാഴ്‌ച കപ്പലിൽ നിന്ന് പിൻവാങ്ങി. കപ്പൽ ഞായർ പുലർച്ചയോടെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗൺ തുറമുഖത്തേയ്‌ക്ക് പുറപ്പെട്ടു. തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വീടുകളിൽ മടങ്ങിയെത്തും.
7. വംശീയ സംഘര്‍ഷം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ നടത്തിയ വെടിവെപ്പിനിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇംഫാലിനു സമീപം സുഗുനുവില്‍ തേക്കേന്തിയ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ വെടിവെപ്പില്‍ മുന്നു പേരും, ഫായങ് മേഖലയില്‍ ഒരാളും കൊല്ലപ്പെട്ടതായി ദി ഫ്രേണ്ടിയര്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനകളും കലാപകാരികളും പലയിടത്തും ഏറ്റുമുട്ടല്‍ നടന്നതായും അക്രമത്തില്‍ പരിക്കേറ്റവരെ ചുരചന്ദ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
8. മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ കിരീടം നേടി മലയാളി താരം എച്ച് എസ് പ്രണോയ്. ഒന്നരമണിക്കൂര്‍ നീണ്ട ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ തോല്‍പിച്ചാണ് ഈ ചരിത്ര നേട്ടം. പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് കയറിയ പ്രണോയ് 21–19 എന്ന സ്കോറില്‍ ആദ്യഗെയിം വിജയിച്ചു.
9. ഉക്രെയ‍്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം. പെട്രോള്‍ സ്റ്റേഷന് സമീപം നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷിങ്കോ പറഞ്ഞു. 54 കാമികേസ് ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. അതില്‍ 52 എണ്ണം വെടിവച്ചിട്ടതായി ഉക്രെയ‍്‍ന്‍ വ്യോമസേന അറിയിച്ചു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് കീവിലെ രണ്ട് കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായി.
10. സുഡാനില്‍ വെടിനിര്‍ത്തല്‍ നീട്ടണമെന്ന് സെെനിക- അര്‍ധസെെനിക വിഭാഗങ്ങളോട് യുഎസും സൗദിയും. ഇരു രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ ധാരണയായ ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഉടമ്പടി നീട്ടമെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. വെടിനിര്‍ത്തല്‍ അപൂര്‍ണമാണെങ്കിലും കരാറിന്റെ വിപുലീകരണം സുഡാനീസ് ജനതയ്ക്ക് അടിയന്തിരമായി ആവശ്യമായ മാനുഷിക സഹായം എത്തിക്കാൻ സഹായിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.