വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസും; പത്ത് വാര്‍ത്തകള്‍, ഒറ്റനോട്ടത്തില്‍
Janayugom Webdesk
തിരുവനന്തപുരം
June 24, 2023 8:24 pm
നിഖിൽ എം തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ എസ് എഫ് ഐ കായംകുളം ഏരിയ കമ്മറ്റിയുടെ മുൻ പ്രസിഡന്റ് അബിൻ സി രാജിനെയും പ്രതി ചേർക്കാൻ പൊലീസ്. രണ്ടു ലക്ഷം രൂപ അബിന് നൽകി കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസി വഴിയാണ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നാണ് നിഖിൽ പൊലീസിന് മൊഴി നൽകിയത്. കലിംഗ സർവകലാശാലയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ച് നിഖിലിനെ ഒരാഴ്ചത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വ്യാജരേഖ കേസിൽ കെ വിദ്യക്ക് ജാമ്യം. പാലക്കാട് മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാദികളോടെയാണ് ജാമ്യം. 50,000 രൂപയുടെ രണ്ടാൾ ജാമ്യമാണ് അനുവദിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാസ്പോർട്ട് ഹാജരാക്കണം. കേരളം വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്. . ഒന്നിട വിട്ടുള്ള ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നതടക്കമുള്ള കർശന ഉപാദികളോടെയാണ് ജാമ്യം.
സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ആധികാരികരേഖയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭിന്നശേഷി അവകാശനിയമ പ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യുഡിഐഡി കാർഡ് ആധികാരിക രേഖയാക്കി ഉത്തരവായത്. കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവർക്ക് ആനുകൂല്യങ്ങൾക്ക് നിലവിലെ ഉത്തരവുകൾ പ്രകാരമുള്ള രേഖകൾ മതിയെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചു. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാർഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലാണ് പൊലീസിന്റെ അപേക്ഷ തള്ളിയത്. കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിലാണ്പ്രതികളായ ഷിബിലി, ഫര്‍ഹാന , ആഷിഖ് എന്നിവര്‍ക്കായുള്ള കസ്റ്റഡി അപക്ഷ തള്ളിയത്.
ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ അക്രമങ്ങള്‍ തുടരുന്നു. മുർഷിബാബാദ് ജില്ലയിലെ ഒരു മാമ്പഴത്തോട്ടത്തിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. മുർഷിദാബാദിലെ റാണിനഗറിലാണ് സംഭവം. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ അലിം ഷെയ്ഖിനെ (26) പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു മൂന്നു പേരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
വ്യാജ കനേഡിയൻ കോളജ് അഡ്മിഷൻ ലെറ്റർ അഴിമതിയിൽ ഉൾപ്പെട്ട ഇന്ത്യൻ ഇമിഗ്രേഷൻ ഏജന്റ് കാനഡയിൽ അറസ്റ്റിൽ. ബോർഡർ സർവീസസ് ഏജൻസിയാണ് ബ്രിജേഷ് മിശ്രയെന്നയാളെ അറസ്റ്റ് ചെയ്തത്. കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിശ്രയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
റഷ്യയില്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ സായുധ കലാപം. ഇന്നലെ രാവിലെയോടെ ഉക്രെയ്ൻ ‑റഷ്യ അതിർത്തിയില്‍ ഡോണ്‍ നദീതീര നഗരമായ റോസ്തോവ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷിൻ പ്രഖ്യാപിച്ചു. ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിക്ക് നേതൃത്വം വഹിക്കുന്ന റോസ്തോവ് വ്യോമത്താവളം പൂർണമായും വാഗ്നര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 25,000ത്തിലേറെ വാഗ്നർ അംഗങ്ങൾ മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നതായും പ്രിഗോഷിന്‍ പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.