21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
July 22, 2023 10:34 pm

1. മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്‍റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2 സംസ്ഥാനത്തെ സ്കൂളുകളിലെ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംസ്ഥാന ബാലാവകാശ കമ്മീഷന് വിദ്യാര്‍ത്ഥികൾ പരാതി നൽകിയ സാഹചര്യത്തില്‍ ആണ് പ്രത്യേക സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

3. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

4. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പറഞ്ഞു. ഫ്ലാറ്റ് ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പരാതി പിൻവലിക്കുന്നതായി വിനായകൻ പൊലീസിനെ അറിയിച്ചു.

5. റെയിൽവെ സ്റ്റേഷനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയ യാത്രക്കാരന് നേരെ റെയിൽവെ പൊലീസിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ സംഭവത്തിൽ റെയിൽവെ നഷ്ടപരിഹാരമായി ഒമ്പത് ശതമാനം പലിശ അടക്കം 8.2 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം പാളയം സ്വദേശി എം മനാഫിന് 2012 ജൂലൈ 6 ന് ആയിരുന്നു ആർപിഎഫ് കോൺസ്റ്റബിളിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റത്. ഇതുവരെ നഷ്ടപരിഹാരം നൽകാത്തതിൽ അന്ന് മുതലുള്ള പലിശ സഹിതം ചേർത്ത് നാല് മാസത്തിനകം പണം നൽകണമെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. 

6 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഇവർക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക ഉത്തരവ് നല്കിയതെന്ന് മന്ത്രി പറഞ്ഞു. 

7. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ നാലുപേർക്കെതിരെ കേസെടുത്തു .കമ്പനി എം ഡി പൂക്കോയ തങ്ങൾ, മാനേജർ ഹിഷാം, അഡ്വ. സി. ഷുക്കൂർ, സന്ദീപ് സതീഷ് എന്നിവർക്കെതിരെ കേസ്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പതിനൊന്നാം പ്രതി കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. 

8. ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് തിരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവര്‍ക്ക് ലഭിച്ച ഇളവുകളില്‍ ഇടപെടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിനേഷ്, പുനിയ എന്നിവരെ നേരിട്ട് ഏഷ്യൻ ഗെയിംസില്‍ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് അണ്ടര്‍-20 ലോകചാമ്പ്യൻ അമിത് പങ്കല്‍, അണ്ടര്‍ ‑23 ഏഷ്യൻ ചാമ്പ്യൻ സുജീത് കല്‍ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. 

9. രാജ്യത്തെ തക്കാളി വിലയില്‍ കുറവുണ്ടായേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തക്കാളിയുടെ വരവ് വര്‍ധിച്ചതിനാലാണ് വിലക്കുറവ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. മഴ, മറ്റ് പ്രശ്നങ്ങള്‍ എന്നിവ മൂലം രാജ്യത്ത് പല ഭാഗങ്ങളിലും തക്കാളിയുടെ വില കിലോയ്ക്ക് 200 മുതല്‍ 250 വരെയായി ഉയര്‍‍ന്നിരുന്നു. തക്കാളിയുടെ വരവ് വര്‍ധിച്ചതായും ഇത് തക്കാളി വില കുറയ്ക്കാൻ ഇടയാക്കിയേക്കുമെന്നും കേന്ദ്ര ഭക്ഷ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയില്‍ രേഖാമൂലം ലന്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 

10. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ നാവികസേനയുടെ മേധാവിയായി വനിതയെ നാമനിര്‍ദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബെെ‍‍‍‍‍ഡന്‍. അഡ്മിറൽ ലിസ ഫ്രാങ്കെറ്റിയാണ് യുഎസ് സെെന്യത്തിലെ ലിംഗഭേദം തകര്‍ക്കുന്ന നിര്‍ണായക ചുവടുവയ്പിലൂടെ നാവിക സേനയുടെ മേധാവിയാകുന്നത്. ലിസയുടെ 38 വർഷത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ വ്യക്‌തമാക്കി. യുഎസ് നാവിക സേനയിൽ ഫോർ സ്റ്റാര്‍ അഡ്‌മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ ഫ്രാങ്കെറ്റി.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.