1. ഇന്ത്യയിൽ ആദ്യമായി ടെക്‌നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല എന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
3. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീണ്ടും സമർപ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി പരിഗണിക്കുകയായിരുന്നു. അതേസമയം കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിക്കാൻ പാടില്ലെന്ന് എറണാകുളം പോക്സോ കോടതി. ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സമൂഹമാധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി.
4. ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്.
5. കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകര്‍ത്തി സമൂഹമാധ്യമത്തിലൂടെ വിറ്റ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ക്കെതിരെ എസ് സി/ എസ് ടി വകുപ്പ് ചുമത്തി. വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റെന്നാണ് കേസ്. അതേസമയം, കേസന്വേഷണം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറി. ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ പെണ്‍കുട്ടിയെ അടുപ്പം കാണിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു പ്രതി. വിഷ്ണുവിന്റെ ഭാര്യയുടെ അറിവോടെയായിരുന്നു പീഡനം.
6. തീർത്ഥാടകരെ മറയാക്കിയും നികുതി വെട്ടിച്ചുള്ള സ്വർണ്ണം മലേഷ്യ വഴി കേരളത്തിലേക്ക് കടത്താനുള്ള തന്ത്രവുമായി റാക്കറ്റ്. ദുബൈ വഴിയുള്ള യാത്രക്കാരുടെ പരിശോധന കർശനമാക്കിയതോടെ ഈ മാർഗത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് വർധിച്ചിരിക്കുകയാണ്. ഈ പുതുവഴി ആവിഷ്കരിച്ചിരിക്കുന്നതിനു പിന്നിൽ തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റാക്കറ്റാണെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കിട്ടിയിരിക്കുന്ന സൂചന.
7. കാസര്‍കോട് ബങ്കളത്ത് വെള്ളക്കെട്ടില്‍ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മടിക്കൈ ബങ്കളം കനിംകുണ്ടിലെ കളിമണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സെബാസ്റ്റ്യന്‍ – ദീപ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ സെബാസ്റ്റ്യനെ കാണാതായത്.
8. ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി 12:15 ഓടെയാണ് നിർണായക ഫയറിങ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് ചന്ദ്രനിലേക്കുള്ള യാത്രയ്ക്കു് ഇതോടെ തുടക്കമായി. അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിര്‍ണായക ഘട്ടം. അതുവരെ ഇനിയുള്ള ദിവസങ്ങളിൽ ചന്ദ്രന്റെയോ ഭൂമിയുടേയോ സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്‌ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക.
9. കാമറൂണില്‍ ആറു കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമമരുന്ന് ഉല്പാദന കമ്പനി റെയ്മാൻ ലാബ്സിനോട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഗുണനിലവാരം കുറഞ്ഞ മരുന്നുകളുടെ നിര്‍മ്മാണത്തിനെ തുടര്‍ന്ന് നടപടി നേരിടുന്ന നാലാമത്തെ ഇന്ത്യൻ കമ്പനിയാണ് ഇത്. വിദേശ രാജ്യങ്ങളില്‍ നിരവധി കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിര്‍മ്മിത ചുമമരുന്നുകള്‍ കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
10. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ കുറ്റങ്ങളിലില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.