1. വിവിധ വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിയെ കാണാന്‍ പുറപ്പെട്ട പാർലമെന്റ് അംഗങ്ങളെ തടവിലാക്കിയ നടപടിയിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സിപിഐ നേതാവ് പി സന്തോഷ് കുമാർ, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള നേതാക്കളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്ന ഡൽഹി പൊലീസ് തടവിലാക്കിയത് ദൗർഭാഗ്യകരമാണ്. ഇപ്പോഴത്തെ ഭയാനകമായ സാഹചര്യത്തില്‍ രാജ്യത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് എല്ലാ മതേതര, ജനാധിപത്യ ശക്തികളുടെയും ജനങ്ങളുടെയും കൂടുതൽ ശക്തമായ യോജിപ്പ് ആവശ്യപ്പെടുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
2. കേരള സർവകലാശാലയിലെ അധികാര തർക്കത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടി. സർവകലാശാലാ സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വിധി പറഞ്ഞത്. നിയമനാധികാരി വ്യക്തിപരമായ പ്രീതി അല്ല നിയമപരമായ പ്രീതിയാണ് നോക്കേണ്ടതെന്ന് കേസിന്റെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
3. പഴയിടം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. കോട്ടയം മണിമല ചൂരപ്പാടി അരുൺ ശശിയ്ക്കാണ് (39) കോട്ടയം അഡീഷണൽ സെഷൻസ് കോടതി (2) വധശിക്ഷ വിധിച്ചത്. പ്രതിയുടെ പിതൃ സഹോദരിയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 2013 ഓഗസ്റ്റ് 28‑നാണ് കോട്ടയം പഴയിടം തീമ്പനാൽ വീട്ടിൽ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മയെയും (68) ഭർത്താവ് റിട്ട. പൊതുമരാമത്ത് സൂപ്രണ്ട് ഭാസ്കരൻ നായരെയും (71) കവർച്ച ലക്ഷ്യമിട്ട് കൊലപ്പെടുത്തിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.
4. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) പ്രസിഡന്റും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസിന്റെ അഡീഷണല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എ എന്‍ രാജന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരത്തിന് ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ അര്‍ഹനായി. 2022 ജൂലൈ 15ന് ജനയുഗം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സ്വകാര്യവൽക്കരണ ലക്ഷ്യവുമായി വീണ്ടും വൈദ്യുതി നിയമ ഭേദഗതി’ എന്ന എഡിറ്റോറിയലാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ജെ ചിത്തരഞ്ജന്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
5. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി നിരക്കിന്റെ പ്രാബല്യം ജൂൺ 30 വരെ നീട്ടി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. കഴിഞ്ഞ ജൂണിൽ പ്രാബല്യത്തിൽ വന്ന നിരക്കിന്റെ കാലാവധി മാർച്ച് 31 വരെയായിരുന്നു. നിരക്ക് പരിഷ്‌കരിക്കാൻ റെഗുലേറ്ററി കമ്മിഷനെ വൈദ്യുതി ബോർഡ് സമീപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഹിയറിങ് നടപടികൾ ആരംഭിച്ചിട്ടില്ല.
6. ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടി വച്ചു പിടിക്കുന്ന ദൗത്യം 29-ാം തീയതി വരെ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ച സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതു സംബന്ധിച്ച് കോട്ടയം വനം സി സി എഫ് ഓഫീസിൽ ചേർന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആനയെ മയക്കുവെടി വച്ച് പിടികൂടുന്ന നടപടികൾ മാത്രമാണ് നിർത്തിവച്ചിട്ടുള്ളത്. രണ്ടു കുങ്കിയാനകൾ കൂടി ഇന്നെത്തും. മറ്റ് ക്രമീകരണങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
7. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്. സൂറത്ത് കോടതി ഉത്തരവു പുറപ്പെടുവിച്ചതു മുതല്‍ രാഹുലിന് അയോഗ്യത കല്‍പ്പിച്ച സെക്രട്ടറിയേറ്റ് വയനാട് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് റിപ്പോര്‍ട്ടു ചെയ്തു.2019ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോഡി വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന ഹര്‍ജിയില്‍ സൂറത്ത് വിചാരണ കോടതി രണ്ടു വര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം അസാധുവാക്കിയത്.
8. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍. ഇഡി, സിബിഐ കേസുകളില്‍ അറസ്റ്റിനും ജാമ്യത്തിനും സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാവിലെ കോടതി ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‍വി വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
9. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കബളിപ്പിച്ച കിരണ്‍ ഭായ് പട്ടേലിന്റെ ജാമ്യാപേക്ഷ ജമ്മു കശ്മീര്‍ കോടതി തള്ളി. അര്‍ഹതയില്ലാത്ത ജാമ്യാപേക്ഷയാണിതെന്ന് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജ മുഹമ്മദ് തസ്ലിം ഉത്തരവില്‍ പറഞ്ഞു. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. മാര്‍ച്ച് നാലിന് ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
10. ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ ആക്രമണം നടത്തി ഖലിസ്ഥാന്‍ അനുകൂലികള്‍. ഒന്റാറിയോ പ്രവിശ്യയിലെ ഹാമില്‍ട്ടണിലെ സിറ്റി ഹാളിന് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനിച്ചയാണ് ആറടി ഉയരമുള്ള പ്രതിമ. അക്രമത്തിനെതിരെ നടപടി എടുക്കുമെന്നും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മര്‍ലിന്‍ ഗുവ്രെമോണ്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.