22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍; ഒറ്റനോട്ടത്തില്‍

Janayugom Webdesk
September 3, 2023 8:15 pm

1. ആവേശഭരിതമായ കൊട്ടിക്കലാശത്തോടെ പുതുപ്പള്ളിയിൽ ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് കൊടിയിറങ്ങി. പാമ്പാടിയാണ് രാഷ്ട്രീയ പാർട്ടികൾ പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിന ആഘോഷത്തിനായി തെരഞ്ഞെടുത്തത്. ആറുമണിയോടെ കൊട്ടിക്കലാശം അവസാനിച്ചു. തിങ്കളാഴ്ചത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ച പുതുപ്പള്ളിയിൽ പോളിങ് നടത്തും. മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്നാണ് പുതുപ്പള്ളി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

2. കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ച മറ്റൊരു മാതൃകയാണ് ഹരിതകർമ്മ സേനയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരള മഹിളാസംഘം സംസ്ഥാനസമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച ഹരിതോത്സവം പ്രതിഭാ ആദരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് മറ്റെങ്ങും തന്നെ ഇത്തരമൊരു സംവിധാനം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. 

3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിന് 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. കരട് പട്ടിക എട്ടിനും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസംമാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. 2020ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപ്പട്ടിക പുതുക്കുന്നത്. 

4. എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗീകാതിക്രമ സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് . 2019 ൽ ഹൗസ് സർജൻസിക്കിടെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് ആരോഗ്യ വിഭാഗം വിജിലന്‍സ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടും വരും ദിവസം ആരോഗ്യമന്ത്രിക്ക് കൈമാറും.

5. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും.തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും , വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അലർട്ടുകളുള്ളത്. 

6. ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ 1ന്റെ ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയായി. ഭൂമിയോട് അടുത്ത ദൂരം 245 കിലോമീറ്ററും അകലെയുള്ള ദൂരം 22,459 കിലോമീറ്ററുമുള്ള രണ്ടാം ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ ഉയർത്തിയത്. ബംഗളൂരുവിലെ മിഷൻ ഓപറേഷൻസ് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ നിയന്ത്രിക്കുന്നത്. അടുത്ത ഘട്ടം ഉയർത്തൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നടക്കും. ഉപഗ്രഹത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 

7. പുതുതായി കണ്ടെത്തിയ ബിഎ.2.86 കോവിഡ് ഉപവകഭേദത്തിന് എക്സ്ബിബി, ഇജി വകഭേദത്തേക്കാള്‍ ശക്തി കുറവെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണ്‍ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ചുണ്ടായതാണ് ബിഎ.2.86 അഥവാ പിരോള, ഇതുവരെ നാല് ഭൂഖണ്ഡങ്ങളിലായി 29 കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ക്ക് പുറമെ മലിനജലത്തിലും ഈ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

8. മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷം നാലുമാസം പിന്നിട്ടിരിക്കെ ഇംഫാല്‍ കുക്കി വിമുക്ത മേഖലയാക്കി സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍. ഇംഫാലിലെ ന്യൂ ലാംബുലെൻ പ്രദേശത്തിനിന്നും അവസാനത്തെ 10 കുടുംബങ്ങളെ മണിപ്പൂര്‍ സര്‍ക്കാര്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ കുടിയൊഴിപ്പിച്ചു. നേരത്തെ ഇവിടെ 300 ഓളം കുക്കി കുടുംബങ്ങള്‍ താമസിച്ചിരുന്നു. പത്ത് കുടുംബങ്ങളില്‍ നിന്നായി 24 പേരെയാണ് സര്‍ക്കാര്‍ രാത്രിയില്‍ കുക്കി മലയോര മേഖലയിലേക്ക് മാറ്റിയത്. എന്നാല്‍ തങ്ങളുടെ വീടുകളില്‍ നിന്ന് ബലമായി പുറത്താക്കുകയായിരുന്നുവെന്ന് കുക്കി കുടുംബങ്ങള്‍ ആരോപിച്ചു. 

9. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ പ​ങ്കെടുക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജി20 സമ്മേളനത്തിൽ ചൈനീസ് സംഘത്തെ പ്രീമിയർ ലി ക്വിയാങ്ങായിരിക്കും നയിക്കുക. ഇതാദ്യമായാണ് ഷി ജിങ്പിങ് ജി20 യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. ഒമ്പത്,പത്ത് തീയതികളിലാണ് ഡൽഹിയിൽ ജി20 സമ്മേളനം നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സമ്മേളനത്തിൽ പ​ങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.

10. നൊബേൽ സമ്മാനദാന ചടങ്ങുകളിൽ റഷ്യ, ബെലാറസ്, ഇറാൻ എന്നീ രാജ്യങ്ങൾക്കുള്ള ക്ഷണം നൊബേൽ ഫൗണ്ടേഷൻ പിന്‍വലിച്ചു. ഈ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ക്ഷണം നൽകിയതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രഖ്യാപനം. ഉക്രെയ്നിൽ റഷ്യ നടത്തി വരുന്ന അധിനിവേശത്തെ തുടര്‍ന്ന് കഴിഞ്ഞ കൊല്ലവും നൊബേൽ സമ്മാനദാന ചടങ്ങുകളിൽ നിന്നും റഷ്യയെയും ബെലാറുസിനെയും വിലക്കിയിരുന്നു. ഭരണകൂടം നടത്തിവരുന്ന മനുഷ്യത്വവിരുദ്ധമായ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി ഇറാനെയും ചടങ്ങിൽ നിന്നും ഒഴിവാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.