23 December 2024, Monday
KSFE Galaxy Chits Banner 2

വാക്കുകള്‍ക്ക് വാനരവസൂരിക്കാലം

Janayugom Webdesk
July 18, 2022 5:15 am

പണ്ട് നമ്മുടെ പ്രിയകവി വയലാര്‍ പാടി; ഉത്തരായനക്കിളി ചോദിച്ചു ഭൂമിയില്‍ സത്യത്തിനെത്ര വയസായി, അസ്ഥിത്തിരകള്‍ക്കതിനുത്തരമില്ലായിരുന്നു…’ സത്യം വദ, ധര്‍മ്മം ചരഃ എന്ന ഇതിഹാസ വാക്യത്തിനൊപ്പം പ്രായമുണ്ട് സത്യത്തിന്. അസത്യത്തിനോ? സത്യവും അസത്യവും സമപ്രായക്കാര്‍. പക്ഷെ സത്യം പറയുന്നതിനും ചില മാനദണ്ഡങ്ങള്‍ വേണമെന്നാണ് മനുസ്മൃതിയുടെ നാലാം അധ്യായത്തില്‍ നൂറ്റിമുപ്പത്തെട്ടാം ശ്ലോകത്തില്‍ പറയുന്നത്. ‘സത്യം ബ്രുയാത്പ്രിയം, നസ്രുയാത് സത്യമപ്രിയം’ എന്ന്. സത്യം പറഞ്ഞാല്‍ അതു കേള്‍ക്കുന്നവര്‍ക്കു പ്രിയമുള്ളതാകണം. അപ്രിയസത്യം പറയാതെ സോപ്പിട്ടു സുഖിപ്പിക്കുന്ന സത്യം മാത്രമെ പറയാവൂ എന്നു സാരം. അതുകൊണ്ടാകാം അതേ മനുമഹര്‍ഷി തന്നെ ‘സ്വര്‍ണപ്പാത്രംകൊണ്ടു മൂടിയിരിക്കുന്നു‘വെന്ന് വയലാറിനെക്കൊണ്ട് പാടിച്ചതും; ‘ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം’ എന്ന്. അത് മനുസ്മൃതിയുടെ കാലം. ‘കാലചക്രം പിന്നെയുമുരുണ്ടു, വിഷു വന്നു വസന്തം വന്നു.’ സത്യവും അസത്യവും മുഖാമുഖം നോക്കിനിന്നു, പോരടിക്കുന്ന കാലം വന്നു.
എന്നാല്‍ മോഡി യുഗത്തില്‍ മനുവിന് വീണ്ടും പുനര്‍ജനി. ഇപ്പോള്‍ മനു ഒരു ന്യൂജന്‍ അവതാരം. അപ്രിയസത്യങ്ങള്‍ പറഞ്ഞാല്‍ തട്ടി അകത്താക്കുമെന്ന് കെെക്കോടാലി വീശി ആക്രോശിക്കുന്ന മോഡി മനുവപ്പൂപ്പന്‍. ഈ മഹാമാരിക്കാലത്ത് ചില നിരോധനങ്ങള്‍ വരുന്നു. കേരളം എന്തുകൊണ്ടും അടിപൊളിയല്ലെ. ഇന്ത്യയില്‍ കോവിഡ് ആദ്യമായി വന്നത് കേരളത്തില്‍. ഇതാ വാനരവസൂരിയിലൂടെ പിന്നെയും നാം വിജയപീഠത്തില്‍. വാനരവസൂരിക്കെതിരായി ആരോഗ്യവിദഗ്ധര്‍ ചില നിരോധനങ്ങള്‍ ഏര്‍പ്പെടുത്തി. വവ്വാലിനെ പിടിച്ച് ഉമ്മവയ്ക്കരുത്, അണ്ണാനെ കെട്ടിപ്പിടിക്കരുത്, ആടുമാടുകളെ നോക്കരുത് എന്നിത്യാദി നിരോധനങ്ങള്‍. ഇതുവല്ലതും നടക്കുന്നതാണോ. അതുപോലെ ചില നിരോധനങ്ങളുമായി മോഡി മഹര്‍ഷി ആഗതനായിരിക്കുന്നു. പാര്‍ലമെന്റില്‍ ഉപയോഗിക്കുന്ന 65 പദങ്ങള്‍ക്കാണ് വിലക്ക്. ന ബ്രൂയാത്‌സത്യമപ്രിയം എന്ന മനു വിലക്കുപോലെ. തനിക്ക് അപ്രിയമായ ഒരൊറ്റ വാക്കുപോലും ലോക്‌സഭയിലും രാജ്യസഭയിലും മിണ്ടരുത്. പാര്‍ലമെന്ററി ഭാഷയില്‍ നിന്നും അഴിമതി എന്ന വാക്കിനെപ്പോലും തുടച്ചുനീക്കി കുട്ടപ്പനാക്കി പുതിയ പദാവലിയുണ്ടാക്കിയ പുതിയ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയായി മാറിയിരിക്കുന്നു നമ്മുടെ സ്വന്തം മോഡി.


ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല


കാപട്യമാണ് പാര്‍ലമെന്റില്‍ നിരോധിച്ച ഒരു വാക്ക്. “കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്റെ പരാജയം’ എന്ന ചങ്ങമ്പുഴ കവിത സഭയില്‍ ചൊല്ലിയാല്‍ പിടിച്ച് അകത്തിട്ട് ഗോതമ്പുണ്ട തീറ്റിക്കും. മോഡിയെ അഴിമതിക്കാരന്‍ എന്നു വിളിക്കരുത്. പകരം മോഡിക്ക് അഴിമതി എന്ന ഒറ്റവാക്കിനെ രണ്ടായി പകുത്തു ചൊല്ലാം. ഇതെല്ലാം മോഡിയുടെ നാടകമെന്നു പറയരുത്. പകരം സിനിമയെന്നാകാം. ഖലിസ്ഥാന്‍ ഭീകരരെ ഇനി പാകിസ്ഥാന്‍ ഭീകരരെന്നു മാറ്റിവിളിക്കാം. ചതിച്ചു എന്നു പറയരുത്. മോഡി രാജ്യത്തെ രക്ഷിച്ചുവെന്നു പറഞ്ഞില്ലെങ്കില്‍ ഊണ് അകത്ത്. മോഡിയെ മന്ദബുദ്ധിയെന്നു വിളിച്ചാല്‍ കളിമാറും. മണ്ടുഗുണോദരന്‍ എന്നു വിളിച്ചോ. ചൗക്കിദാര്‍ കള്ളനാണെന്നു പറയരുത്. ചൗക്കിദാര്‍ ദാനശീലനെന്നേ പറയാവൂ. രക്തച്ചൊരിച്ചിലും പാര്‍ലമെന്റില്‍ നിഷിദ്ധം, പകരം മലമൂത്ര വിസര്‍ജനമാകാം. ചാരവൃത്തി നടത്തുന്നയാളാണ് മോഡി എന്നു പറഞ്ഞാല്‍ കഴുത്തിന് കത്രികപ്പൂട്ടിടും. പകരം ക്ഷുരകവൃത്തിയെന്നു പറഞ്ഞോളൂ. ആകെയൊന്നു നോക്കിയാല്‍ നമുക്കൊരു തെമ്മാടി നിഘണ്ഡുതന്നെ സമ്മാനിച്ച് രാജ്യത്തോട് കുനിഞ്ഞ് അനുഗ്രഹം ചൊരിയുന്ന മോഡിയെ കത്തുന്ന നിലവിളക്കെന്നു വിളിച്ചാലെന്താ, അണയും മുമ്പ് ആളിക്കത്തുന്ന തിരിനാളമെന്ന്.
ഒരു സുഹൃത്ത് ഇന്നലെ ഒരു പഴമ്പുരാണം പറഞ്ഞു. ഒരു നല്ല കാലത്തിന്റെ കഥ. ഏകദേശം 95 വര്‍ഷം മുമ്പ് മലയാളക്കരയിലെ പ്രശസ്തമായ മാര്‍ക്കറ്റ് ആയിരുന്നു കോട്ടയം ചന്ത. ഒരു ചാക്ക് അരിക്ക് അന്നു വില അഞ്ചര രൂപ. നൂറു തേങ്ങയ്ക്ക് രണ്ടേകാല്‍ രൂപ. നൂറു കോഴിമുട്ടയ്ക്ക് 94 പെെസ. നൂറു മത്തിക്ക് ആറ് പെെസ. നൂറ് അയിലയ്ക്ക് 25 പെെസ. ഒരു കിലോ ആട്ടിറച്ചിക്ക് 30 പെെസ (ഇപ്പോള്‍ വില ആയിരം രൂപയോളം). ഒരു കുപ്പി കള്ളിന് ആറ് പെെസ. ഒരു കിലോ ബീഫിന് 24 പെെസ. നൂറ് ഏത്തവാഴപ്പഴത്തിന് 63 പെെസ. ഒരു കിലോ പച്ചമുളകിന് മൂന്ന് പെെസ, ഒരു ചാക്ക് സിമന്റ് മൂന്ന് രൂപ, ചായയ്ക്കും കാപ്പിക്കും വെറും രണ്ട് പെെസ. നൂറു ബീഡിക്ക് 12 പെെസ, 10 സിഗററ്റിന് 16 പെെസ, ആയിരം മേച്ചില്‍ ഓടിന് 30 രൂപ. അങ്ങനെയങ്ങനെ നീളുന്ന വിലവിവരപ്പട്ടിക. ഇന്നുമുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിപ്പിക്കാന്‍ കേന്ദ്രം കനിവ് കാട്ടിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ചങ്ങാതി പഴയ കണക്കുകള്‍ നിരത്തിയത്. തെെരിനും മോരിനും ഇന്നുമുതല്‍ രണ്ട് രൂപ വര്‍ധിക്കും. അരി, അരിപ്പൊടി എന്നിവയ്ക്ക് കിലോയ്ക്ക് 10 രൂപ വരെ ഉയരും. പപ്പടത്തിന്റെ വില ഇരട്ടിയാകും. ഇന്ത്യന്‍ ദേശീയ പതാക ചെെനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനിടെ ഇന്ത്യയുടെ ഭൂപടത്തിനുപോലും 12 ശതമാനം നികുതി വര്‍ധന. പേനയ്ക്കും മഷിക്കും തീവിലയാകും. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം’ എന്ന കവിത നടപ്പാക്കാന്‍ നമുക്ക് ഒരു മോഡി വേണ്ടിവന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം.


ഇതുകൂടി വായിക്കൂ: ജനാധിപത്യം ധ്വംസിക്കപ്പെടുന്ന പാര്‍ലമെന്റ്


ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നവരസങ്ങള്‍പോലും സംഘികള്‍ തിരുത്തിയെഴുതുന്ന കാലം. ശ്രീരാമന്റെയും ഹനുമാന്റെയും ശാന്തവും സാത്വികവുമായ ഭാവങ്ങള്‍പോലും രൗദ്രത്തിലേക്കും ബീഭത്സത്തിലേക്കും വഴിമാറുന്ന പ്രതിമകളും നാടെങ്ങും ഉയര്‍ത്തി അര്‍മാദിക്കുന്ന സംഘികള്‍. ലക്ഷ്മണന് വേദാന്തം ഉപദേശിക്കുന്ന ശ്രീരാമചിത്രങ്ങള്‍ക്കു പകരം ആക്രോശിച്ച് വില്ലു കുലയ്ക്കുന്ന വന്യമായ പ്രതിമകള്‍. സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെയും നരേന്ദ്ര ധാബോല്‍ക്കറെയും ഗൗരിലങ്കേഷിനെയും ഖല്‍ബുര്‍ഗിയെയും അരുംകൊല ചെയ്ത ഹിന്ദു ഭീകരരുടെ അതേ ഭീകരത ജ്വലിക്കുന്ന അശോകസ്തംഭം പാര്‍ലമെന്റ് വളപ്പില്‍ അനാവരണം ചെയ്ത് ബലേഭേഷ് വിളിക്കുന്ന മോഡി. സിംഹപ്രഭാവം മനുഷ്യന്റെ ആത്മശക്തിയുടെ പ്രതീകമെന്നാണ് പറയാറ്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ സാത്വികഭാവം മോഡിയുടെ അശോകസ്തംഭത്തില്‍ വായിളിച്ച് രൗദ്രവും ബീഭത്സവുമാക്കിയതിനു പിന്നിലെ സംഘി അജണ്ട രാജ്യത്തിന്റെ മുഖത്തിന് ഇനി ഭീകരഭാവം മതി എന്നു മോഡി ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാവുന്നു.
നാം കാണാതെ വളരുന്ന ഒരു പുതുതലമുറയിലെ അംഗസംഖ്യ അനുദിനം വര്‍ധിച്ചുവരുന്നത് ഒരു ദുരന്തമായി മാറുന്നുവെന്ന കാര്യം നാം കാണാതെ പോകരുത്. മയക്കുമരുന്നിനടിമയായ ഒരു പന്ത്രണ്ട് വയസുകാരന്‍ മരുന്നടിക്കാന്‍ കാശു നല്കാത്തതിന് മാതാപിതാക്കളെ മര്‍ദ്ദിച്ച കാര്യം കഴിഞ്ഞ ദിവസങ്ങളിലായി തരംഗമായ ഒരു വീഡിയോ ആണ്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ തെരുവുയുദ്ധം മറ്റൊരു വാര്‍ത്ത. രണ്ടു മക്കളുള്ള യുവതി 15കാരനുമായി ഒളിച്ചോടിയെന്ന വേറൊരു വാര്‍ത്ത. 15 കാരിയെ വിവാഹം കഴിച്ചുകൊടുക്കാത്തതിന് വെെദ്യുതിടവറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരന്‍, സഹോദരിയെ പ്രണയിച്ചു ഗര്‍ഭിണിയാക്കിയ പതിനാറുകാരന്‍ അറസ്റ്റില്‍ അനുദിനം തുടര്‍ക്കഥയാകുന്ന ഈ വാര്‍ത്തകള്‍ വായിച്ചിട്ടും ഞെട്ടാത്ത നമുക്ക് രാഷ്ട്രീയത്തിലെ മസാലക്കഥകള്‍ ഇഷ്ടവിഭവമാകുന്ന ദുരന്തകാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.