23 December 2024, Monday
KSFE Galaxy Chits Banner 2

കൂടുതൽ ശ്രദ്ധിക്കണം സ്കൂൾ ശാസ്ത്രമേളയെയും

Janayugom Webdesk
November 20, 2024 5:00 am

കൗമാരകലയെ പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ കലാമേളയും കായികാഭിരുചിയെ ഉത്തേജിപ്പിക്കുന്നതിന് കായികമേളയും വിപുലമായി സംഘടിപ്പിക്കാറുണ്ട്. അതിന് സമാനമായി കുട്ടികളിലെ ശാസ്ത്രബോധത്തെ ഊതിക്കാച്ചുന്നതിനുള്ളതാണ് സംസ്ഥാന സ്കൂൾ ശാസ്ത്രമേള. ഗണിത, സാമൂഹ്യശാസ്ത്രങ്ങൾ, പ്രവൃത്തിപരിചയം, സ്പെഷ്യൽ സ്കൂൾ മേള, ഐടി മേള, വൊക്കേഷണൽ എക്സ്പോ, കരിയർ എക്സ്പോ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഒരു കുടക്കീഴിലാണിത് സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ സ്കൂൾ ശാസ്ത്രമേള കിഴക്കിന്റെ വെനീസെന്ന് പുകഴ്‌പെറ്റ ആലപ്പുഴയിലാണ് നടന്നത്. നവംബർ 15ന് ആരംഭിച്ച ശാസ്ത്രോത്സവം 18ന് സമാപിച്ചു. നഗരത്തിലെ അഞ്ച് സ്കൂളുകളിലായി നടന്ന മേളയിൽ എല്ലാ ജില്ലകളിൽ നിന്നുമായി 180 ഇനങ്ങളില്‍ 5,000ത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പങ്കാളിത്തവും വൈപുല്യവും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെയും മേള. കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളായിരുന്നു പ്രധാന ആകർഷണം. ഇത്തവണയും നിരവധി പുതിയ ആശയങ്ങളും ഉപകരണങ്ങളും കുഞ്ഞുശാസ്ത്രജ്ഞരുടേതായി മേളയിലെത്തി. ശേഖരണം, ചാർട്ടുകൾ തയ്യാറാക്കൽ, ലഘുപരീക്ഷണ കണ്ടുപിടിത്തങ്ങൾ, അന്വേഷണാത്മക പ്രോജക്ടുകൾ, നിശ്ചലമാതൃക, പ്രവർത്തനമാതൃക, തല്‍ക്ഷണ പരീക്ഷണം, ടാലന്റ് സെർച്ച് പരീക്ഷ, ശാസ്ത്ര ക്വിസ്, ശാസ്ത്ര പ്രസംഗം തുടങ്ങി വിവിധ ഇനങ്ങളിലെ മത്സരങ്ങൾ വിദ്യാർത്ഥികളുടെ വിജ്ഞാനവും അഭിരുചികളും അതിനൊപ്പം അധ്വാനവും ഒരുപോലെ പരീക്ഷിക്കപ്പെട്ടതായി. ശാസ്ത്രസംവാദം, കരിയർ സെമിനാർ തുടങ്ങിയവയും സംഘടിപ്പിക്കപ്പെട്ടു. തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സാമർത്ഥ്യം തെളിയിക്കുന്നതിനും പുതിയ ജോലികൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന ഇനങ്ങൾ വൊക്കേഷണൽ എക്സ്പോയിലും ഉൾപ്പെട്ടിരുന്നു. കുട്ടികൾക്ക് തങ്ങളുടെ കണ്ടുപിടിത്തങ്ങളും പ്രവർത്തനങ്ങളും വിപണനം ചെയ്യാനുള്ള അവസരവും ഈ മേളകളിലൂടെ ലഭിക്കുന്നു.

വലിയ ശാസ്ത്രചിന്തകളും അതോടൊപ്പം പ്രായോഗികതയും ഒരുപോലെ സമന്വയിപ്പിച്ചുള്ള നിരവധി വസ്തുക്കളും കണ്ടുപിടിത്തങ്ങളും കു­ഞ്ഞുമനസിൽ ഉടലെടുത്തത് ആലപ്പുഴയിൽ കാണാനായി. ഇന്ധനച്ചെലവ് കുറഞ്ഞ റോക്കറ്റ്, മാലിന്യം നീക്കുന്ന റോബോട്ട്, ന്യൂജെൻ റേഷ­ൻകടകൾ, വന്യമൃഗങ്ങളെ തുരത്താൻ ഇ — കൊമ്പൻ, പ്രളയ — ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ, ടീ ടേബിൾ, ഊ­ഞ്ഞാൽ, പൊടിതട്ടി, ചൂൽ, പാളത്തൊപ്പി, ഐ­സ്ക്രീം സ്റ്റിക്ക് ഉപയോഗിച്ച് പെൻസിൽ, ഡിസ്പോസിബിൾ ഗ്ലാസിന്റെ പൂവ്, തുണിയുടെ ചവിട്ടി, അബാക്കസ്, വാഴയിലപ്പൂവ്, ടയർ, ബിസ്കറ്റ് ടിൻ, ഫ്രൂട്ടി കുപ്പികൾ, പഴയ ബൾബ്, ഫാനിന്റെ മൂടി തുടങ്ങിയ പാഴ്‌വസ്തുക്കളിൽ നിന്ന് മേശ, തലയിണ, ചവിട്ടി, അടുക്കള സാമഗ്രികൾ, പഠനോപകരണങ്ങൾ, പൂ­പ്പാത്രം, കിച്ചൺറാക്ക്… അങ്ങനെയങ്ങനെ നിരവധി കൗതുകകരവും അതേസമയം പ്രതിഭ വിരിഞ്ഞതുമായ കാഴ്ചകളും ആലപ്പുഴയുടെ അനുഭവമായി. കണക്കിന്റെ കാണാപ്പുറങ്ങൾ കാട്ടിത്തന്ന ഗണിതോത്സവവും വേറിട്ടുനിന്നു. ജ്യാമിതീയ രൂപങ്ങൾ, പൈഥഗോറസ് സിദ്ധാന്തം മുതൽ ത്രികോണത്തിന്റെ വിവിധ രൂപങ്ങൾ വരെ കുട്ടികൾ കണക്കിലും അഗ്രഗണ്യരാണെന്ന് വ്യക്തമാക്കുന്ന നിർമ്മിതികൾ ഗണിത ശാസ്ത്രമേളയിലുണ്ടായി. ചതുരം, സമചതുരം, വൃത്തം എന്നിവ സമന്വയിപ്പിച്ചുണ്ടാക്കിയ നിർമ്മിതികളും ആകർഷകമായി. അങ്ങനെ കുട്ടികളുടെ ശാസ്ത്ര, ഗണിത ബോധ്യങ്ങളെയും തൊഴിൽ നൈപുണിയെയും പ്രകടിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെയും ശാസ്ത്രമേള. അതോടൊപ്പം പൊലിമയേകാൻ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. അവയും കാഴ്ചക്കാർക്ക് ഹൃദ്യമായ വിരുന്നൊരുക്കി.

മനുഷ്യരുടെ യുക്തിചിന്തയെയും ശാസ്ത്രബോധത്തെയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് പകരപ്പെടുത്താൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നൊരു കാലമാണ് നമ്മുടേത്. പുരാണങ്ങളിലും കെട്ടുകഥകളിലും വായിച്ചിരുന്നതിനെ ശാസ്ത്രത്തിനും ഗണിതത്തിനും പകരംവയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പ്ലാസ്റ്റിക് സർജറിയുടെയും വിമാനങ്ങൾ ഉൾപ്പെടെയുള്ള കണ്ടുപിടിത്തങ്ങളുടെയും പൈതൃകം അത്തരം വിശ്വാസങ്ങൾക്ക് ചാർത്തിനൽകാനുള്ള ശ്രമങ്ങളും ഊർജിതമാണ്. ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയാണ് അത്തരം ചിന്തകളെ നാം പ്രതിരോധിച്ചിരുന്നത്. ഈയൊരു പശ്ചാത്തലത്തിൽ പ്രതിലോമകാരികൾ പടർത്താൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ചിന്തകളെ പ്രതിരോധിക്കാൻ ശാസ്ത്രീയാവബോധമുള്ള തലമുറയെ സൃഷ്ടിക്കുക എന്നത് സമൂഹത്തിന്റെ പുരോഗതിക്കും ശരിയായ സഞ്ചാരപഥം തിരഞ്ഞെടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ ശാസ്ത്രബോധവും ഗണിതപാഠവും കൂടുതലായി നൽകേണ്ടത് അനിവാര്യമായ ഘട്ടം കൂടിയാണിത്. അവിടെയാണ് ശാസ്ത്രമേളയുടെ പ്രാധാന്യം വർധിക്കുന്നത്. ശാസ്ത്രമേളയുടെ പ്രത്യേകത അത് മത്സരത്തിന്റേതുമാത്രമല്ല, വിജ്ഞാനവും ബുദ്ധിശക്തിയും സർഗാത്മകതയും നവീന ആശയങ്ങളും ഒരുപോലെ പരീക്ഷിക്കപ്പെടുന്നു എന്നതുമാണ്. അതുകൊണ്ട് കലാ, കായികമേളകളെ പോലെയോ അതിനെക്കാളേറെയോ പ്രാധാന്യം കിട്ടേണ്ടതാണ് ഇക്കാലത്ത് വിദ്യാർത്ഥികളുടെ ശാസ്ത്രമേള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.