ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി വീണ്ടെടുത്തു. പുലിക്കൂട്ടില്‍ വെച്ച പുലിക്കുഞ്ഞിലൊന്നിനെയാണ് ബുധനാഴ്ച പുലര്‍ച്ചയോടെ പാലക്കാട് അകത്തേത്തറ ഉമ്മിനിയില്‍ വനം വകുപ്പ് വെച്ച കൂട്ടിലെത്തി അമ്മപ്പുലി വീണ്ടുത്തത്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. പുലിയെ പിടികൂടാനാണ് പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ചിരുന്നത്. കൂടില്‍ കയറാതെ പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടി കടിച്ചാണ് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. ഇതേ തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനംവകുപ്പ് ഓഫീസിലേക്ക് മാകറ്റി.
ജനവാസ മേഖലയില്‍ പുലി നിരന്തരം വരുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടില്‍ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പുലി ഈ കുഞ്ഞിനെയും കൊണ്ടുപോയ്‌ക്കോട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
അകത്തേത്തറ ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ പുലിയും കുട്ടികളുമെന്ന വാര്‍ത്ത ഞായറാഴ്ച നട്ടുച്ചയ്ക്കാണ് പുറംലോകമറിഞ്ഞത്. ഉമ്മിനി-പപ്പാടി റോഡരികിലുള്ള, ഭാഗികമായി തകര്‍ന്ന വീട്ടിലെ മുറിക്കുള്ളില്‍നിന്ന് ജനിച്ച് ഒരാഴ്ചയോളം മാത്രമായ രണ്ട് പുലിക്കുട്ടികളെ കണ്ടെടുക്കുകയായിരുന്നു.
വീട്ടുടമ ജോലിസംബന്ധമായി ഗുജറാത്തിലായതിനാല്‍, 10 വര്‍ഷമായി വീട് പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് മേല്‍ക്കൂര തകര്‍ന്നിരുന്നു. വര്‍ഷങ്ങളായി വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നന്‍ എന്നയാളാണ് പുലിയെ കണ്ടത്. പറമ്പില്‍ പണിയെടുക്കുന്നതിനിടെ, വീടിനകത്തുനിന്ന് ശബ്ദംകേട്ടു. എത്തിനോക്കിയപ്പോള്‍, ഒരു പെണ്‍പുലി എഴുന്നേറ്റ് എതിര്‍ദിശയിലേക്ക് നടന്നുപോകുന്നതാണ് കണ്ടത്.
സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് അകത്തേക്ക് കടന്നപ്പോഴാണ് രണ്ട് പുലിക്കുട്ടികള്‍ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.
English Summary: Mother leopard recovered baby leopard
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.