10 September 2024, Tuesday
KSFE Galaxy Chits Banner 2

കുമ്പള‑മുള്ളേരിയ റോഡ് നവീകരണം ഇഴഞ്ഞുതന്നെ; എന്ന് പൂര്‍ത്തീകരിക്കാനാകും ഈ നിര്‍മ്മാണം?

Janayugom Webdesk
October 10, 2022 3:23 pm

പൊതുമരാമത്ത് വകുപ്പിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ എസ് ടി പിയുടെ മേല്‍നോട്ടത്തില്‍ കുമ്പള-ബദിയടുക്ക‑മുള്ളേരിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു. പലയിടത്തും കിളച്ചിട്ട റോഡിലൂടെയുള്ള യാത്ര നാടിന് ദുരിതമായി മാറുകയാണ്. കുമ്പള മുതല്‍ ബദിയടുക്ക വരെയുള്ള റോഡില്‍ കുറച്ചുഭാഗം ടാര്‍ ചെയ്തെങ്കിലും ഏറെ ഭാഗവും കിളച്ചിട്ട നിലയില്‍ തന്നെയാണ്. 2023 മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തിയാക്കായിരുന്നു കരാര്‍. എന്നാല്‍ ഈ രീതിയിലാണ് നിര്‍മ്മാണമെങ്കില്‍ ഇനിയും രണ്ടു വര്‍ഷംകൂടിവേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലയിടങ്ങളിലും പാര്‍ശ്വഭിത്തി, കലുങ്കുകള്‍, മഴലെള്ളം ഒഴുകിപോകുന്ന ഓടകള്‍ എന്നിവ പാതിവഴിയിലാണ്.
2021 ജനുവരിയിലായിരുന്നു തുടക്കം. ലോകബാങ്ക് സഹയാത്തോടെ 158.85 കോടി രൂപ ചെലവിലാണ് റോഡ് പണി നടക്കുന്നത്. 29.135 കിലോമീറ്റര്‍ റോഡ് കെ എസ് ടി പി മേല്‍നോട്ടത്തില്‍ നവീകരിക്കുന്നത്. സംസ്ഥാനത്തെ പ്രാധാന റോഡുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് രൂപം കൊടുത്ത റീബില്‍ഡ് കേരള പദ്ധതിയില്‍ പുനരുദ്ധരണം നടത്തുന്ന ഏഴ് റോഡുകളില്‍ പാക്കേജ് ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ റോഡ്.
29.135 കിലോമീറ്ററില്‍ കുമ്പള, പുത്തിഗെ, ബദിയടുക്ക, ചെങ്കള, കുമ്പഡാജെ, കാറഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. കുമ്പള, സീതാംഗോളി, നീർച്ചാൽ, ബദിയടുക്ക മുള്ളേരിയ ടൗണുകളിലൂടെ റോഡ് കടന്നുപോകുന്നു. 12 മീറ്റർ വീതിയുള്ളതാണ് റോഡ്. 10 മീറ്ററിലാണ് മെക്കാഡം ടാറിടൽ. ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ്. പ്രോജക്ട് ലിമിറ്റഡിനാണ് കരാർ. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ്‌ റോഡ്‌ നിർമാണം. സ്വകാര്യഭൂമി ഏറ്റെടുക്കുന്നില്ല. ഭൂമി കുറവുള്ള പ്രദേശങ്ങളിൽ അതനുസരിച്ചായിരിക്കും റോഡ് നിര്‍മ്മാണം. കുമ്പള, ബദിയഡുക്ക ടൗണുകളിൽ നാലുവരി റോഡായിരിക്കും. കുമ്പളയിൽ 350 മീറ്ററും ബദിയടുക്കയിൽ 640 മീറ്ററും നീളത്തിലായിരിക്കും നാലുവരി. കുമ്പള മുതല്‍ മുള്ളേരിയവരെ 49 കലുങ്കുകൾ ഉണ്ടാകും. 32 ഇടങ്ങളിൽ പഴയത്‌ പുന:നിർമ്മിച്ചു കഴിഞ്ഞു. അഞ്ചിടത്ത്‌ പഴയത്‌ വീതി കൂട്ടിയും 12 ഇടങ്ങളിൽ പുതിയത്‌ നിർമ്മിച്ചും റോഡ് നവീകരണം പുരോഗമിക്കുകയാണ്. കുന്നുള്ള ഭാഗത്ത്‌ ഇടിച്ച്‌ പാർശ്വഭിത്തി നിർമിച്ച് വരികയാണ്. മണ്ണിടിച്ച്‌ റോഡ്‌ തകരാതിരിക്കാൻ ഒന്നര കിലോമീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമിക്കും. പലയിടത്തായി 14 കിലോ മീറ്റർ നീളത്തിൽ ഡ്രൈനേജ്‌ സംവിധാനം ഉണ്ടാകും. ഒമ്പത്‌ കിലോമീറ്ററിൽ നടപ്പാത അടക്കമുള്ള ഡ്രൈനേജായിരിക്കൂം. കുമ്പള, ബദിയടുക്ക, സീതാംഗോളി ടൗണുകളിൽ നടപ്പാതയുണ്ടാകും. ഡ്രൈനേജുകൾ മൂടി സ്ലാബുകൾ ഉണ്ടാകും. റോഡ് സുരക്ഷ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിങ്ങ്, ക്രാഷ് ബാരിയര്‍, ബസ്‌ കാത്തിപ്പ്‌ കേന്ദ്രങ്ങൾ, ദിശാ സൂചക ബോര്‍ഡുകള്‍ ഐ ആര്‍ സി പ്രകാരമുള്ള വേഗനിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും നടപ്പിലാക്കും.


റോഡ് പണി പൂർത്തിയായാൽ അന്തര്‍ സംസ്ഥാന ഗതാഗത സൗകര്യം വര്‍ദ്ധിക്കും. മുള്ളേരിയ‑കുമ്പള പാത പൂർണമായും ജനവാസമേഖലയിലൂടെയാണ്. പണി പൂർത്തിയാകുന്നതോടെ മംഗളൂരുവിലേക്ക് കാസർകോട് ടൗൺ വഴി ചുറ്റിവളഞ്ഞ് പോകുന്നത് ഒഴിവാക്കാം. കർണാടകയിലെ സുള്ള്യ, ജാൽസൂർ ഭാഗങ്ങളിലുള്ളവർക്ക് മംഗളൂരുവിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. സുള്ള്യ, പുത്തൂർ, മംഗളൂരു തുടങ്ങിയ കർണാടകയിലെ പ്രധാന ടൗണുകളിൽനിന്ന് വരുന്ന റോഡുകളെല്ലാം കുമ്പള- മുള്ളേരിയ റോഡിൽ ബന്ധിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഇതെല്ലാമാണെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നിങ്ങുന്നതില്‍ ജനങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.

ക്യാപ്ഷന്‍— കുമ്പള‑മുള്ളേരിയ റോഡില്‍ നവീകരണത്തിനായി റോഡ് കിളച്ചിട്ടനിലയില്‍
പാതി വഴിയില്‍ നിര്‍ത്തിയിട്ട ഓവുചാല്‍ നിര്‍മ്മാണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.