23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024
April 17, 2024
November 5, 2023
September 1, 2023
August 9, 2023

നളന്ദ സര്‍വകലാശാലയെയും കാവിപുതപ്പിക്കുന്നു

നളിൻ വർമ്മ
September 16, 2022 9:25 pm

രാജ്യത്തെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമാനമായി 2010ല്‍ പുനരുജ്ജീവിപ്പിച്ച പുരാതന പഠനകേന്ദ്രമായ നളന്ദ സര്‍വകലാശാലയും മോഡി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ പദ്ധതിയുടെ ഇരയായി മാറി. ബിജെപി, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നതിനായി സര്‍വകലാശാലയെ പൂര്‍ണമായും പിടിച്ചെടുത്തിരിക്കുകയാണിപ്പോള്‍. നിതീഷ് കുുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന 2010ലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍വകലാശാലയെ വലിയദര്‍ശനത്തിന്റെ ഭാഗമായി പുനരുജ്ജീവിപ്പിച്ചത്. എന്നാല്‍ ഇന്ന് എല്ലാതലങ്ങളിലും വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള സംഘരിവാറിന്റെ ശ്രമങ്ങള്‍ കാരണം ഏറെ ദുരിതം പേറുകയാണ് സര്‍വകലാശാല. ചൈന, ജപ്പാന്‍, സിംഗപ്പുര്‍ എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് നളന്ദയെ അന്താരാഷ്ട്ര സര്‍വകലാശാലയായി വിഭാവനം ചെയ്തത്.

അഞ്ചാം നൂറ്റാണ്ട് മുതല്‍ പതമൂന്നാം നൂറ്റാണ്ടുവരെ 750 വര്‍ഷക്കാലം നിലനിന്ന നളന്ദ സര്‍വകലാശാലയുടെ മഹത്വം ഏറെയാണ്. ഇതിനെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു സര്‍വകലാശാല തുറക്കുന്നതിന്റെ പിന്നിലെ മഹത്തായ ആശയം. ലോകമെമ്പാടുമുള്ള പണ്ഡിതന്‍മാരെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഒപ്പം ഉണ്ടായിരുന്നു. നളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് ലോകത്തിനാകെയും ഒരു അമൂല്യ പൈതൃകമാണ്. നിതീഷ് കുമാര്‍ മുന്‍കൈ എടുത്ത നളന്ദയുടെ പുനരുജ്ജീവനം എന്ന ആശയം അന്നത്തെ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍കലാമാണ് 2006 മാര്‍ച്ച് 28ന് ബിഹാര്‍ നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്യവെ മുന്നോട്ടുവച്ചത്. തുടര്‍ന്ന് സര്‍വകലാശാല പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ബില്‍ ബിഹാര്‍ നിയമസഭ പാസാക്കി. 2010 നവംബര്‍ 25ന് പാര്‍ലമെന്റ് നിയമത്തിലൂടെ നളന്ദ സര്‍വകലാശാല നിലവില്‍ വന്നു. നിതീഷ് കുമാറിന്റെ ശ്രമങ്ങള്‍ക്ക് അന്നത്തെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കി. നളന്ദ സര്‍വകലാശാല വിദേശ മന്ത്രാലയത്തിന്റെ കീഴിലായിരുന്നുവെങ്കിലും ബിഹാറിലെ മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്റെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു. നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിനെയും സിംഗപ്പുരിലെ വിദ്യാഭ്യാസ വിദഗ്ധനും വിദേശകാര്യ മന്ത്രിയുമായിരുന്ന ജോര്‍ജ് യോ ഉള്‍പ്പെടെയുള്ള ഏഷ്യയിലെ നിരവധി അക്കാദമിക് വിദഗ്ധരുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുമായി സഹകരിപ്പിച്ചു. അമര്‍ത്യാസെന്‍ നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. ബിഹാര്‍ സര്‍ക്കാരിന്റെ ആഗ്രഹപ്രകാരം സര്‍വകലാശാലയുടെ ഗവേണിങ് ബോര്‍ഡിന്റെ ആദ്യ ചെയര്‍മാനും ചാന്‍സിലറുമായി അമര്‍ത്യാസെന്‍ ചുമതലയേല്‍ക്കുകയും ചെയ്തു. പട്നയില്‍ നടന്ന ഒരു യോഗത്തെ അഭിസംബോധന ചെയ്ത അമര്‍ത്യാസെന്‍, തനിക്ക് പൗരാണിക പഠനകേന്ദ്രവുമായുള്ള വൈകാരിക ബന്ധത്തെപറ്റി അനുസ്മരിച്ചു. മുത്തച്ഛനും തത്ത്വചിന്തകനുമായ ക്ഷിതിമോഹന്‍ സെന്‍ നളന്ദയുടെ പഴയ അവശിഷ്ടങ്ങള്‍ കാണിക്കുവാന്‍കൊണ്ടുവന്നതും അതിന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു തന്നതും ഓര്‍മ്മപ്പെടുത്തി. അന്ന് തനിക്ക് വെറും പത്തു വയസുമാത്രമാണുണ്ടായിരുന്നതെന്നും അമര്‍ത്യാസെന്‍ പറഞ്ഞു. അന്ന് മുത്തച്ഛന്‍ നളന്ദയെപറ്റി പറഞ്ഞു തന്നകാര്യങ്ങള്‍ ഇപ്പോഴും മനസിലുണ്ടെന്ന് പറഞ്ഞപ്പോള്‍ ഓഡിറ്റോറിയം നിറ‌ഞ്ഞ പണ്ഡിതസദസിന്റെ കരഘോഷത്താല്‍ മുഖരിതമായി.

കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുമ്പോഴാണ് 2014ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതും ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം സെന്നിന്നെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതും. ചില വാര്‍ത്ത പോര്‍ട്ടലുകളെയും ചില ദേശീയമാധ്യമങ്ങളുടെ പ്രാദേശിക പതിപ്പുകളെയും ആര്‍എസ്എസ് അതിനായി ഉപയോഗപ്പെടുത്തി. സാമ്പത്തിക്രമക്കേടുകള്‍ ഉള്‍പ്പെടെ സെന്നിനെതിരേ അഴിച്ചുവിട്ടു. സര്‍വകലാശാലയുടെ തത്ത്വങ്ങളെ സെന്‍ തുരങ്കം വയ്ക്കുന്നുവെന്നായിരുന്നു പ്രധാന കുപ്രചാരണം. എന്നാല്‍ ഇതിനൊന്നും തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞതുമില്ല. അന്നത്തെ വൈസ് ചാന്‍സിലറായ സബര്‍വാളിനെതിരെയും തെറ്റായ പ്രചരണങ്ങള്‍ ഉണ്ടായി. ഒടുവില്‍ രാഷട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി സെന്‍ ചാന്‍സിലര്‍സ്ഥാനം രാജിവച്ചു. 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഗവേണിങ് ബോര്‍ഡ് 2015ല്‍ അദ്ദേഹത്തിന്റെ പേര് രണ്ടാമതും ഏകകണ്ഠമായാണ് വൈസ്ചാന്‍സിലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. എന്നിട്ടും രാഷ്ട്രീയ ഇടപെടല്‍മൂലമാണ് അദ്ദേഹം രാജിവച്ചത്. തുടര്‍ന്ന് സര്‍വകലാശാലിയിലെ സന്ദര്‍ശകനായ സിംഗപ്പുര്‍ മന്ത്രി ജോര്‍ജ്ജ് യോയെ വൈസ്ചാന്‍സിലറായി നിയമിച്ചു. എന്നാല്‍ സ്ഥാപനത്തിന്റെ സ്വയംഭരണത്തിലും, അക്കാദമിക് കാര്യങ്ങളിലെ രാഷ്ട്രീയ ഇടപെടലിലും ഉള്ള ആശങ്കകള്‍ ചൂണ്ടികാട്ടി അദ്ദേഹവും രാജിവച്ചു. തുടര്‍ന്ന് 2017 ജനുവരി 25ന് മോഡി സര്‍ക്കാര്‍ പൂനെ ആസ്ഥാനമായുള്ള കമ്പ്യൂട്ടര്‍ വിദഗ്ധനും സംഘ്പരിവാരത്തില്‍പ്പെട്ട വിജ്ഞാന്‍ ഭാരതിയുടെ പ്രസിഡന്റുമായ വിജയ് പാണ്ഡുരംഗ് ഭട്കറെ ചാന്‍സിലാറായി നിയമിച്ചു. ‘താന്‍ വിജ്ഞാന്‍ഭാരതിയുടെ പ്രസിഡന്റായി തുടരും. അതു ശാസത്രജ്ഞന്‍മാരുടെ സംഘടനയാണ്’- ചുമതലയേറ്റ ശേഷം ഭട്കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. തന്റെ ആര്‍എസ്എസ് ബന്ധങ്ങളില്‍ ഒരു മാറ്റവുമില്ലെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം തുറന്നടിക്കുകയായിരുന്നു ഭട്കര്‍.

എട്ട് വര്‍ഷത്തെ മോഡി ഭരണത്താല്‍ സര്‍വകലാശാല തകര്‍ന്നിരിക്കുന്നു. ആസൂത്രിതമായിട്ടാണ് ബിജെപി, ആര്‍എസ്എസ് രാജ്യത്തുടനീളമുള്ള സര്‍വകശാലകള്‍ പിടിച്ചെടുക്കുന്നത്. അതിനൊരു ഉദാഹരമായി മാറി നളന്ദസര്‍വകലാശാലയും. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ, ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, നളന്ദ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അവർ ആര്‍എസ്എസ് നോമിനികളെ നിയമിക്കാന്‍ തുടങ്ങി. വളരെ കുത്സിതമാര്‍ഗത്തിലൂടെ സര്‍വകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികളില്‍ ആര്‍എസ്എസ് കേഡറുകളെ നിയമിക്കുകയാണ് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. മനോജ്ഝാ അഭിപ്രായപ്പെട്ടു. ബിജെപി ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലായ്മചെയ്തത് പരിഹരിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതീഷിന്റെ ആവശ്യപ്രകാരം ബിഹാറില്‍ രാജ്ഗീറില്‍ നളന്ദസര്‍വകലാശാല പുനരുജ്ജീവിപ്പിക്കുകുയും മഹാത്മാഗാന്ധിയുടെ ആദ്യ സത്യാഗ്രഹവുമായി ബന്ധപ്പെട്ട കിഴക്കൻ ചമ്പാരന്റെ ആസ്ഥാനമായ മോത്തിഹാരിയിൽ കേന്ദ്ര സർവകലാശാലയും കബില്‍ സിബലിന്റെ ആവശ്യപ്രകാരം മോത്തിഹാരിയിലും ബോധ്ഗയയിലും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ രണ്ട് സര്‍വകലാശാലകള്‍ അനുവദിച്ചിരുന്നു. നരേന്ദ്രമോഡി അധികാരത്തിലെത്തിയതോടെ ഈ രണ്ട് കേന്ദ്ര സർവകലാശാലകളും വൈസ് ചാൻസലർതലം മുതൽ അസിസ്റ്റന്റ് പ്രൊഫസർമാർ വരെയുള്ള പദവികളില്‍ ആർഎസ്എസ് പൂർണ ആധിപത്യം സ്ഥാപിച്ചു. രണ്ട് സ്ഥാപനങ്ങളിലെയും മീഡിയ സ്റ്റഡീസ് സ്‌കൂളുകൾ നയിക്കുന്നത് ആർഎസ്‌എസ് പ്രവർത്തകരാണ്. വാസ്തവത്തിൽ, മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്‌സിറ്റി (എംജിസിയു) പ്രോ-വൈസ് ചാൻസലർ മോത്തിഹാരി, 2018 ഒക്ടോബർ 31ന് അധികാരമേറ്റ കുമാർ റായ് അങ്കിത്, ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രമുഖ നേതാവായിരുന്നു. വിദ്യാഭ്യാസവുമായി രാഷ്ട്രീയം കലർത്തുന്നതിൽ അങ്കിതിന് യാതൊരു മടിയുമില്ല.

മോത്തിഹാരിയിൽ നിന്നുള്ള ബിജെപി എംപി രാധാമോഹൻ സിങ്ങിനൊപ്പം അദ്ദേഹം പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. 2017 ഒക്‌ടോബർ 16ന് പട്‌ന യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പരിപാടിയിൽ നിതീഷ് കുമാർ മോഡിയോട് അഭ്യർത്ഥിച്ചു, ബിഹാറിലെ പ്രീമിയർ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയായ പട്‌ന യൂണിവേഴ്‌സിറ്റിക്ക്-കേന്ദ്ര സർവകലാശാല പദവി നൽകണമെന്ന്. പ്രധാനമന്ത്രി അത് നിരസിക്കുകയാണുണ്ടയത്. വർഷങ്ങളായി നിരവധി സിവിൽ സർവീസുകാരെയും നയതന്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും സൃഷ്ടിച്ച പട്ന യൂണിവേഴ്സിറ്റിക്ക് പ്രധാനമന്ത്രി കേന്ദ്രസർവകലാശാല പദവി നൽകിയിരുന്നെങ്കിൽ അത് ആർഎസ്എസ്-ബിജെപിയുടെ മറ്റൊരു പ്രചാരണവേദിയായി മാറിയേനേ. എന്നാല്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ ബിഹാറിലെ ആര്‍എസ്എസ്-ബിജെപി അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍വകലാശാലകളെ ശുദ്ധീകരിക്കുമെന്ന പട്ന സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ അഭിപ്രായപ്പെട്ടു. വിസി, പ്രോ വിസിമാർ, പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരുടെ നിയമനങ്ങളുടെ കാര്യത്തിൽ അന്തിമ വാക്ക് രണ്ട് മുതിർന്ന ആർഎസ്എസ് പ്രവർത്തകരായ കൃഷ്ണ ഗോപാലും ദത്താത്രേയ ഹൊസബാലെയുമാണെന്ന് വിദ്യാഭ്യാസ മേഖലയിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെക്കാളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെക്കാളും കൂടുതൽ അധികാരം ഇവര്‍ കയ്യാളുകയാണെന്ന് ബിഹാറിലെ മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജയപ്രകാശ് യാദവും പറയുന്നു.

(ഉത്തർപ്രദേശിലെ ബറേലി ഇൻവെർട്ടിസ് യൂണിവേഴ്‌സിറ്റിയിലെ ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ പ്രൊഫസറും മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകന്‍. — കടപ്പാട്: ദി വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.