22 December 2024, Sunday
KSFE Galaxy Chits Banner 2

കർഷക സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭം

കെ പി രാജേന്ദ്രൻ
ജനറൽ സെക്രട്ടറി, എഐടിയുസി
December 17, 2021 6:30 am

ജനങ്ങളെ രക്ഷിക്കൂ; ജന്മനാടിനെ രക്ഷിക്കൂ… നവംബർ 11 ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും കേന്ദ്ര‑സംസ്ഥാന സർക്കാർ, അർധസർക്കാർ ജീവനക്കാരുടെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകളുടെയും ദേശീയ കൺവെൻഷൻ പ്രഖ്യാപിച്ച ഈ മുദ്രാവാക്യം രാജ്യം ഏറ്റുവാങ്ങുകയാണ്. മൗലികമായ തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തോടൊപ്പം രാജ്യത്തിനുവേണ്ടി, ജനങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ മുന്നിലും തൊഴിലാളികൾ നിലകൊള്ളും എന്ന അസന്ദിഗ്ധമായ പ്രഖ്യാപനമാണ് നവംബർ 11ലെ ഡൽഹി കൺവെൻഷൻ നടത്തിയത്. മോഡി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി-കർഷക വിരുദ്ധ കോർപറേറ്റ് പ്രീണനനയങ്ങൾ രാജ്യത്തെ ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും സർവനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. വിനാശകരമായ ഈ ദേശവിരുദ്ധ നയങ്ങൾക്കെതിരെ തുടരുന്ന സമരങ്ങളും ചെറുത്തുനില്പുകളും അതിന്റെ പാരമ്യത്തിലെത്തിക്കുവാൻ കൺവെൻഷൻ രാജ്യത്തെ തൊഴിലാളികളെ ആഹ്വാനം ചെയ്തു. തൊഴിലാളികളുടെയും ജനങ്ങളുടെയും അവകാശങ്ങളും ജീവനോപാധികളും സംരക്ഷിക്കുക മാത്രമല്ല കോർപറേറ്റുകളാൽ നയിക്കപ്പെടുന്ന രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യ വ്യവസ്ഥയെയും കരകയറ്റാനും സമൂഹത്തെ ആകമാനം സർവനാശത്തിൽ നിന്നും രക്ഷിക്കാനും കൂടിയാണ് ഈ പോരാട്ടമെന്ന് രാജ്യത്തെ മഹാഭൂരിപക്ഷം തൊഴിലാളികളെയും ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന സംഘടനകളുടെ ദേശീയ കൺവെൻഷൻ നടത്തിയ പ്രഖ്യാപനം ജനങ്ങളിൽ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ഉണ്ടാക്കിയിട്ടുള്ളത്. 375 ദിവസം തുടർച്ചയായി നടത്തിയ കർഷക മഹാസമരത്തിന്റെ വിജയത്തെ ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ. യുപിഎ സർക്കാരിന്റെ കാലത്തായാലും എൻഡിഎ സർക്കാരിന്റെ — ബിജെപി, ആർഎസ്എസ്, സംഘപരിവാർ നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണത്തിന്റെ കാലയളവിലും രാജ്യത്തെ തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലാണ്. ദേശീയാടിസ്ഥാനത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ യോജിച്ചു നടത്തുന്ന ക്യാമ്പയിനുകളിലും പ്രക്ഷോഭങ്ങളിലും ജനാധിപത്യ വിരുദ്ധ, തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങളെയും നിയമങ്ങളെയും എതിർക്കാനും ചെറുത്തു തോല്പിക്കാനുമുള്ള നിശ്ചയദാർഢ്യവും ആർജ്ജവുമാണ് പ്രകടമായിട്ടുള്ളത്. ഓരോ ദേശീയ പണിമുടക്കുകളിലും പങ്കെടുക്കുന്ന തൊഴിലാളികളുടെ പങ്കാളിത്തം വർധിക്കുന്നത് അതുകൊണ്ടാണ്.


ഇതുകൂടി വായിക്കാം; ഐതിഹാസികമായ കര്‍ഷക സമരം


2020 നവംബർ 26ന് കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത് 12 ആവശ്യങ്ങൾ ഉയർത്തിയാണ്. ഇതിൽ ഏറ്റവും പ്രധാനം — തൊഴിലാളി വിരുദ്ധ നിയമങ്ങളുള്ള ലേബർ കോഡുകൾ പിൻവലിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ റദ്ദ് ചെയ്യുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നിവയാണ്. ഇതോടൊപ്പം കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തിൽ സമ്പൂർണ വാക്സിനേഷൻ സൗജന്യമായി എല്ലാവർക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. പാർലമെന്റിൽ ചർച്ച കൂടാതെയാണ് ലേബർ കോഡുകൾ പാസാക്കിയത്. നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ തികച്ചും ഭരണഘടനാ വിരുദ്ധമായ സാഹചര്യങ്ങൾ വലിയ പ്രക്ഷോഭങ്ങൾക്ക് വേദിയാകും എന്ന് സഖാക്കള്‍ എ ബി ബർധനും ഗുരുദാസ് ദാസ് ഗുപ്തയും വർഷങ്ങൾക്ക് മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നതാണ്. 1991 മുതൽ ആഗോളവൽക്കരണ നയങ്ങൾക്കെതിരെ തൊഴിലാളിവർഗ സമരങ്ങളും യോജിച്ച പ്രക്ഷോഭവും ശക്തിപ്പെട്ടുവന്നത് വർത്തമാന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ച 2020 നവംബർ 26ന് തന്നെ രാജ്യ തലസ്ഥാനത്തേക്ക് കർഷക സംഘടനകൾ കിസാൻ മാർച്ച് പ്രഖ്യാപിച്ചു. നവംബർ 26, 27 തീയതികളിൽ 50 കർഷക സംഘടനകൾ ആരംഭിച്ച “കിസാൻ മഹാമാർച്ച്” രാജ്യവും ലോകവും ശ്രദ്ധിച്ച സമരമായി വളർന്നുവന്നു. 30 കോടി തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുത്തത്. തൊഴിലാളി കർഷക ഐക്യം ഒരു വർഷം പിന്നിടുമ്പോൾ തൊഴിലാളികളോടും കർഷകരോടുമൊപ്പം വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള ദേശാഭിമാനബോധമുള്ള ജനങ്ങളും അണിനിരന്ന പൊതുജനശക്തിയായി. അഞ്ഞൂറോളം കർഷക സംഘടനകൾ ഒന്നിച്ചുള്ള പ്രക്ഷോഭമായി വളർന്നു. കർഷകസമരം വിജയിച്ചത് ജനങ്ങളിൽ നിന്നു കിട്ടിയ പിന്തുണ കൊണ്ടാണ്. ഭരണകൂട ഭീകരതയും വർഗീയ ഫാസിസ്റ്റ് തേർവാഴ്ചകളെയും അതിജീവിച്ച സമരം വിജയിച്ചത് തൊഴിലാളികളും കർഷകരും ഉയർത്തിപ്പിടിച്ച ജീവൽപ്രധാനമായ മുദ്രാവാക്യങ്ങൾക്ക് രാജ്യം നൽകിയ പിന്തുണകൊണ്ടാണ്. ഈ ആത്മവിശ്വാസമാണ് തൊഴിലാളി സംഘടനകൾ മറ്റൊരു മഹാസമരത്തിന് ആഹ്വാനം ചെയ്തതിന്റെ രാഷ്ട്രീയ പശ്ചാത്തലം.

(അവസാനിക്കുന്നില്ല)

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.