22 December 2024, Sunday
KSFE Galaxy Chits Banner 2

പകല്‍ക്കൊള്ളയായി മാറുന്ന ദേശീയ പാതയും അതോറിറ്റിയും

Janayugom Webdesk
February 17, 2022 5:00 am

കൊട്ടിഘോഷിക്കപ്പെട്ട പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) ദേശീയപാതാ വികസനം ജനങ്ങള്‍ക്കെതിരായ പകല്‍ക്കൊള്ളയുടെയും വഞ്ചനയുടെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. പിപിപി അടിസ്ഥാനത്തില്‍ കേരളത്തില്‍ വികസിപ്പിച്ച ആദ്യത്തെ ടോള്‍ ദേശീയപാത അങ്കമാലി മുതല്‍ തൃശൂരിലെ നടത്തറവരെയുള്ളതാണ്. 2009 ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പാത 2011 ലാണ് കമ്മിഷന്‍ ചെയ്തത്. കരാര്‍ പ്രകാരം ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെയാണ് പാതയില്‍ ടോള്‍പിരിവ് 2012 ല്‍ ആരംഭിച്ചത്. ടോള്‍പിരിവ് ആരംഭിച്ച് പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും കരാര്‍ പ്രകാരം ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും ടോള്‍പിരിവ് നിര്‍ബാധം തുടരുകയാണ്. ചാലക്കുടി അടിപ്പാത, പുതുക്കാട് മേല്‍പ്പാലം, ഡ്രെയിനേജുകള്‍, ലാന്റ്സ്കേപിങ്, സംരക്ഷണ വേലികള്‍, തെരുവു വിളക്കുകള്‍, കുടിവെള്ളം, ഫോണ്‍ സൗകര്യം, ബസ്ബേകള്‍, ട്രക്ക് പാര്‍ക്കിങ് സൗകര്യങ്ങള്‍, നടപ്പാതകള്‍, യൂടേണ്‍ ട്രാക്കുകള്‍, സര്‍വീസ് റോഡുകള്‍ തുടങ്ങി സുപ്രധാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇനിയും കരാര്‍ കമ്പനി തയാറായിട്ടില്ല. അവ ഉറപ്പുവരുത്തേണ്ട നാഷണല്‍ ഹൈവേ അതോറിറ്റി അവ നടപ്പാക്കാന്‍ ഇടപെടുന്നതിനു പകരം കരാര്‍ കമ്പനിയുടെ കരാര്‍ ലംഘനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നു.

 


ഇതുകൂടി വായിക്കാം;യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്ന നിക്ഷേപ കേന്ദ്രീകൃത ബജറ്റ്


 

കാലാകാലങ്ങളായി നടത്തേണ്ട അറ്റകുറ്റ പണികള്‍ യഥാസമയം ചെയ്യാതിരിക്കുകയും ചെയ്യുന്നവതന്നെ നിശ്ചിത നിലവാരം അനുസരിച്ച് പൂര്‍ത്തീകരിക്കാത്തതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ടോള്‍പിരിവ് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതെ പിരിവ് തുടരുന്ന കരാര്‍ കമ്പനി പരിസരവാസികള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചു പോന്നിരുന്ന ഇതര പാതകള്‍ കെട്ടിയടച്ച് പതിവു യാത്രക്കാരുടെ മേലുള്ള കൊള്ള സമ്പൂര്‍ണമാക്കിയിരിക്കുന്നു. 825 കോടി രൂപ നിര്‍മ്മാണ ചെലവ് അവകാശപ്പെടുന്ന കരാര്‍ കമ്പനി ടോള്‍ ഇനത്തില്‍ ഇതിനകം 991 കോടി രൂപയിലധികം പിരിച്ചെടുത്തതായാണ് ലഭ്യമായ വിവരം. 2028 വരെ ടോള്‍ പിരിവ് തുടരാന്‍ അനുവദിച്ചാല്‍ കരാര്‍ കമ്പനി ചുരുങ്ങിയത് 4,400 കോടി രൂപയുടെ കൊള്ള നടത്തുമെന്നാണ് കണക്കാക്കുന്നത്.

നടത്തറ മുതല്‍ വടക്കഞ്ചേരി വരെയുള്ള അടുത്ത ഭാഗത്ത് പണി പൂര്‍ത്തിയാവും മുമ്പ് ടോള്‍ പിരിക്കാനുള്ള ശ്രമം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഈ മേഖലയില്‍ ആറുവരി പാതയ്ക്കായി സ്ഥലം വിട്ടു നല്കിയ തദ്ദേശവാസികള്‍ക്കുനേരെ എന്‍എച്ച്എഐ ഇതിനകം കൊള്ള ആരംഭിച്ചു കഴിഞ്ഞു. അതിന് ഇരയാവുന്നവരാകട്ടെ പാതയ്ക്കുവേണ്ടി സ്ഥലം വിട്ടുനല്‍കിയവരും. വിട്ടുനല്കിയതിനുശേഷം അവശേഷിക്കുന്ന സ്ഥലത്ത് ഉപജീവനത്തിനായി ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവരാണ് എന്‍എച്ച്എഐയുടെ ഇരകള്‍. ഒന്നിലധികം ഷട്ടറുകളോടു കൂടിയ വാണിജ്യ കെട്ടിടം പണിയുന്നവര്‍ ദേശീയ പാതാപ്രവേശനത്തിന് അഞ്ചു ലക്ഷത്തിലധികം രൂപ നല്കേണ്ടിവരുന്നു. പ്രവേശന ഫീസ് ഇനത്തില്‍ ഓരോ അഞ്ചുവര്‍ഷത്തേക്കും ഭൂഉടമകള്‍ 2,62,000 രൂപ എന്‍എച്ച്എഐക്ക് നല്കണം. അതിന് അപേക്ഷിക്കുന്നവര്‍ അതോറിറ്റി നിര്‍ദേശിക്കുന്ന കണ്‍സള്‍‍ട്ടന്‍സി വഴി വേണം അത് നല്കാന്‍. അതിനാവട്ടെ രണ്ടരലക്ഷം രൂപ കണ്‍സള്‍‍‍ട്ടന്‍സി ഫീസ് ഈടാക്കും. അപേക്ഷകന് നേരിട്ട് അതോറിറ്റിയില്‍ നിന്നും അനുമതി നേടാന്‍ കഴിയാത്തവിധം സങ്കീര്‍ണമാണ് അപേക്ഷകള്‍. അനുമതി അപേക്ഷയുടെ പേരില്‍ കണ്‍സ‍‍‍ള്‍‍ട്ടന്‍സികളും അതോറിറ്റിയും ചേര്‍ന്ന് നടത്തുന്നത് നഗ്നമായ അഴിമതിയാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നു. കണ്‍സള്‍‍ട്ടന്‍സി ഫീസ് 45,000 രൂപ മാത്രമുള്ളപ്പോള്‍ ബാക്കിതുക അനുമതി ‘വാങ്ങിയെടുക്കുന്നതിനുള്ള’ ചെലവാണെന്ന് അനുഭവസ്ഥര്‍ വിലപിക്കുന്നു.


ഇതുകൂടി വായിക്കാം; ചെറുപ്പക്കാർ നിലകൊള്ളേണ്ടത് നാടിന്റെ വളർച്ചയ്ക്ക്


 

പരിഷ്കൃത സമൂഹങ്ങളും ഐക്യരാഷ്ട്രസഭയും അംഗീകരിക്കുന്ന സാര്‍വത്രിക മനുഷ്യാവകാശമാണ് സഞ്ചാരസ്വാതന്ത്ര്യം. രാജ്യത്ത് നിലവിലുള്ള പിപിപി മാതൃകയും അത് നടപ്പിലാക്കാന്‍ നിയുക്തമായ എന്‍എച്ച്എഐയും ഭരണകൂട ഒത്താശയോടെ തങ്ങളുടെ നിക്ഷിപ്ത സാമ്പത്തിക ലാഭത്തിനുവേണ്ടി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയാണ് ഹനിക്കുന്നത്. ജനങ്ങളോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ പകല്‍ക്കൊള്ളയ്ക്ക് അറുതിവരുത്താന്‍ സത്വര ഇടപെടലിന് തയാറാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.