23 January 2026, Friday

Related news

January 7, 2026
January 7, 2026
November 6, 2025
September 24, 2025
September 19, 2025
September 16, 2025
September 2, 2025
August 18, 2025
July 16, 2025
June 30, 2025

മെഡിക്കൽ കോളേജിന് ദേശീയ മുസ്കാൻ അംഗീകാരം; കുഞ്ഞുങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിനുള്ള ദേശീയ അംഗീകാരം

Janayugom Webdesk
മഞ്ചേരി
February 2, 2025 10:32 am

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മുസ്കാൻ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 93 ശതമാനം സ്കോറോടെയാണ് മുസ്കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് മുസ്കാൻ സർട്ടിഫിക്കേഷൻ ലഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐഎംസിഎച്ച്, വയനാട് മാനന്തവാടി മെഡിക്കൽ കോളേജ് എന്നീ ആശുപത്രികൾ മുസ്കാൻ സർട്ടിഫിക്കേഷൻ കഴിഞ്ഞ വർഷം നേടിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിന് വലിയ പരിശ്രമമാണ് നടത്തുന്നത്. സംസ്ഥാനത്ത് ആകെ 200 ആശുപത്രികൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യുഎഎസ് നേടി. ഇത് കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയർത്തി വരുന്നു. 12 ആശുപത്രികൾക്കാണ് ദേശീയ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചത്. 

കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് മുസ്കാൻ സർട്ടിഫിക്കേഷൻ. 2.66 കോടി രൂപ ചെലവഴിച്ച് എട്ട് കിടക്കകളുള്ള പീഡിയാട്രിക് എച്ച്ഡിയു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐസിയു, ഓക്സിജൻ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാർഡ്, അത്യാധുനിക ഉപകരണങ്ങൾ തുടങ്ങിയ സംവിധാനങ്ങളൊരുക്കി. ജില്ലയിലെ സർക്കാർ മേഖലയിലെ ഏക സിക്ക് ന്യൂബോൺ കെയർ യൂണിറ്റാണ് (എസ്എൻസിയു) മഞ്ചേരി മെഡിക്കൽ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്സിനെ പ്രത്യേക പരിശീലനം നൽകി നിയമിച്ചു. മാസം തികയാതെ ഉൾപ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാൻ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉൾപ്പെടെ കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.