10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 2, 2024
December 26, 2023
December 16, 2023
December 2, 2023
December 2, 2023
December 1, 2023
December 1, 2023
November 30, 2023
November 30, 2023
November 30, 2023

നവകേരള സദസ്സ് ജനഹൃദയങ്ങളിൽ

കെ വി പത്മേഷ്
പൈവളിക (കാസർകോട്)
November 18, 2023 11:24 pm

ഇടതുപക്ഷം ജനഹൃദയങ്ങളോടൊപ്പമാണെന്ന് വിളംബരം ചെയ്ത് നവകേരള സദസിന് ഭാഷാ സംഗമഭൂമിയായ പൈവളികയിലെത്തിയ ജനസാഗരം. സംസ്ഥാന സർക്കാരിനെതിരെയുള്ള എല്ലാ കള്ള പ്രചരണങ്ങളും പാഴ്‌വേലയാണെന്ന് തെളിയിക്കുകയായിരുന്നു ആര്‍ത്തിരമ്പിയ ജനം. നാടിനെ അടുത്തറിഞ്ഞ് നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തിച്ചേരുന്ന നവകേരള സദസിന് തുടക്കമായി. സംസ്ഥാന സർക്കാർ പരിപാടികൾ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രം നടത്തുന്ന പതിവുരീതിയിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനതല ഉദ്ഘാടനം നാടിന്റെ ഉത്സവമായും മാറി.

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തുളുനാടിന്റെ പരമ്പരാഗത വാദ്യമായ കൊമ്പ് മുഴക്കിയാണ് ജനങ്ങൾ സ്വീകരിച്ചാനയിച്ചത്. തുളുവും കന്നടയും ബ്യാരിയും ഇടകലർന്ന ജനസഞ്ചയം ഭാഷകൾക്ക് അതീതമായി ഭരണ നേതാക്കളെ ആരവം ഉയർത്തി സ്വീകരിച്ചു. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തുളുനാടന്‍ തലപ്പാവ് അണിയിച്ചാണ് സ്വാഗതം ചെയ്തത്.  ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങൾ അക്കമിട്ട് നിരത്തി.

ഇടതുപക്ഷ സർക്കാരിന്റെ ഏഴര വർഷത്തെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ റവന്യൂ ഭവന നിർമ്മാണ മന്ത്രി കെ രാജന്റെ അധ്യക്ഷ പ്രസംഗം പ്രതിസന്ധികളിൽ ജനങ്ങളോടൊപ്പം നിന്ന സർക്കാരിന്റെ സാക്ഷ്യപത്രമായി. മന്ത്രിമാരായ അഹമ്മദ് ദേവർ കോവിൽ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ, കെ ആന്റണി രാജു എന്നിവരും സംസാരിച്ചു.
പൈവളിക സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂൾ മൈതാനത്തെ ആദ്യവേദിയിൽ മൂന്നു മണിക്കൂർ മുമ്പേ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. നവകേരള സദസിന് ആവേശം വിതറി പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും അരങ്ങേറി. കന്നഡ, തുളു സിനിമാ അഭിനേതാക്കളായ 13 പേരെ ചടങ്ങിൽ അനുമോദിച്ചു.

മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ നാനാത്വം തകർക്കുന്നു: മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ഫെഡറിലിസം തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു നിയമ വ്യവസ്ഥ, ഒരൊറ്റ നികുതി എന്നിങ്ങനെ ഒരു..ഒരു എന്ന പദം തന്നെ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടനാ തത്വത്തിനെതിരാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്നും നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ലഭിക്കേണ്ട 57,000 കോടിയിൽപ്പരം രൂപയാണ് വിവിധ മേഖലകളിലായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതെല്ലാം അതിജീവിച്ചുകൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്. സാമ്പത്തികനില മെച്ചപ്പെടുത്തുകയാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 1,48,000 കോടിയിൽ നിന്നും 2,28,000 കോടിയായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആഭ്യന്തര വളർച്ചാനിരക്കിൽ എട്ടു ശതമാനം വർധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തിൽ നിന്നും 67 ശതമാനമായി ഉയർന്നു. ആഭ്യന്തര ഉല്പാദനം 2016 ൽ 56,000 കോടി രൂപയായിരുന്നത് ഇപ്പോൾ 10,17,000 കോടിയാണ്. നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർധനവുണ്ടായി-മുഖ്യമന്ത്രി കണക്കുകൾ സഹിതം വിശദീകരിച്ചു.

2016 ന് മുമ്പ് അധികാരത്തിലിരുന്ന സർക്കാരാണ് തുടർന്നിരുന്നതെങ്കിൽ സംസ്ഥാനത്ത് ഈ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് രാഷ്ട്രീയമായ ഭിന്നത ആ സർക്കാരിനോടുണ്ടാകാം. ബിജെപിക്കും അസഹിഷ്ണുതയുണ്ടാകാം. എന്നാൽ നാടിനുവേണ്ടി സർക്കാർ ഒരു കാര്യം ചെയ്യുമ്പോൾ ഇപ്പോഴിത് വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് തീർത്തും ഒരു സർക്കാർ പരിപാടിയാണെന്നും വ്യക്തമാക്കി.

Eng­lish Summary:nava ker­ala sadas in peo­ples hearts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.