28 April 2024, Sunday

Related news

April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
January 2, 2024
December 28, 2023
December 26, 2023

പ്രതിപക്ഷം ബഹിഷ്കരണ പക്ഷമായി മാറി: മന്ത്രി കെ രാജൻ

നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മാതൃക
Janayugom Webdesk
കോഴിക്കോട്
December 26, 2023 7:54 pm

നവകേരള സദസ് ലോകത്തിനു മുന്നിൽ കേരളം വച്ച മാതൃകയായി മാറിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ് തുടങ്ങിയതുമുതൽ നിരവധി ആരോപണങ്ങൾ ഉയർന്നു. എന്നാൽ അതിൽ എത്രയെണ്ണം ബാക്കിനിൽക്കുന്നുണ്ടെന്ന് അത് ഉന്നയിച്ചവര്‍ ആത്മപരിശോധന നടത്തണം.
കേരളത്തെ ബിജെപി വല്ലാതെ സ്നേഹിക്കുന്നുണ്ടെങ്കിൽ കേരളത്തിനു തരാനുള്ള പണം നൽകിയിട്ട് സ്നേഹിച്ചു തുടങ്ങുകയായിരിക്കും നല്ലതെന്ന് മന്ത്രി പറഞ്ഞു. ബിജെപിയുടെ സ്നേഹയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനം ആക്രമണത്തിന്റെ കോഡല്ലെന്നും കല്യാശേരി സംഭവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മുഖ്യമന്ത്രി പറഞ്ഞതാണ് അതെന്നും മന്ത്രി വ്യക്തമാക്കി. 

കേരളത്തിൽ ഗവർണറുടെ ഒരു ക്രാഷ് ലാൻഡിങ് ഉണ്ടായി. നവകേരള സദസ് നടക്കുന്നതിന് ഇടയ്ക്കു തന്നെ ഒരുപക്ഷേ ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിൽ ഇടപെടുന്ന ഒരു സൗകര്യം കേരളത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. ആ ഘട്ടത്തിൽ സമചിത്തതയോടെ ഇടപെടേണ്ട ഒരു പ്രതിപക്ഷം ജനാധിപത്യത്തിൽ പ്രതികരിക്കേണ്ട രീതിയാണോ ഉണ്ടായതെന്നും മന്ത്രി ചോദിച്ചു.
നിയമസഭയിലെ 140 അംഗങ്ങൾ ഒരേ മനസ്സോടെ പാസാക്കിയ കേരളത്തിലെ ഭൂപതിവ് നിയമത്തിലെ ഭേദഗതി കോൾഡ് സ്റ്റോറേജിൽ ഗവർണർ വച്ചതിന്റെ കാരണമെന്താണ്? അതേക്കുറിച്ച് പ്രതിപക്ഷത്തിന്റെ അഭിപ്രായമെന്താണ്? കേരളത്തിൽ ഇപ്പോൾ നിലവിലുള്ള രണ്ടു ലക്ഷത്തിലേറെ വരുന്ന നെൽവയൽ തണ്ണീർത്തട തരംമാറ്റ അപേക്ഷകളിൽ ഏറ്റവും പെട്ടെന്ന് തീരുമാനമെടുക്കാൻ 27 ആർഡിഒമാരുടെ അവകാശം കേരളത്തിലെ സർക്കാർ നിയോഗിക്കുന്ന ഡപ്യൂട്ടി കലക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ആകാം എന്നൊരു ഭേദഗതി മാത്രമേ നെൽവയൽ– തണ്ണീർത്തട നിയമം 2008ൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളൂ. ആ ഭേദഗതി ഒപ്പിടാൻ കേരളത്തിലെ ഗവർണർക്ക് എന്താണ് തടസ്സം. 

ഗവർണറുടെ നിലവാരത്തിൽനിന്ന് വിട്ടു താഴേക്ക് പോകുമ്പോഴും ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമായി നിൽക്കേണ്ട പ്രതിപക്ഷം, ഒരു കണ്ണു പോയാൽ രണ്ടു കണ്ണും പോകട്ടെ എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനെതിരെ തിരിയുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയും. അതിനു കേരളത്തിലെ ജനാധിപത്യ സംവിധാനത്തോട് പ്രതിപക്ഷം നാളെ മറുപടി പറയേണ്ടി വരുമെന്നും കെ രാജൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ അക്രമിക്കാനോ ബോധപൂർവ്വം കേസെടുക്കാനോ സർക്കാരിന് ആഗ്രഹമില്ല. ഇടതുമുന്നണിക്ക് അത്തരം നയം ഇല്ല. സംഭവം സംബന്ധിച്ച് ഓരോ പാർട്ടിയും മുന്നണിയും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

29ന് പുതിയ മന്ത്രിമാർ സത്യപ്രജി‍ജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. 2018ലെ പ്രളയം തൊട്ട് ഇങ്ങോട്ട് പ്രതിപക്ഷം ബഹിഷ്കരിക്കാത്ത എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? 2018ൽ രമേശ് ചെന്നിത്തല എന്ന അന്നത്തെ പ്രതിപക്ഷ നേതാവിനെ കൂട്ടിയിട്ടാണ് ആദ്യ ഹെലികോപ്റ്റർ യാത്ര. അന്ന് കുഴപ്പമുണ്ടായിരുന്നില്ല. തുടർന്ന് കേരളത്തിലെ സാലറി ചലഞ്ചിനെ, ലോക കേരള സഭയെ, കേരളീയത്തെ എല്ലാം അവർ ബഹിഷ്കരിച്ചു. ബഹിഷ്കരിച്ചു ബഹിഷ്കരിച്ചു പ്രതിപക്ഷം ബഹിഷ്കരണ പക്ഷമായി മാറി. പ്രതിപക്ഷത്തിന്റെ എല്ലാ അഭിപ്രായത്തെയും ഗൗനിക്കുന്നു. പ്രതിപക്ഷം പറയേണ്ടതു തന്നെയാണോ പറയുന്നത് എന്ന ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;Opposition has become a boy­cott par­ty: Min­is­ter K Rajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.