ഉടലിലല്ല ഉയിരിലാണ് അഭിനയമെന്ന് തിരിച്ചറിഞ്ഞ അതുല്യ പ്രതിഭ. തൊഴിൽപരമായ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമൊക്കെയുണ്ടായിട്ടും കലാജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അംഗീകാരമുള്ള നടനായി മാറുകയും ചെയ്തു. ആദ്യചിത്രം ‘നിണമണിഞ്ഞ കാൽപ്പാടുകൾ’(1963) ആയിരുന്നുവെങ്കിലും. ‘മൂടുപടം’ ത്തിൽ അഭിനയിക്കാൻ രാമു കാര്യാട്ട് അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മധുവിന് ജനകീയ പരിവേഷമുണ്ടാവുന്നത് അനുകല്പനങ്ങളിലൂടെയാണെന്ന് സാരം. ഒരു കാലത്ത് മലയാളികൾ കൊണ്ടു നടക്കുകയും കൊണ്ടാടപ്പെടുകയും ചെയ്ത എത്രയോ കഥാപാത്രങ്ങൾ… തകഴിയുടെ ചെമ്മീനിലെ (രാമു കാര്യാട്ട് — 1965) പരീകുട്ടിയായും, എം ടി യുടെ ‘ഓളവും തീരവും’ ബാപ്പുട്ടിയായും (1970 — പി എൻ മേനോൻ], ഉറൂബിന്റെ ‘ഉമ്മാച്ചു’ വിലെ മായനായും, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയത്തിലെ സാഹിത്യകാരനായുമുള്ള ഈ വേഷപകർച്ചകൾ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. അഭിനേതാവ് എന്ന നിലയിൽ മധു ഏറെ അഭിമാനിക്കുകയും ചെയ്ത താരപരിവേഷങ്ങളാണിവ. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറും അതുല്യ പ്രതിഭ സത്യനും അരങ്ങു തകർത്തിരുന്ന അഭ്രപാളിയിലേക്കാണ് സെക്കന്റ് ഹീറോയായി മധുവെത്തുന്നത്. താരപദവിയേക്കാൾ നടനാവാനായിരുന്നു അദ്ദേഹത്തിന് എക്കാലവും ആഗ്രഹം. അതുകൊണ്ടു തന്നെയായിരിക്കണം സംവിധായകനായപ്പോഴും നിർമ്മാതാവായപ്പോഴും തന്നിലെ നടനെ സംതൃപ്തിപ്പെടുത്താൻ മധുവിനായി. അഭിനയമായിരുന്നു അദ്ദേഹത്തിന് പ്രധാനം, അത് സിനിമയായാലും നാടകമായാലും. അദ്ദേഹത്തിന്റെ കൊണ്ടാടപ്പെട്ട ഗാനരംഗങ്ങളിലേക്ക് വരുമ്പോൾ ഭാവാഭിനയ സാധ്യത കൂടുതൽ വ്യക്തമാവും. സത്യനും നസീറിനുമൊക്കെ അനുകരണ മാതൃകകളുണ്ടായപ്പോൾ മധു മധു മാത്രമായത് വ്യതിരിക്തത ഒന്നു കൊണ്ടു മാത്രമാണ്. ഭാർഗ്ഗവിനിലയത്തിന്റെ തുടക്കത്തിൽ 30 മിനിറ്റോളം ഒറ്റക്ക് നിന്നഭിനയിച്ച കെൽപ്പിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ബഷീറിന്റെ നീല വെളിച്ചത്തെ ഏറെ ഹൃദയത്തിലേറ്റിയതു കൊണ്ടാവാം പി ഭാസ്കരൻ മാഷും — ബാബു രാജും ചിട്ടപ്പെടുത്തി കമുകറ പാടിയ ഗാനം ഒരു ബഷീറിയൻ ശൈലിയിൽ തന്നെ ഗാനരംഗത്ത് അവതരിപ്പിക്കാനായത്.
ആത്മാവിഷ്കാരത്തിന്റെ സമന്വതയാൽ കഥകളെ ജീവിതഗന്ധിയാക്കിയ കഥാകാരന്റെ പകർന്നാട്ടം തന്നെയായിരുന്നു. നീല വെളിച്ചത്തിന്റെ അനു കല്പനമായ ഭാർഗ്ഗവീനിലയം. എന്നാൽ. “മാണിക്യവീണയുമായി” കാട്ടുപൂക്കൾ എന്ന സിനിമയിലെ ഗാനരംഗത്ത് ഒരു കാല്പനിക നായകന്റെ അഭിനയ വഴക്കത്തിലേക്കെത്തുന്നതു നോക്കൂ. (യേശുദാസിന് ആദ്യ അവാർഡ് നേടി കൊടുത്ത ഗാനവുമാണിത്. മമ്മൂട്ടിയുടെ ഇഷ്ട ഗാനവും. പിന്നെയുമെത്രയോ അഭിനയ മുഹൂർത്തങ്ങൾക്ക് സാക്ഷിയായ ആറ്റിനക്കരെയക്കരെയാരാരോ… (ഓളവും തീരവും) മണിമാരൻ തന്നത്, യേശുദാസ് സംഗീതം ചെയ്ത ആശ്ചര്യചൂഢാമണി [തീക്കനൽ ] തുടങ്ങി… എം എസ്‌വി- ശ്രീകുമാരൻ തമ്പി ടീമിന്റെ “മരച്ചീനി വിളയുന്ന മലയാളം / ഈ മലയാളിപ്പെണ്ണിന്റെ സാമ്രാജ്യം ” ശ്രീവിദ്യയോടൊപ്പം അനശ്വരമാക്കിയ ഈ ഗാന രംഗങ്ങളൊക്കെയും മലയാളികൾക്ക് വിസ്മരിക്കാനാവില്ല. ഷീല, ജയഭാരതി, കെ ആർ വിജയ, ശാരദ… തുടങ്ങി നായികാ കഥാപാത്രങ്ങളോടൊപ്പം തികച്ചും അനയാസമായഭിനയിച്ച അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ എഴുപതുകൾ വളരെ നിർണായക സമയമായിരുന്നു. പി എൻ മേനോനും, അടൂർ ഗോപാലകൃഷ്ണനും, ജോൺ എബ്രഹാമും പ്രതിനിധാനം ചെയ്ത നവ സിനിമയുടെ ഭാഗം തന്നെയായിരുന്നു മധു. അതുകൊണ്ടു തന്നെയാണ് പുതിയ സിനിമാക്കാരെല്ലാം അദ്ദേഹത്തെ തേടി വന്നത്. തന്നെ തേടി വരുന്നവരുടെ മനസ് തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അതു പോലെ തന്നെ സിനിമയിലെ ഏറ്റവും ഇളം തലമുറയെ സ്നേഹത്തോടെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു വലിയ മനസിനുടമയാണദ്ദേഹം. എന്നാൽ തൊണ്ണൂറുകളിലേക്കെത്തിയതോടെ സിനിമയുമായി പൊരുത്തപ്പെടാനുള്ള ചില വിയോജിപ്പുകളാവാം അദ്ദേഹത്തെ ടെലിവിഷൻ രംഗത്തേക്ക് നട്ടത്. ജീവിതത്തെ നാടകീയമായി മനസിലാക്കി അതിനെ ക്രിയാത്മകമായി പുനരാവിഷ്ക്കരിക്കാൻ ഇത് സഹായകമായി.
ചെമ്മീനിലെ പരീക്കുട്ടിയെന്ന എന്ന അനശ്വര കഥാപാത്രത്തിൽ നിന്നും 70കളിലെ ഓളവും തീരത്തിലെ ബാപ്പുട്ടിയിലേക്കെത്തുമ്പോൾ മറ്റൊരു ദുരന്ത നായകനെയാണ് കാണുന്നത്. എന്നാൽ 77 ലെ ഇതാഇവിടെ വരെയിൽ താറാവ് കർഷകനായ പൈലിയുടെ പ്രതിനായക വേഷം മറ്റൊരഭിനയ തികവ് തന്നെയാണ്. അടൂരിന്റെ സ്വയംവരത്തിലെ വിശ്വനാവട്ടെ ഒന്നുമില്ലായ്മയിൽ നിന്നും കുടുംബം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയും അധ്യാപകന്റെയും കണക്കെഴുത്തുകാരന്റെയും എഴുത്തുക്കാരന്റെയുമൊക്കെ ജന്മങ്ങൾ ഒരൊറ്റ കാലത്തിൽ ജീവിച്ചു തീർക്കുകയും ഒന്നും മുഴുമിക്കുവാനുമാവാത്ത ഒരു കഥാപാത്രമാണ്. എന്നാൽ തൊണ്ണൂറുകളിൽ കമൽ സംവിധാനം ചെയ്ത ചതിയുടെയും പകയുടേയും കഥ പറയുന്നചമ്പക്കുളം തച്ചനിലാവട്ടെ മൂത്താശാരി എന്ന ശക്തമായ കഥാപാത്രത്തെയാണ്, മധു അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളിലേ ജയരാജിന്റെ കുടുംബ സമേതത്തിലാവട്ടെ രാഘവക്കുറുപ്പ് എന്ന കരുത്തുറ്റ കഥാപാത്രമായാണ് മധുവെത്തുന്നത്. സംഗീതജ്ഞനാകാൻ മോഹിക്കുന്ന മകനും അവനെ സ്വന്തം ഇഷ്ടപ്രകാരം വളർത്താൻ ശ്രമിക്കുന്ന കർക്കശക്കാരനായ പിതാവും തമ്മിലുള്ള സംഘർഷമാണല്ലൊ കുടുംബസമേതത്തിന്റെ പ്രമേയം.
ഇങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളിലെ പല സംവിധായകരിലൂടെ വേഷപ്പകർച്ചകളിലൂടെ നിറഞ്ഞാടിയ ഇന്ത്യൻ സിനിമയുടെ കരുത്തുറ്റ നടന്‍ നവതി പൂർണ്ണതയിലെത്തി നിൽക്കുമ്പോൾ വിശ്വകവി ടാഗോർ പറഞ്ഞതു പോലെ “ഉയർന്നിരിക്കുന്നതെന്തോ അത് ശിരസ് എന്നും തെളിഞ്ഞിരിക്കുന്നത് എന്തോ അത് മനസ് എന്നും”. അതെ ആർജവം തന്നെയാണ് നവതിയുടെ പൂർണതയിലും മലയാളികളുടെ സ്വന്തം മധു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.