23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 9, 2024
December 3, 2024
December 3, 2024
October 20, 2024
October 15, 2024
September 17, 2024

ട്രാൻസ്ജെൻഡര്‍ കുട്ടികളുടെ വിദ്യാഭ്യാസം; അധ്യാപക പരിശീലന മാനുവല്‍ പിൻവലിച്ച് എൻസിഇആര്‍ടി

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2021 7:15 pm

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളെ ഉള്‍പ്പെടുത്താനുള്ള സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങി(എന്‍സിഇആര്‍ടി)ന്റെ അധ്യാപക പരിശീലന മാനുവല്‍ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചു. സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെ, ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ പരാതിയും ലഭിച്ചതോടെയാണ് എന്‍സിഇആര്‍ടി വെബ്സൈറ്റില്‍ നിന്ന് മാനുവല്‍ ഒഴിവാക്കിയിരിക്കുന്നത്. 

എന്‍സിഇആര്‍ടി ജെന്‍ഡര്‍ സ്റ്റഡീസ് പ്രൊഫസറും മുന്‍ വകുപ്പ് മേധാവിയുമായ പൂനം അഗര്‍വാളിന്റെ നേതൃത്വത്തില്‍ നിരവധി പ്രഗത്ഭവ്യക്തികള്‍ ചേര്‍ന്നാണ് ‘ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തല്‍: ആശങ്കകളും മാര്‍ഗരേഖയും’ എന്ന പേരിലുള്ള മാനുവല്‍ തയാറാക്കിയത്. 2020 ല്‍ സിബിഎസ്‌ഇയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യഥാക്രമം 19, ആറ് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. ഇവരിലെ വിജയശതമാനം വളരെ കൂടുതലാണെന്നതും ബുദ്ധിക്കുറവോ പഠനത്തില്‍ താല്പര്യമില്ലായ്മയോ കാരണമായല്ല ഇവര്‍ പൊതുവെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് അകന്നുപോകുന്നതെന്ന് മനസിലാക്കിയെടുക്കാമെന്ന് മാനുവലില്‍ വ്യക്തമാക്കുന്നു. ട്രാന്‍സ്ജെന്‍ഡറോ ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ വ്യക്തതയില്ലാത്തവരോ ആയ കുട്ടികളെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോകാതെ സഹായിക്കുന്നതിന് അധ്യാപകര്‍ക്കും അധ്യാപകപരിശീലകര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായുള്ളതാണ് മാനുവല്‍.

ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പെടെ വ്യത്യസ്ത ലൈംഗികതയുള്ളവരോട് സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടില്‍ നിന്ന് അധ്യാപകരെയും അതുവഴി പുതിയ തലമുറയെയും മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് എന്‍സിഇആര്‍ടി തയാറാക്കിയ മാനുവലിന്റെ പിന്നിലുള്ള ലക്ഷ്യം. ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദവും വിവിധ ലൈംഗിക വിഭാഗങ്ങളോട് സമഭാവനയുള്ളതുമായ അടിസ്ഥാനസൗകര്യങ്ങളാണ് വിദ്യാലയങ്ങളില്‍ വേണ്ടതെന്ന് മാനുവലില്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍, നിലവിലുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ പാഠ്യരീതിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയുള്ള വിവിധ കാര്യങ്ങളാണ് എന്‍സിഇആര്‍ടിയുടെ മാനുവല്‍ ചൂണ്ടിക്കാട്ടുന്നത്. 

മാനുവല്‍ പ്രസിദ്ധീകരിച്ചതോടെ പലരും അനുകൂലമായി പ്രതികരിച്ചുവെങ്കിലും നിരവധി പേരാണ് കടുത്ത എതിര്‍പ്പുകളുമായി രംഗത്തെത്തിയത്. മാനുവലിലെ ജാതി പുരുഷാധിപത്യം (കാസ്റ്റ് പാട്രിയാര്‍ക്കി) എന്ന പരാമര്‍ശം ഹിന്ദുക്കള്‍ക്കെതിരെയുള്ളതെന്ന് വ്യാഖ്യാനിച്ച് പലരും എതിര്‍പ്പുയര്‍ത്തി. ആണ്‍-പെണ്‍ കുട്ടികള്‍ക്കുള്ള വ്യത്യസ്തമായ വാഷ്റൂമുകളുള്‍പ്പെടെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മാനുവലില്‍ നിര്‍ദ്ദേശിക്കുന്നതെന്ന തെറ്റിദ്ധാരണമാണ് പലര്‍ക്കും മാനുവലിനോട് എതിര്‍പ്പുണ്ടാകാനുള്ള കാരണം. എന്നാല്‍ നിലവിലുള്ളതിനു പുറമെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വാഷ്റൂമുകള്‍ കൂടി വേണമെന്നായിരുന്നു മാനുവലിലെ നിര്‍ദ്ദേശമെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങളിലുള്ള തെറ്റിദ്ധാരണയും യാഥാസ്ഥിതിക മനോഭാവവുമെല്ലാം കടുത്ത എതിര്‍പ്പിന് കാരണമായെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. മാത്രമല്ല, പലരും കരുതിയത് ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ഭാഗമാണെന്നായിരുന്നു. എന്നാല്‍ ഇത് അധ്യാപക പരിശീലനത്തിന്റെ ഭാഗമാണെന്നത് പലരും മനസിലാക്കിയില്ല. 

പുതിയ കാലഘട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളോട് സമൂഹത്തിനുള്ള തെറ്റിദ്ധാരണകളും വേര്‍തിരിവുകളും ഒഴിവാക്കുന്നതിനായി എന്‍സിഇആര്‍ടിയുടെ മാനുവല്‍ പോലുള്ള ഇടപെടലുകള്‍ അത്യാവശ്യമാണെന്നും അതിനാല്‍ ഇത് പിന്‍വലിക്കരുതെന്നും മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരിക്കുകയാണ്. ദേശീയ ബാലാവകാശ കമ്മിഷന് ലഭിച്ച ഒരു പരാതിയില്‍ നല്‍കിയ നോട്ടീസിന് എന്‍സിഇആര്‍ടി നിലപാട് വ്യക്തമാക്കി മറുപടി നല്‍കുന്നതിലൂടെ മാനുവല്‍ പുനഃപ്രസിദ്ധീകരിക്കാനും തുടര്‍ന്ന് അധ്യാപകരെ പഠിപ്പിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഉള്‍പ്പെടെയുള്ളത്.

Eng­lish Sum­ma­ry : ncert can­celled teach­ers manual 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.