23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 31, 2024
September 13, 2023
September 4, 2023
September 4, 2023
June 13, 2023
April 21, 2023
March 12, 2023
February 22, 2023
February 7, 2023
February 6, 2023

തമിഴ്‌നാട്ടില്‍ പോര് മാറ്റിവച്ച് ബിജെപിക്കെതിരെ സഖ്യകക്ഷിനേതാക്കളായ എടപ്പാടിയും പനീര്‍ശെല്‍വവും

അണ്ണാമലൈയുടെ പ്രസ്താവന ഗൂഢലക്ഷ്യത്തോടെ എന്ന് പളനിസ്വാമി; കഴുതയ്ക്ക് കർപ്പൂരത്തിന്റെ മണം അറിയുമോ എന്ന് ഒപിഎസ്
web desk
ചെന്നൈ
June 13, 2023 6:47 pm

തമിഴ്‌നാടിന്റെ സര്‍വ ആദരവും ഏറ്റുവാങ്ങിയ മണ്‍മറഞ്ഞ മുന്‍ മുഖ്യമന്ത്രി ജയലളിതയെ ആക്ഷേപിച്ചതോടെ രണ്ട് ദ്രുവത്തില്‍ നിന്നിരുന്ന എടപ്പാടി കെ പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും ബിജെപിക്കെതിരെ കൈകോര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കെതിരെയാണ് ഇരുനേതാക്കളും ശക്തമായ വിമര്‍ശനത്തോടെ രംഗത്തെത്തിയത്. കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) അണ്ണാമലൈക്കും ബിജെപിക്കും എതിരെ പ്രമേയം പാസാക്കി. അണ്ണാമലൈയുടെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ സംസ്ഥാന പ്രതിപക്ഷ നേതാവുകൂടിയായ കെ പളനിസ്വാമി, ‘അമ്മ’(ജയലളിത)യ്ക്കെതിരെയുള്ള ആരോപണം ഗൂഢലക്ഷ്യത്തോടെയാണും പ്രതികരിച്ചു. എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ.

അണ്ണാമലൈയുടെ പ്രസ്താവനകൾ പൂർണമായും ഉള്‍ക്കൊള്ളാനാവാത്തതാണ്. അത് എഐഎഡിഎംകെ പ്രവർത്തകരെയെല്ലാം വേദനിപ്പിച്ചുവെന്നും പളനിസ്വാമി പറഞ്ഞു.

എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർസെൽവവും (ഒപിഎസ്) ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. അണ്ണാമലൈ രാഷ്ട്രീയമായി പക്വതയില്ലാത്തയാളാണെന്ന് ഒപിഎസ് പറഞ്ഞു. മറ്റ് ദേശീയ നേതാക്കളിൽ നിന്ന് അമ്മയ്ക്ക് ബഹുമാനമുണ്ടായിരുന്നു. അണ്ണാമലൈയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത് തമിഴ് പഴഞ്ചൊല്ലാണ്- ‘കഴുതയ്ക്ക് കർപ്പൂറിന്റെ മണം അറിയുമോ?’ ഒപിഎസ് പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ലായിരുന്നെങ്കിൽ അമ്മ (jay­alalitha) പ്രധാനമന്ത്രിയാകുമായിരുന്നുവെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജയലളിതയെ അണ്ണാമലൈ വിമർശിച്ചത്. തമിഴ്‌നാട്ടിലെ പല ഭരണസംവിധാനങ്ങളും അഴിമതി നിറഞ്ഞതായിരുന്നു. മുൻ മുഖ്യമന്ത്രിമാർ കോടതിയിൽ ശിക്ഷിക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് തമിഴ്‌നാട് ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി മാറി. അഴിമതിയിൽ ഒന്നാം സ്ഥാനത്തായിരുന്നു ജയലളിത അധികാരത്തിലിരുന്ന 1991–96 കാലഘട്ടം എന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

അമ്മ മക്കൾ മുന്നേറ്റ കഴക(എഎംഎംകെ)വും ബിജെപിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ബിജെപി പ്രസിഡന്റ് അണ്ണാമലൈ അനുഭവപരിചയമില്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ടി ടി വി ദിനകരൻ പ്രതികരിച്ചു. ജയലളിതയുടെ വസതിയിൽ പ്രധാനമന്ത്രി മോഡി നടത്തിയ സന്ദർശനത്തെയും ദിനകരന്‍ ചൂണ്ടിക്കാട്ടി. ജയലളിത അഴിമതിക്കാരിയാണെന്ന് അണ്ണാമലൈ പറഞ്ഞത് സത്യമാണെങ്കിൽ പ്രധാനമന്ത്രി മോഡി അവിടെ പോകരുതായിരുന്നുവെന്നും ദിനകരന്‍ പറഞ്ഞു. പക്വമായ രാഷ്ട്രീയ ധാരണയില്ലാതെ പൊട്ടിത്തെറിക്കുന്ന അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷനാകാൻ യോഗ്യനാണോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sam­mury: tami­lanad nda Alliance lead­ers Edap­pa­di and Paneer­sel­vam against BJP state pres­i­dent k annamalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.