26 December 2024, Thursday
KSFE Galaxy Chits Banner 2

അഴിമതിക്കെതിര കുരിശ് യുദ്ധവുമായി നേതാജിയുടെ സേനാപതി

എം സി വസിഷ്ഠ്
July 14, 2024 3:45 am

ഇന്ത്യൻ വാണിജ്യ സിനിമാ ചരിത്രത്തിലെ ഇതിഹാസ കഥാപാത്രമാണ് 1996 ൽ റിലീസ് ചെയ്ത ഇന്ത്യൻ എന്ന തമിഴ് ചലച്ചിത്രത്തിലെ സേനാപതി. കമലഹാസൻ അനശ്വരനാക്കിയ ഈ കഥാപാത്രത്തിലൂടെ മൂന്നാം തവണയും ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. പ്രശസ്ത സിനിമാ സംവിധായകൻ ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യനിലെ സേനാപതിയും ഇന്ത്യനും ഇന്ത്യൻ സ്ക്രീനുകളിൽ പുനരവതരിപ്പിക്കുന്നു. പുതിയ പതിപ്പിന്റെ പേര് ഇന്ത്യൻ 2 എന്നാണ്

എന്തുകൊണ്ടാണ് ഇന്ത്യൻ എന്ന ചലച്ചിത്രത്തിലെ സേനാപതിയെന്ന കഥാപാത്രം ഇതിഹാസ തുല്യമാവുന്നത്. അഴിമതിക്കെതിരെ നിരന്തരമായ, വിട്ടുവീഴ്ചയില്ലാത്ത, സഹിഷ്ണുതയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന ഒരു കഥാപാത്രമാണ് സേനാപതി. അഴിമതി ചെയ്ത സ്വന്തം മകനെ പോലും ശിക്ഷിക്കാൻ സേനാപതിക്ക് മടിയില്ല. ഇത്തരത്തിലുള്ള വിവിധ കഥാപാത്രങ്ങൾ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങൾ ഇതിനു മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ ആ കഥാപാത്രങ്ങളിൽ നിന്നൊക്കെ ഇന്ത്യനിലെ സേനാപതിയെ വേർതിരിക്കുന്ന ഘടകം സേനാപതിക്ക് ചരിത്രത്തിന്റെ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പിൻബലമുണ്ട് എന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല അധ്യായമാണ് നേതാജി സുഭാഷ് ചന്ദ്രബോസും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും. നേതാജിയുടെ കീഴിൽ ഉണ്ടായിരുന്ന ഐഎൻഎയിലെ അംഗമായിരുന്നു സേനാപതി എന്ന കഥാപാത്രം. ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള ഇന്ത്യയുടെ മോചനമായിരുന്നു ഇന്ത്യൻ ഇന്‍ഡിപ്പെൻഡന്‍സ് ലീഗിന്റെയും ഐഎൻഎയുടേയും ആത്യന്തിക ലക്ഷ്യം. വിദേശത്ത് രൂപം കൊണ്ട ഇന്ത്യൻ ഇന്‍ഡിപ്പെൻഡന്‍സ് ലീഗിന്റെ സൈനികവിഭാഗമായിരുന്നു ഐഎൻഎ, ആസാദ് ഹിന്ദ് ഫൗജ് എന്ന പേരിലും അത് അറിയപ്പെട്ടു. അതിന്റെ സൈനികമേധാവി മോഹൻസിങ്ങായിരുന്നു. എന്നാൽ മോഹൻസിങ്ങിനോട് ജാപ്പനീസ് ഭരണകൂടത്തിന് താല്പര്യമുണ്ടായിരുന്നില്ല. അവർ മോഹൻസിങ്ങിനെ അറസ്റ്റ് ചെയ്തു. ഈ സന്ദർഭത്തിലാണ് റാഷ് ബിഹാരി ബോസ് സുഭാഷ് ചന്ദ്രബോസിനെ ഐഎൻഎയുടെ നേതൃത്വം ഏറ്റെടുക്കാൻ ക്ഷണിച്ചത്. അങ്ങനെ പിൽക്കാലത്ത് ഐഎൻഎയുടെ നേതൃത്വം നേതാജി സുഭാഷ് ചന്ദ്രബോസ് ഏറ്റെടുക്കുകയാണ് ഉണ്ടായത്. 

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി, ഇന്ത്യയെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നു മോചിപ്പിക്കാനായി അതിസാഹസികമായ പ്രവർത്തനങ്ങളിലേർപ്പെട്ട, സ്വന്തം ജീവൻ പോലും ത്യജിച്ച സ്വാതന്ത്രസമര സേനാനിയാണ് സുഭാഷ് ചന്ദ്രബോസ്. അത് കൊണ്ട് തന്നെ ഇന്ത്യൻ സ്വാതന്ത്രസമരസേനാനികൾക്കിടയിൽ ഒരു രജത രേഖയായി നേതാജി സുഭാഷ് ചന്ദ്രബോസിപ്പോഴും നിലനിൽക്കുന്നു. സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിലെ അംഗമായിരുന്നു സേനാപതി. അതു കൊണ്ട് തന്നെ സേനാപതി എന്ന കഥാപാത്രത്തിന് ചരിത്രത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ പിൻബലമുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ഉൾപ്പെട്ട ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും അതിലെ നേതാക്കൾക്കും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സ്വതന്ത്രാനന്തര ഇന്ത്യയെ കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുകളും വീക്ഷണങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നും മോചിപ്പിക്കുക മാത്രമായിരുന്നില്ല അവരുടെ ഉദ്ദേശ്യം. സ്വതന്ത്രാനന്തര ഇന്ത്യയിൽ ക്ഷേമരാഷ്ട്രം അല്ലെങ്കിൽ പരമാവധി ജനങ്ങൾക്ക് നീതി ലഭിക്കുന്ന അവർക്ക് സമാധാനപൂർവം അന്തസോടെ ജീവിക്കാൻ കഴിയുന്ന ദാരിദ്ര്യവും അസമത്വങ്ങളും ഇല്ലാത്ത ഒരു വ്യവസ്ഥ സൃഷ്ടിക്കാൻ ആഗ്രഹിച്ചിരുന്നു, അങ്ങനത്തെ ഒരു ലോകം അവർ വിഭാവനം ചെയ്തിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി സുഭാഷ് ചന്ദ്രബോസും സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിലെ നൂറു കണക്കിന് ഭടന്മാരും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യസമര സേനാനികളുടെ സമരത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ്. എന്നാൽ സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായത് സ്വാതന്ത്ര്യസമരസേനാനികൾ സ്വപ്നം കണ്ട, അവർ വിഭാവനം ചെയ്ത ഇന്ത്യ ആയിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ ശാപമായി ഇന്നും തുടരുന്നത് അഴിമതിയാണ്. അഴിമതിക്ക് പ്രധാനമായും രണ്ട് രൂപങ്ങളുണ്ട്. ഒന്ന് രാഷ്ട്രീയതലത്തിലുള്ള അഴിമതി, രണ്ട് ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി. അഴിമതിയുടെ രൂപങ്ങളും ഭാവങ്ങളും വിത്യാസപ്പെട്ടിരിക്കാം. പക്ഷേ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവന്റെ അന്തസുള്ള ജീവിതം ഇല്ലാതാക്കുന്ന ഒരു അർബുദമായി അഴിമതി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പടർന്നു പിടിച്ചു. 

ചുരുക്കത്തിൽ ഇന്ത്യൻ സ്വതന്ത്രസമരസേനാനികൾ നേടിത്തന്ന ഇന്ത്യയുടെ സ്വാതന്ത്ര്യം സ്വാതന്ത്രാനന്തര ഇന്ത്യയിലെ രാഷ്ട്രീയ കച്ചവടക്കാർ വിറ്റ് കാശാക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുെകാണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭത്തിലാണ് സേനാപതിയപ്പോലുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ രൂപം കൊള്ളുന്നതും അതിനെ ജനം രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നതും. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടുീ സേനാപതി എന്ന കഥാപാത്രം ഇന്നും സിനിമാ പ്രേമികളുടെ മനസ്സിൽ ജീവിക്കുന്നു. കാരണം ആ കഥാപാത്രത്തിന് അത്രയും ശക്തമായ വേരുകളുണ്ട്. ആ വേരുകൾ ചരിത്രത്തിൽ നിന്നാണ്. ചരിത്രത്തിൽ വേരുകൾ ഉള്ളത് കൊണ്ട് ആ കഥാപാത്രത്തിന് എന്നും അനശ്വരമായി നിലനിൽക്കാൻ സാധിക്കും. എല്ലാ വാണിജ്യചേരുവകളും കൂട്ടി ഇണക്കി നിർമ്മിച്ച ഒരു പക്കാ കൊമേഴ്സൽ ചിത്രമാണ് ഇന്ത്യൻ. പക്ഷേ ഈ കൊമേഴ്സൽ ചിത്രത്തെയും അതിലെ മുഖ്യകഥാപാത്രത്തെയും വേർതിരിക്കുന്ന ഒരു പ്രധാന ഘടകം അത് രൂപപ്പെട്ടിരിക്കുന്ന ചരിത്രപശ്ചാത്തലവും വർത്തമാനകാല സാഹചര്യങ്ങളും ആണ്. ചിത്രത്തിന്റെ ട്രെയിലറിൽ സൂചിപ്പിക്കുന്നത് പോലെ പഠിച്ചവർക്ക് ജോലി ഇല്ലാത്ത കാലഘട്ടത്തിൽ, ജോലിയുളളവർക്ക് വേതനം ഇല്ലാത്ത കാലഘട്ടത്തിൽ, രാജ്യം അഴിമതിയിൽ മുങ്ങിയിരിക്കുമ്പോൾ ഇന്ത്യൻ ജനത ആഗ്രഹിക്കുന്നുണ്ട്, ഒരു സേനാപതിയുടെ വരവിനുവേണ്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.