
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഗാസയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കുമെന്ന മുൻഗാമിയായ ജസ്റ്റിൻ ട്രൂഡോയുടെ വാക്ക് പാലിക്കുമോ എന്ന ചോദ്യത്തിന് ഒരു മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലാണ് മാർക്ക് കാർണി മറുപടി നൽകിയത്.
ഗാസയിൽ പട്ടിണിയെ ഒരു യുദ്ധമുറയായി ഉപയോഗിച്ചതും മനുഷ്യത്വരഹിതമായ പ്രവൃത്തികളും ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് 2024 നവംബറിലാണ് ഇസ്രായേലി നേതാക്കളായ ബെഞ്ചമിൻ നെതന്യാഹുവിനും അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുക, ജനങ്ങളെ പട്ടിണിക്കിടുക, ആശുപത്രികളടക്കം തകർക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഐസിസി പ്രധാനമായും ഉന്നയിച്ചിരുന്നത്.
ഐസിസിയിലെ ഒരംഗരാജ്യമെന്ന നിലയിൽ, കോടതിയുടെ തീരുമാനങ്ങളുമായി സഹകരിക്കാൻ കാനഡ നിയമപരമായി ബാധ്യസ്ഥമാണ്. ഐസിസി പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറന്റുകൾ നടപ്പിലാക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, നെതന്യാഹുവിനും ഗാലന്റിനുമെതിരായ അറസ്റ്റ് വാറന്റ് ചോദ്യം ചെയ്ത് ഇസ്രായേൽ നൽകിയ അപ്പീൽ ഐസിസി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.