പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസ് എഡ് ടെക്കിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ മറച്ചുവച്ച വായ്പത്തുക ഉപയോഗിച്ച് സോഫ്റ്റ്‌വേര്‍ വിദ്യാഭ്യാസ സ്ഥാപനം വാങ്ങാൻ ശ്രമിച്ചതായി ആരോപണം. യുഎസിലെ ബിസിനസുകാരനായ വില്യം ആർ ഹെയ്‌ലറാണ് ഡെലവെയറിലെ പാപ്പരത്ത കോടതിയിൽ ഇതുസംബന്ധിച്ച സത്യവാങ് മൂലം ഫയൽ ചെയ്തത്. കടക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിനായി 10,136 കോടി രൂപ വായ്പ നേടാന്‍ ബൈജു രവീന്ദ്രന്‍ തന്നെ റിക്രൂട്ട് ചെയ്തതാണെന്ന് ഹെയ്‌ലര്‍ പറയുന്നു.
ഈ തുക ഉപയോഗിച്ച് അമേരിക്കൻ ട്രസ്റ്റി ഏറ്റെടുത്ത ബൈജൂസിന്റെ ഒരു സോഫ്റ്റ്‌വേർ കമ്പനിയെ തിരികെ വാങ്ങാൻ ശ്രമം നടത്തി. വിദ്യാഭ്യാസ സോഫ്റ്റ്‌വേർ കമ്പനിയായ എപ്പിക് വാങ്ങുന്നതിനായുളള നീക്കങ്ങളാണ് ബൈജു രവീന്ദ്രന്‍ നടത്തിയത്. എന്നാല്‍ നീക്കം പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിയമം വളച്ചൊടിക്കുന്നതിന് തന്നെ കരുവായി ബൈജു ഉപയോഗിച്ചതായും ഹെയ്‌ലര്‍ പറഞ്ഞു.
യുകെ ആസ്ഥാനമായ ലോജിസ്റ്റിക്സ് സ്ഥാപനമായ ഒസിഐ ലിമിറ്റഡ് യുഎസിലെ വായ്പാ ദാതാക്കൾക്ക് നല്‍കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളർ വായ്പയായി സ്വീകരിച്ചതായും ഹെയ്‌ലര്‍ ആരോപിക്കുന്നു. അതേസമയം ബൈജുസിന്റെ പേരിൽ ഒസിഐ പണം കൈവശം വച്ചിരുന്നു എന്നതിന്റെ തെളിവ് ശേഖരിക്കാൻ തനിക്ക് സാധിച്ചില്ലെന്നും ഹെയ്‌ലർ കോടതിയെ അറിയിച്ചു. യുഎസ് കോടതികളിൽ വായ്പക്കാർ ബൈജൂസിനെതിരെ ഒരു വർഷത്തിലേറെയായി കേസ് നടത്തുകയാണ്. അതേസമയം ഇന്ത്യയില്‍ ബൈജൂസിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.