November 30, 2023 Thursday

Related news

November 29, 2023
November 29, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 23, 2023
November 22, 2023
November 22, 2023
November 21, 2023

പുത്തന്‍കൂറ്റുകാര്‍ക്കും സുരേന്ദ്രന്‍പക്ഷത്തിനും ഉന്നതപദവി; ബിജെപിയില്‍ പുതിയ കലഹം

കെ കെ ജയേഷ്
കോഴിക്കോട്
September 20, 2023 9:28 pm
മാസങ്ങൾക്ക് മുമ്പ് മാത്രം പാർട്ടിയിലെത്തിയവർക്കും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം നിൽക്കുന്ന നേതാക്കൾക്കും ഉന്നതസ്ഥാനങ്ങൾ നൽകിയത് ബിജെപിയില്‍ പുതിയ കലഹത്തിന് വഴിമരുന്നിട്ടു. അനർഹർക്ക് സ്ഥാനങ്ങൾ നൽകുന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ നിർദേശപ്രകാരം വിക്ടർ ടി തോമസിനും പാലോട് സന്തോഷിനുമുൾപ്പെടെ ഉന്നത സ്ഥാനങ്ങൾ നൽകിയത്.
പത്തനംതിട്ടയിൽ നിന്നുള്ള വിക്ടർ ടി തോമസിനെ നാഷണൽ കൗൺസിൽ അംഗമായി നിയമിച്ചപ്പോൾ പാലോട് സന്തോഷ്, പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായ വി പി ശ്രീപത്മനാഭൻ എന്നിവരെ സംസ്ഥാന വക്താക്കളാക്കി. സംസ്ഥാന സമിതിയിലും മറ്റ് കമ്മിറ്റികളിലുമെല്ലാം കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്.
സുരേന്ദ്രന്റെ നാട്ടുകാരനും കടുത്ത അനുകൂലിയുമാണ് വി പി ശ്രീപത്മനാഭൻ. മുമ്പ് സുരേന്ദ്രനെതിരെ പാർട്ടിയിൽ പ്രതിഷേധം ഉയർന്നപ്പോഴെല്ലാം പ്രതിരോധിക്കാൻ ഇദ്ദേഹം മുമ്പിലുണ്ടായിരുന്നു. 2020ൽ കെ സുരേന്ദ്രനാണ് വി പി ശ്രീപത്മനാഭനെ സംസ്ഥാന കമ്മിറ്റി അംഗമായി നാമനിര്‍ദേശം ചെയ്തത്.
ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന പാലോട് സന്തോഷ് ഏതാനും മാസം മുമ്പാണ് ബിജെപിയിൽ ചേർന്നത്. നേരത്തെ കാട്ടാക്കട, വിളപ്പിൽശാല, കോവളം മേഖലകളിലെ നിരവധി ബിജെപി പ്രവർത്തകരെ പാലോട് സന്തോഷ് ജനതാദൾ എസിലേക്ക് ചേർത്തിരുന്നു. അധികംവെെകാതെ സ്വന്തം പാർട്ടി പിളർത്തി ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
ഏപ്രിലിലാണ് പത്തനംതിട്ട ജില്ലയിലെ കേരള കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസ് ബിജെപിയിൽ ചേക്കേറിയത്. 20 വർഷത്തോളം യുഡിഎഫ് ജില്ലാ ചെയർമാനായിരുന്നു ഇദ്ദേഹം. 10 വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റാവുകയും രണ്ടുതവണ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്ത വിക്ടർ യുഡിഎഫിൽ ഐക്യമില്ലെന്ന് ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്.
ജോണി നെല്ലൂരിനൊപ്പം കാസ എന്ന സംഘടനയുടെ സഹായത്തോടെ നാഷണലിസ്റ്റ് പ്രോഗ്രസീവ് പാർട്ടി എന്ന പേരിൽ പുതിയ പാർട്ടിയുടെ രൂപീകരണത്തിനും വിക്ടര്‍ നീക്കം നടത്തിയിരുന്നു. പിന്നീട് ജോണി നെല്ലൂരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബിജെപിയിൽ ചേരുകയായിരുന്നു. ഇരുനേതാക്കളുടെയും പാർട്ടി മാറ്റത്തിന് നേതൃത്വം നൽകിയത് കെ സുരേന്ദ്രനായിരുന്നു.
പാലോട് സന്തോഷിന്റെയും വിക്ടർ ടി തോമസിന്റെയും പാർട്ടി പ്രവേശം വലിയ രാഷ്ട്രീയ മാറ്റമായാണ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചത്. പ്രകാശ് ജാവഡേക്കറുടെ സാന്നിധ്യത്തിലായിരുന്നു വിക്ടർ ബിജെപിയിൽ ചേർന്നത്. സന്തോഷിനെയും വിക്ടറിനെയും കൊണ്ട് ദേശീയ അധ്യക്ഷൻ ജെ പി നഡ്ഢയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടിയിലെത്തിയവർക്ക് ഉന്നത സ്ഥാനം നൽകുന്നതിൽ പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കേരള കോൺഗ്രസിലും ജനതാദൾ എസിലും യാതൊരു ശക്തിയുമില്ലാതിരുന്ന രണ്ട് നേതാക്കളെ പാർട്ടിയിൽ കൊണ്ടുവന്ന് അവർക്ക് അർഹതയില്ലാത്ത സ്ഥാനങ്ങൾ നൽകുകയാണ് കെ സുരേന്ദ്രനെന്നാണ് ഇപ്പോഴത്തെ ആരോപണം.
വിവിധ പാർട്ടികൾ വിട്ട് ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയും അനിൽ ആന്റണിയുമെല്ലാം ദേശീയ തലത്തിൽ ഉന്നത സ്ഥാനത്തെത്തുമ്പോൾ കേരളത്തിൽ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പലരും അവഗണിക്കപ്പെടുകയാണ്.

Eng­lish sum­ma­ry; New con­flict in BJP

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.