22 December 2024, Sunday
KSFE Galaxy Chits Banner 2

പുതിയ ക്രിമിനൽ നിയമങ്ങളും നീതിയുടെ മരണമണിയും

അഡ്വ. കെ പി ജയചന്ദ്രന്‍
July 1, 2024 4:45 am

ന്ത്യ നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണ്. വ്യക്തിഗതം, സാമൂഹ്യം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം, സർക്കാർ ഉദ്യോഗം, പൊതു സേവനം എന്നിങ്ങനെ ഏത് പ്രവൃത്തിയും അതത് നിയമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഖ്യാഗണന നടത്തിയാൽ ലക്ഷക്കണക്കിന് നിയമങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനമായവ ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിനിയമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ്. ഈ പറഞ്ഞ പേരുകൾ ചരിത്രമായി മാറുകയാണ്. ഈ മൂന്ന് നിയമങ്ങളും കഴിഞ്ഞ പാർലമെന്റ്, പുതിയ നിയമങ്ങൾ കൊണ്ട് മാറ്റിയിരിക്കുകയാണ്. പുതിയ നിയമങ്ങൾ എന്ന് ലഘുവായി പറയാവുന്ന കാര്യമല്ല. ഈ മൂന്ന് നിയമങ്ങളും നമ്മുടെ നീതി നിർവഹണ സംവിധാനത്തിന് ആണിക്കല്ലുകൾ ആണ് എന്നതാണ് കാര്യം. പാർലമെന്റിന്റെ പരമപ്രധാന കർമ്മം നിയമനിർമ്മാണമാണ്. വിശദവും വിശാലവുമായ ചർച്ചകളും വിലയിരുത്തലുകളും കരട് ബില്ലിൽ തിരുത്തലുകളും പുനർവായനയും വിശേഷ കമ്മിറ്റിയുടെ പരിഗണനയും ഒക്കെ കഴിഞ്ഞാണ് ഒരു നിയമം പാർലമെന്റ് തള്ളുകയോ കൊള്ളുകയോ ചെയ്യുന്നത്. ഈ കീഴ്‌വഴക്കത്തിന്റെ വെളിച്ചത്തിൽ വേണം നിലവിലെ മൂന്ന് ക്രിമിനൽ കോഡുകളും മാറ്റുന്നതിന് പാർലമെന്റ് കാണിച്ച ധൃതിയും അനവധാനതയും കാണേണ്ടത്. 

2020ലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നത്. ഈ സമിതിയുടെ അധ്യക്ഷൻ വൈസ് ചാൻസലർ ഡോ. രൺവീർ സിങ് ആയിരുന്നു. ഈ സമിതിയോട് ആവശ്യപ്പെട്ടത് നിലവിലെ മൂന്ന് ക്രിമിനൽ നിയമങ്ങളും പുനഃപരിശോധിക്കുക എന്നതാണ്. വ്യക്തിസ്വാതന്ത്ര്യവും സംരക്ഷണയും സാമൂഹ്യ സുരക്ഷയും ദേശതാല്പര്യങ്ങളും ഒക്കെ മുൻനിർത്തി വേണം ഈ കർമ്മം നിർവഹിക്കാനെന്നും നിർദ്ദേശിച്ചു. എന്നാൽ പ്രായോഗിക തലത്തിൽ അങ്ങനെയല്ല അനുഭവമുണ്ടായത്. മതിയായ കൂടിയാലോചനകൾ ശരിയായ അർത്ഥത്തിൽ നടന്നില്ല. സംസ്ഥാന ബാർ കൗൺസിലുകളോ ഓൾ ഇന്ത്യ ബാർ കൗൺസിലോ ബാർ അസോസിയേഷനുകളോ ന്യായാധിപരോ ഭരണഘടന വിദഗ്ധരോ ഒന്നും സമിതിയുമായി ചർച്ചകളിൽ ഏർപ്പെട്ടില്ല. വളരെ ചുരുക്കത്തിൽ ഒരു അഭ്യാസമാണ് നടന്നതെന്ന് കാണാം. അതായത് 2020ല്‍ നിയമിതമായ സമിതി അവരുടെ ശുപാർശകളും കരട് നിയമങ്ങളും മൂന്നു കൊല്ലത്തിനുള്ളിൽ നൽകി എന്നതിൽ നിന്ന് തന്നെ പ്രവർത്തനം എത്ര ന്യൂനത ഉള്ളതായിരുന്നു എന്ന് കാണാവുന്നതാണ്. 2023 ഓഗസ്റ്റ് 11നാണ് അന്നത്തെ കേന്ദ്രസർക്കാർ പാർലമെന്റിൽ പുതിയനിയമങ്ങൾ അവതരിപ്പിച്ചത്. ചില ഭേദഗതികളോടെ വീണ്ടും ഡിസംബറിൽ അവതരിപ്പിച്ചു. വളരെ സമഗ്രമായ ചർച്ചകൾക്ക് വിധേയമാകേണ്ടിയിരുന്ന ഈ മൂന്ന് നിയമങ്ങളും ചില കുറുക്കുവഴികളിലൂടെയാണ് പാസാക്കിയെടുത്തത്. പ്രതിപക്ഷത്തെ 143 എംപിമാരെ സസ്പെൻഡ് ചെയ്തതിനുശേഷം ആണ് നിയമങ്ങൾ അതിവേഗ നടപടികളിലൂടെ പാസായതായി പ്രഖ്യാപിച്ചത്. സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന മിതമായ ആവശ്യം പോലും സമ്പൂർണമായും തള്ളി. 

പുതിയ നിയമങ്ങൾ

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഭരണഘടനാപരമായി തന്നെ ഇംഗ്ലീഷ് ആണ്. ഹൈക്കോടതികളുടെയും ഭാഷ ഇംഗ്ലീഷ് തന്നെ. അതിനാൽ നിയമങ്ങൾ എല്ലാം ഇംഗ്ലീഷിൽ ആകുന്നതാണ് ഉചിതവും നിയമനിർമ്മാണത്തിന് സൗകര്യവും. പ്രാദേശിക ഭാഷകളിലുള്ള നിയമങ്ങൾ അവ വിജ്ഞാപനം ചെയ്യുന്നതിനോടൊപ്പം തന്നെ ഇംഗ്ലീഷിലും പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി വിധിയും ഉണ്ട്. ഈ പശ്ചാത്തലത്തിൽ വേണം പുതിയ നിയമങ്ങളുടെ ശീർഷകങ്ങൾ മനസിലാക്കാൻ. അവ ഇപ്രകാരമാണ്: ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത. വായനക്കാർക്ക് മനസ്സിലാകുന്നത് പോലെ സംസ്കൃത ഭാഷയിൽ. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പകരക്കാരനാണ് ഭാരതീയ ന്യായ സംഹിത. തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ സംഹിത. ക്രിമിനൽ ചട്ടത്തിന്റെ പകരക്കാരനാണ് ഭാരതീയ നാഗരിക സുരക്ഷ സംഹിത.
ചില നിയമങ്ങൾ ഭേദഗതിപ്പെടുത്തുന്നതിലോ മാറ്റുന്നതിലോ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിലോ യുക്തിരാഹിത്യം ഇല്ല. എന്നാൽ പുതിയ നിയമങ്ങൾ കൊണ്ടുവരുമ്പോൾ അവയുടെ നിർമ്മാണത്തിന് പാലിക്കേണ്ട സൂക്ഷ്മതയും ജാഗ്രതയും അഗാധവും പദാനുപദവുമായ വിശകലനവും ചർച്ചയും ഉണ്ടാകണം എന്ന കാര്യത്തിലാണ് നിർബന്ധം. ഏത് ക്രിമിനൽ നിയമവും വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ മേലുള്ള സോപാധിക വിലക്കുകളാണ്. ഒരു പരിഷ്കൃത സമൂഹത്തിന് ഇത്തരം വിലക്കുകളില്ലാതെ നിലനിൽക്കാനും കഴിയില്ല. എന്നാൽ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക സ്വാതന്ത്ര്യങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യങ്ങളുടെയും വെളിച്ചം കെടുത്താതെ മാത്രമേ ഈ നിയന്ത്രണങ്ങൾ പാടുള്ളൂ. പഴയ നിയമങ്ങൾ കൊളോണിയൽ അഥവാ ബ്രിട്ടീഷ് ആധിപത്യത്തിന്റെ സ്മാരകങ്ങളാണ് എന്നുള്ളതാണ് അവ ആപാദചൂഡം മാറ്റുന്നതിന് കേന്ദ്രസർക്കാർ ഉയർത്തിയ ഒരു ന്യായം. അങ്ങനെയാണെങ്കിൽ പുതിയ നിയമങ്ങൾ പ്രതീക്ഷാനിർഭരമായിരിക്കണം. അവ ആധിപത്യ സ്വഭാവം ഉള്ളതാകാൻ പാടില്ല. എന്നാൽ പുതിയ നിയമങ്ങൾ ഒരു വാചകത്തിൽ നിർവചിച്ചാൽ അത്യധിനിവേശത്തിന്റെ അനുവാദ പത്രങ്ങളാണ് എന്ന് ഏത് നിയമജ്ഞനും പറയും. 

ചില മൗലിക പ്രശ്നങ്ങൾ

പൗരന്മാരെ ശത്രുസ്ഥാനത്തു കണ്ടുകൊണ്ടും അവർ രാഷ്ട്രത്തിനെതിരെ സർവഥാ ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുന്നുവെന്നു കണ്ടും ഉള്ള വികല മാനസികാവസ്ഥയിൽ ആണ് പുതിയ നിയമങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്നു തോന്നുക സ്വാഭാവികം.
അക്കാദമിക് കൗതുകം മാത്രമേ ഇക്കാര്യത്തിൽ ഉള്ളൂ എന്ന് വിചാരിക്കുന്ന സാമാന്യജനം തങ്ങളെ അനുനിമിഷം ബാധിക്കുന്ന ഭീകരതയുടെ ഗ്രീൻ സിഗ്നൽ ആണ് ഈ നിയമങ്ങൾ എന്ന് മനസിലാക്കണം. നിയമവ്യാഖ്യാനങ്ങളുടെ സൂക്ഷ്മതലങ്ങളും പുതിയ നിയമങ്ങളുടെ സാങ്കേതികതയും മനസ്സിലാക്കുന്നതിനു നിയമസാക്ഷരത ആവശ്യമായതിനാൽ അക്കാര്യങ്ങൾ ഈ ലേഖനത്തിൽ ഒഴിവാക്കുന്നു.
പുതിയ നിയമങ്ങളിലൂടെ ആസന്നമായ ഭീകരതയെ പറ്റി മാത്രം പറയാം: വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമായവയാണ്. പുതിയ നിയമങ്ങൾ പൗരാവകാശങ്ങളെ പാടെ ഗളഛേദം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കൂ. പൊലീസ് രാജിനെ ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കില്ല. അതിനാലാണ് കുറ്റാരോപിതന് നിയമം പരിരക്ഷകൾ നൽകിയിരുന്നത്. കസ്റ്റഡി കാലാവധി 15 ദിവസം എന്നത് തന്നെ ദീർഘമായ കാലമാണെന്നും ലഘൂകരണം ആവശ്യമാണെന്നും കരുതിയിരുന്നു. എന്നാൽ പുതിയ നിയമങ്ങൾ എതിർ ദിശയിലേക്ക് അതിദൂരം സഞ്ചരിച്ചിരിക്കുന്നു, കസ്റ്റഡി കാലാവധി 60 മുതൽ 90 ദിവസം വരെ ദീർഘിപ്പിച്ചിരിക്കുന്നു.
ആരോപിതമായ കുറ്റത്തിൽ ഉൾപ്പെട്ടത് എന്ന് പൊലീസ് സങ്കല്പിക്കുന്ന ഏത് സ്ഥാവര ജംഗമ വസ്തുവിനെയും ജപ്തി ചെയ്യാനുള്ള അധികാരം പൊലീസിന് പുതിയ നിയമത്തിൽ നൽകിയിരിക്കുന്നു എന്നത് ഭയാശങ്കയുണ്ടാക്കുന്നതാണ്. മജിസ്റ്റീരിയൽ അധികാരം കൂടി ഇവ്വിധം സിദ്ധിക്കുന്നതോടെ ഒരു പൊലീസ് സ്റ്റേറ്റ് എന്ന അനാശാസ്യവും ഭീകരവുമായ വാസ്തവത്തിലേക്ക് രാജ്യം ചെന്നെത്തും. അടിയന്തരാവസ്ഥ മറ്റൊരു വിധത്തിൽ പ്രഖ്യാപിക്കുന്നു എന്ന് മാത്രം. മർദകോപാധി ആയി പൊലീസ് സംവിധാനത്തെ ഉപയോഗിക്കാനുള്ള സ്വേച്ഛാധിപതിയുടെ തീർച്ചയാണ് ഈ പരിഷ്കാരം.
വിമർശന ശബ്ദങ്ങളെ എങ്ങനെയാണ് കഴിഞ്ഞ 10 വർഷക്കാലം കേന്ദ്രം അടിച്ചമർത്തിയതെന്നു ഭാരതം കണ്ടതാണ്. ഭീഷണിയും താക്കീതും കൊലപാതകം പോലും അതിനുള്ള ഉപാധികൾ ആയി. ശിക്ഷാ നിയമത്തിലെ ‘രാജ്യദ്രോഹം’ എന്ന സർവസംഹാരിയായ വകുപ്പ് ഖണ്ഡന ശബ്ദങ്ങളുടെ ഉറവിടത്തിനെതിരെ പ്രയോഗിക്കുക എന്ന ഭരണകൂട ഭീകരത എല്ലാ സീമകളെയും ലംഘിച്ചപ്പോഴാണ്, സുപ്രീം കോടതി ഉറച്ച ശബ്ദത്തിൽ ഇടപെട്ടത്.
ഏത് വിമർശനവും ‘രാജ്യദ്രോഹക്കുറ്റം’ ആക്കിക്കളയാവുന്ന ശിക്ഷാനിയമത്തിലെ വകുപ്പ് (സെഡിഷന്‍) സുപ്രീം കോടതി താൽക്കാലികമായി മരവിപ്പിച്ചു. ആ വകുപ്പ് പുനരാലോചനയ്ക്ക് വിധേയമാക്കാൻ കേന്ദ്രസർക്കാരിനോട് കൽപ്പിച്ചു. അതേ വകുപ്പാണ് പുതിയ വ്യാഖ്യാനം നൽകി കൂടുതൽ പ്രഹര ശേഷിയോടെ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം, അഖണ്ഡത എന്നിവയെ ബാധിക്കുന്ന എന്തും രാജ്യദ്രോഹമായി കാണാം. കേന്ദ്രത്തിന്റെ ഒരു നയത്തെയോ പ്രവർത്തിയെയോ പ്രസ്താവന പോലുമോ വിമർശിക്കുന്നത് ഈ വിശാലമായ വ്യാഖ്യാനത്തിനുള്ളിൽ കൊണ്ടു വരാവുന്നതേയുള്ളൂ. ഒരു ട്രോളോ കാർട്ടൂൺ പോലുമോ ഇനി അവയുടെ നിർമ്മാതാക്കൾക്ക് ഭയത്തിന്റെ ഇരുണ്ട വർഷങ്ങൾ സമ്മാനിക്കാം. 

രാഷ്ട്രീയ എതിരാളികളെ ഇഡി എന്ന സംവിധാനം ഉപയോഗിച്ച് നിശബ്ദരും നിർജീവരും ആക്കാനുള്ള ശ്രമങ്ങളെ എത്ര തവണയാണ് സുപ്രീം കോടതി വിലക്കിയതും അന്യായമെന്നു വിധിച്ച് അസാധുവാക്കിയതും. ഇക്കാര്യത്തിന് ഇഡി ഉപയോഗപ്പെടുത്തിയതും സുപ്രീം കോടതി പല കേസുകളിലും വിമർശിച്ചതുമായ അനിയന്ത്രിത അധികാരം, പൊലീസ് സംവിധാനത്തിന് മുഴുവൻ ഔദാര്യപൂർവം നൽകുന്നു പുതിയ നിയമങ്ങൾ എന്നതാണ് രത്നച്ചുരുക്കം.
പുതിയ നിയമങ്ങളിലൂടെ സർക്കാർ ഉദ്ദ്യേശിക്കുന്ന ഗൂഢലക്ഷ്യങ്ങളെ ശക്തമായി പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും ധർമ്മമാണ്. കാരണം നിശബ്ദത പുലർത്തിയാൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെട്ടു പോകാം. അഭിഭാഷക സംഘടനകൾ ഒത്തുതീർപ്പില്ലാത്ത എതിർപ്പിലാണ്. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സംഘടന ആയ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേസ് ഈ പ്രതിഷേധങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നു. വിജയം ആക്ഷ്യം. അഥവാ പൗരസ്വാതന്ത്ര്യം, അന്തസ്സ് ഇവ സംരക്ഷിക്കുക ആണ് ജാഗ്രത്തിലും നിദ്രയിൽ പോലും നമ്മുടെ അർപ്പിത കർത്തവ്യം. 

(ലേഖകൻ പ്രശസ്ത മുതിര്‍ന്ന അഭിഭാഷകനും അഡീ ഷണൽ അഡ്വക്കറ്റ് ജനറലും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേസിന്റെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ആണ്) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.