12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 27, 2025
March 27, 2025

‘ആറാട്ട്‘കാണാന്‍ നില്‍ക്കാതെ പ്രദീപിന്റെ മടക്കം

സരിത കൃഷ്ണൻ
കോട്ടയം
February 17, 2022 10:22 pm

നാടകത്തിലൂടെയും മറ്റും അഭിനയത്തിൽ സജീവമായിരുന്ന പ്രദീപ് വെള്ളിത്തിരയിലേക്ക് വരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. അവസ്ഥാന്തരങ്ങൾ എന്ന ടെലിഫിലിമിൽ ബാലതാരങ്ങളെ വേണമെന്നറിഞ്ഞ് മകനുമൊത്ത് സെറ്റിലെത്തിയതായിരുന്നു പ്രദീപ്. എന്നാൽ ആ ടെലിഫിലിമിൽ മകനല്ല, മറിച്ച് മറ്റൊരു മുതിർന്ന വേഷത്തിലേക്ക് കോട്ടയം പ്രദീപിന് നറുക്ക് വീഴുകയായിരുന്നു. നിർമ്മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് അവസരം നൽകിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിൽ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. 

സ്കൂൾ കാലഘട്ടത്തിൽ യുവജനോത്സവത്തിലും സ്കൂൾ വാർഷിക പരിപാടികളിലും സജീവമായിരുന്നു പ്രദീപ്. പാട്ട്, ഡാൻസ്, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. പത്താം വയസിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. എൻ എൻ പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിലൂടെ അരങ്ങിലെത്തിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്ത് സജീവമാണ്. സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് പ്രദീപ് സിനിമയിൽ എത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. പഠനത്തിന് ശേഷം ഏതാനും വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി. പിന്നെ എൽഐസിയിൽ അസിസ്റ്റന്റായി ജോലി കിട്ടി. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ റഫീഖാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. 

വേഷം എത്ര ചെറുതായാലും അതിലെ ഒരു ചെറു ഡയലോഗിലൂടെ കാഴ്ചക്കാരനിലേക്കെത്താനുള്ള പ്രദീപിന്റെ കഴിവ് അപാരമായിരുന്നു. നാട്ടുകാരൻ അമ്മാവനും ചേട്ടനും അയൽക്കാരനുമൊക്കെയായി മലയാളിയുടെ സിനിമാ ലോകത്തേക്ക് പ്രദീപ് പലവട്ടം ഇറങ്ങിച്ചെന്നു. തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പിൽ ജോപ്പൻ, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിൽ രാജാ റാണി, നൻപനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
1999ൽ ഐ വി ശശി ചിത്രമായ ‘ഈ നാട് ഇന്നലെ വരെ‘യിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പല തരത്തിലുള്ള വേഷങ്ങൾ അവതരിപ്പിച്ചു. 

2009ൽ ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നന്ദു പൊതുവാൾ വഴി ഗൗതം മേനോന് മുന്നിൽ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായാണ് അന്നും നറുക്ക് വീണത്. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.
2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. ഇന്ന് റിലീസ് ആവുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിലും പ്രദീപ് വേഷമിട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: new film aarat­tu kot­tayam pradeep left us
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.