22 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 28, 2023
May 3, 2023
January 12, 2023
November 2, 2022
July 4, 2022
June 5, 2022
May 22, 2022
May 19, 2022
April 27, 2022
April 23, 2022

പൊതുമേഖലയ്ക്ക് അന്ത്യം കുറിക്കാൻ പുത്തൻ സംവിധാനം

കെ പി ശങ്കരദാസ്
May 22, 2022 6:00 am

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വില്ക്കുന്നതിനും സംയുക്ത സംരംഭങ്ങളിലെ സർക്കാർവക ഓഹരികൾ വിറ്റഴിക്കുന്നതിനും അതതു സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് കേന്ദ്ര സർക്കാർ അധികാരം നൽകിയിരിക്കുകയാണ്. അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ബോർഡുകൾക്ക് തീരുമാനമെടുക്കാം. ഈ വക കാര്യങ്ങളിൽ ഇതിന് മുൻപ് തീരുമാനമെടുത്തിരുന്നത് കേന്ദ്ര മന്ത്രിസഭാ യോഗമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റു സർക്കാർ ഏജൻസികളുടെയും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും എല്ലാം വില്പന നടത്തുന്നതിനായി “നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപറേഷൻ” എന്ന പേരിൽ ഒരു പ്രത്യേക സ്ഥാപനം രൂപീകരിക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകി. ഓഹരിയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റു സർക്കാർ ഏജൻസികളുടെയും മിച്ചഭൂമിയും മറ്റു സമ്പത്തുകളുമെല്ലാം വേഗത്തിൽ വിറ്റഴിക്കുന്നതിനു വേണ്ടിയാണീ തീരുമാനമെന്നാണ് വിശദീകരണം. രാജ്യത്ത് അങ്ങോളമിങ്ങോളം വികസനത്തിന്റെ തേര് തെളിക്കുകയും സമ്പദ്ഘടന ബലിഷ്ഠമാക്കുന്നതിന് മഹത്തായ പങ്ക് വഹിക്കുകയും ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഇന്നാട്ടിൽ നിന്നും തുടച്ചുനീക്കാനുള്ള തീവ്രയത്നത്തിലാണ് നരേന്ദ്രമോഡി സർക്കാർ. പൊതുമേഖല എന്നത് ഒരു അവശ്യഘടകമായി കാണേണ്ട കാലം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും പൊതുമേഖലയിൽ മൂലധനനിക്ഷേപം നടത്തുന്നതിൽ നിന്ന് പിന്തിരിയുകയാണ് ഗവൺമെന്റിന്റെ നയമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമനും വ്യക്തമാക്കിയതിന്റെ പിന്നാലെയാണ് പൊതുമേഖലാ എന്നൊന്ന് വേണ്ട എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ തലങ്ങും വിലങ്ങും സ്വീകരിച്ചുതുടങ്ങിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിധ്യം എത്രത്തോളം കുറയ്ക്കാമോ അത്രയും കുറയ്ക്കുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നു. ആണവോർജ്ജം, ബഹിരാകാശം എന്നിങ്ങനെ വളരെ ചുരുക്കം മേഖലകൾ ഒഴികെ മറ്റെല്ലാം സമ്പൂർണമായി സ്വകാര്യവല്ക്കരിക്കുവാനാണ് പുറപ്പാട്. ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള സേവനമേഖലകളും പ്രതിരോധം പോലുള്ള അതീവ തന്ത്രപ്രധാന മേഖലകളും വരെ സ്വകാര്യവല്ക്കരിച്ച് കോർപറേറ്റുകൾക്ക് അടിയറവയ്ക്കുന്നതോടെ പൊതുമേഖലാ വിമുക്തമായ രാജ്യം എന്നിടത്തേക്കാണ് കേന്ദ്രസർക്കാർ ഇന്ത്യയെ കൊണ്ടെത്തിക്കുന്നത്. അന്തർദേശീയ ധനമൂലധന ശക്തികളുടെയും ഇന്ത്യൻ കുത്തകകളുടെയും താല്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെ പോകാനും തയാറാണെന്ന് തെളിയിക്കുന്ന ഒന്നാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്ന നവരത്ന മഹാരത്ന പട്ടികയിൽപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടക്കുരുതി.

1956 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു നിരവധി സുപ്രധാന മേഖലയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ജന്മം നൽകി ചരിത്രം സൃഷ്ടിച്ചുവെങ്കിൽ 1969 ൽ മറ്റൊരു ചരിത്രപരമായ നീക്കം നടത്തി 14 ബാങ്കുകൾ ദേശസാല്ക്കരിച്ചു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. പി വി നരസിംഹറാവു സർക്കാർ ദേശസാല്ക്കരണത്തെ അട്ടിമറിച്ചുകൊണ്ട് 1991 നശീകരണാത്മകമായ ആഗോളീകരണ, ഉദാരീകരണ സ്വകാര്യവല്ക്കരണ നയങ്ങളിലേക്ക് രാജ്യത്തെ തിരിച്ചുവിട്ടു. കൽക്കരി ഖനനമേഖലയാണ് നരസിംഹറാവു സ്വകാര്യവല്ക്കരിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിങ് അതിനു ചുക്കാൻ പിടിച്ചു. ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായ 1996നു ശേഷം സ്വകാര്യവല്ക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. ടെലികോം രംഗത്തെ സ്വകാര്യവല്ക്കരണമായിരുന്നു തുടക്കം. എല്ലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളാക്കി മാറ്റണമെന്ന പി എസ് നായിഡു കമ്മിറ്റിയുടെ റിപ്പോർട്ട് മൻമോഹൻ സർക്കാർ അംഗീകരിച്ചുവെങ്കിലും ആ ദിശയിലേക്ക് കൂടുതലായി നീങ്ങിയില്ല. ഇടതുപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് മൂലമായിരുന്നു അത്. രണ്ടാം യുപിഎ സർക്കാർ ലക്കുംലഗാനുമില്ലാതെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവല്ക്കരണത്തിന് ആക്കം കൂട്ടി. പ്രതിരോധം, റയിൽവേ, റോഡ് ഗതാഗതം, വ്യോമയാനം വൈദ്യുതി, ആരോഗ്യം, കൃഷി, വാർത്താവിനിമയം, ബാങ്ക്, ഇൻഷുറൻസ്, വിമാനത്താവളം, വളം, രാസവസ്തു, കൽക്കരി, ധാതുമണൽ, ഫിഷറീസ്, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യ മുലധന ശക്തികളുടെ തേർവാഴ്ചയ്ക്ക് കളമൊരുക്കിക്കഴിഞ്ഞു. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് പി വി നരസിംഹറാവുവിന്റെ സർക്കാരും ഡോ. മൻമോഹൻസിങ് സർക്കാരും സ്വകാര്യവല്ക്കരിച്ചതെങ്കിൽ തന്ത്രപ്രധാന മേഖലകളിലെ സ്ഥാപനങ്ങളും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരികളും വൻതോതിൽ വിറ്റഴിച്ച് സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് നരേന്ദ്രമോഡി സർക്കാർ. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം കൈവിടുന്ന അത്യാപൽക്കരമായ നയവ്യതിയാനത്തിലേക്ക് നരേന്ദ്രമോഡി തിരിഞ്ഞിരിക്കുന്നുയെന്നതാണ് ഏറെ ആശങ്കാജനകമായ കാര്യം. വളരെ സുപ്രധാനമായ പല മേഖലകളിലും സ്വകാര്യവല്ക്കരണത്തെക്കാൾ വീറോടെ വിദേശവല്ക്കരണത്തിനും വഴി തുറന്നിരിക്കുകയാണ്. പെട്ടെന്ന് വൻലാഭം കൈക്കലാക്കാൻ കഴിയുന്ന ധനകാര്യ സേവനമേഖലയിലാണ് തകൃതിയായ വിദേശവല്ക്കരണം നടത്തുന്നത്. പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽ 74 ശതമാനം വരെ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാൻ തീരുമാനിച്ചതോടെ മറയില്ലാത്ത വിദേശവല്ക്കരണം ഉണ്ടാകും എന്നുറപ്പായി.


ഇതുകൂടി വായിക്കാം; കേരളവികസനവും കേന്ദ്ര സമീപനവും


ഏറ്റവും കൂടുതൽ പെട്രോൾ ഉപഭോഗമുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും എണ്ണ ഉല്പാദനത്തിൽ ഇന്നും ഏറെ പിന്നിലാണ്. അതുകൊണ്ടുതന്നെ ആഗോള എണ്ണ വിപണിയിലെ വ്യതിയാനങ്ങൾ ഇന്ത്യയെ കൂടുതലായി ബാധിക്കുന്നുമുണ്ട്. എണ്ണപ്പാടങ്ങൾ വിദേശ കമ്പനികളുടെ കൈകളിലെത്തുക കൂടി ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നമ്മുടെ കണക്കുകൂട്ടലിനപ്പുറമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ റയിൽവേ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ റയിൽവേയുടെ സ്വകാര്യവല്ക്കരണത്തിന് തുടക്കമിട്ടത് രാജ്യസ്നേഹികളെയൊക്കെ അമ്പരപ്പിച്ച സംഭവവികാസമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദായകർ എന്ന നിലയിൽ തൊഴിൽരഹിതരുടെ ആശാകേന്ദ്രമായ ഇന്ത്യൻ റയിൽവേയെ 12 ക്ലസ്റ്ററുകളായി വിഭജിച്ച് സ്വകാര്യസംരംഭകർക്ക് കൈമാറാനാണ് നീക്കം. ആദ്യഘട്ടത്തിൽ 2800 ട്രെയിനുകളിൽ അഞ്ചുശതമാനം മാത്രമേ സ്വാകാര്യ മേഖലയ്ക്ക് കൈമാറൂ എന്ന് പറയുന്നുണ്ടെങ്കിലും ആത്യന്തിക ലക്ഷ്യം സമ്പൂർണ സ്വകാര്യവല്ക്കരണം തന്നെയാണ്. 13 ലക്ഷം തൊഴിലാളികളും 11 ലക്ഷം പെൻഷൻകാരും ഉള്ള ഇന്ത്യൻ റയിൽവേ ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ തൊഴിൽദാതാവാണ്. സ്വകാര്യവല്ക്കരണത്തോടെ സ്ഥിരം തൊഴിലാളികളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. പുതിയ നിയമനങ്ങൾ വളരെ പരിമിതമായിരിക്കും. കരാർ തൊഴിലിലൂടെയുള്ള തൊഴിൽ ചൂഷണത്തിന് ഈ സ്ഥാപനം വേദിയാകുകയും ചെയ്യും. രാജ്യത്തെ എണ്ണക്കമ്പനികളെല്ലാം ലാഭത്തിലാണ്. പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം എന്നിവയിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന വിദേശ കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് കേന്ദ്ര സർക്കാർ വഴങ്ങുമെന്ന സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് പരമാവധി കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കി സേവനാധിഷ്ഠിതമായി പ്രവർത്തിച്ചുപോരുന്ന സംസ്ഥാന വൈദ്യുതി ബോർഡുകളെല്ലാം പൊതുമേഖലയിലാണ്.

നരേന്ദ്രമോഡി സർക്കാർ കൊണ്ടുവന്ന ഭേദഗതി നിയമം സംസ്ഥാന വൈദ്യുതി ബോർഡുകളെ ഭീമമായ നഷ്ടത്തിലേക്കും കടക്കെണിയിലേക്കും തള്ളിവീഴ്ത്തുകയും ആത്യന്തികമായി ഇവ ഒന്നൊന്നായി അടച്ചുപൂട്ടുന്നതിൽ കൊണ്ടെത്തിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധന്മാരുടെ വിലയിരുത്തൽ. നിയമഭേദഗതിയിലെ നിർദേശങ്ങൾ പ്രകാരം ഏതെങ്കിലും പ്രദേശത്ത് വൈദ്യുതി വിതരണം നടത്താൻ മുന്നോട്ടുവരുന്ന സ്വകാര്യ കമ്പനി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ രജിസ്റ്റർ ചെയ്താൽ മതി. സംസ്ഥാന സർക്കാരൊ സംസ്ഥാന റഗുലേറ്ററി കമ്മിഷനൊ ഇക്കാര്യം അറിയേണ്ടതില്ല. സാർവത്രിക വൈദ്യുതീകരണത്തിന്റെ നട്ടെല്ലായ ക്രോസ് സബ്സിഡി നിർത്തലാക്കാൻ ഇനിയും വലിയ കാലതാമസമുണ്ടാകില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ 1.3 കോടിയിലധികം വരുന്ന ഉപഭോക്താക്കളിൽ 27 ശതമാനം വൈദ്യുതി ഉപയോഗിക്കുന്നത് 100 കിലോ വാട്ടിന് മുകളിൽ ഡിമാന്റുള്ള ആറായിരത്തോളം ഉപഭോക്താക്കൾ മാത്രം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ 19 എണ്ണവും നഷ്ടത്തിലേക്ക് കൂപ്പ്കുത്തിയിരിക്കുന്നു. മുൻപ് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഈ ബാങ്കുകൾ നഷ്ടത്തിലാകാൻ കാരണം കിട്ടാക്കടം വൻതോതിൽ പെരുകിയതാണ്. കോർപറേറ്റുകൾക്കും വൻകിട സ്വകാര്യ മുതലാളിമാർക്കും യഥേഷ്ടം വായ്പകൾ വാരിക്കോരി നൽകുകയും അവരിൽ നിന്ന് അത് തിരിച്ച് ഈടാക്കാതിരിക്കുകയും ചെയ്തപ്പോൾ എല്ലാ ബാങ്കുകളുടെയും കിട്ടാക്കടം കുതിച്ചുയരുകയും അവയുടെ സാമ്പത്തിക ഭദ്രത തകരുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾക്കൊത്ത് താളംതുള്ളാൻ പൊതുമേഖലാ ബാങ്കുകൾ നിർബന്ധിതരായതിനെത്തുടർന്നാണ് കിട്ടാക്കടം പെരുകിയത് എന്നതുകൊണ്ടുതന്നെ ബാങ്കുകൾ നഷ്ടത്തിലായതിന് ഉത്തരവാദി കേന്ദ്ര സർക്കാർ തന്നെയാണെന്നാണ് വിലയിരുത്തൽ. മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള എഴു വർഷത്തിനിടയിൽ ബാങ്കുകളുടെ കിട്ടാക്കടം നാലിരട്ടിയായി വർധിച്ചു. 2014‑ൽ മോഡി അധികാരത്തിലേറുമ്പോൾ ബാങ്കുകളുടെ കിട്ടാക്കടം 2.92 ലക്ഷം കോടിയായിരുന്നു. ഇന്നത് 12 ലക്ഷം കോടി രൂപയിൽ കവിഞ്ഞു. മൊത്തം കിട്ടാക്കടത്തിൽ എട്ട് ലക്ഷം കോടി രൂപയും കോർപറേറ്റുകളുടെതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.