2 May 2024, Thursday

അഫ്‌സാനയുടെ തിരക്കഥ പൊലീസിനെ വട്ടംചുറ്റിച്ചു: തിരച്ചിലിനായി വീട് പൊളിച്ചതിന്റെ നഷ്ടപരിഹാരം വേണമെന്ന് ഉടമ

Janayugom Webdesk
പത്തനംതിട്ട
July 28, 2023 9:20 pm

ഒന്നരവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തെറ്റായ മൊഴി നല്‍കി പൊലീസിനെ വട്ടംചുറ്റിച്ച അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പൊലീസ്. ഭര്‍ത്താവായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ മൊഴിലാണ് പൊലീസിന് തലവേദന സൃഷ്ടിച്ചത്. നൗഷാദിനെ തൊടുപുഴയില്‍ പിന്നീട് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവായത്.
ഈ സാഹചര്യത്തില്‍ അഫ്‌സാനയുടെ പേരില്‍ കബളിപ്പിക്കല്‍ കേസ് നിലനിര്‍ത്തും എന്നാണ് പൊലീസ് പറയുന്നത്. കൊലപാതക കേസ് ഒഴിവാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും.

അടൂര്‍ പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്നുമുതല്‍ പൊലീസ് നൗഷാദിനായി അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. തുടര്‍ന്ന് ചോദ്യം ചെയ്തതിലുളള വൈരുധ്യമാണ് അന്വേഷണം നൗഷാദിന്റെ ഭാര്യ അഫ്സാനയിലേക്ക് എത്തിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്‌സാന മൊഴിനല്‍കിയത് വലിയ കോളിളക്കം സൃഷ്ടിച്ചു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴ തൊമ്മന്‍കുത്തില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ തൊടുപുഴയിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച നൗഷാദിനെ ഉച്ചയോടെ പത്തനംതിട്ട പൊലീസിന് കൈമാറി പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നു.

തിരച്ചിലിനായി വീട് പൊളിച്ചതിന്റെ നഷ്ടപരിഹാരം വേണമെന്ന് ഉടമ

പത്തനംതിട്ട: അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയായ ബിജു രംഗത്തെത്തി. തന്റെ അടുക്കള മുഴവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച് പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിജു വ്യക്തമാക്കി.

നൗഷാദ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോന്നി : ഒന്നര വർഷം മുൻപ് കാണാതായ നൗഷാദ് തിരിച്ച് എത്തിയപ്പോൾ നൗഷാദ് തിരോധാനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പോലീസിന് ലഭിച്ചത്. ക്രൂരമായ മർദനം സഹിക്കാതെ ആണ് താൻ നാട് വിട്ടതെന്നും നൗഷാദ് പോലീസിനോട് പറഞ്ഞു.കാണാതായ ദിവസം അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദിച്ചിരുന്നു.അവശനിലയിലായ ഇയാളെ പരുത്തിപാറയിലെ വാടക വീട്ടിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. മരിച്ചു എന്ന് കരുതിയാവാം ഇവർ ഇയാളെ ഉപേക്ഷിച്ച് പോയത്.ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നൗഷാദിനെ കൊലപെടുത്തി എന്ന് പോലീസിന് മൊഴി നൽകിയത് എന്നും പോലീസ് പറയുന്നു.അഫ്‌സാനക്ക് എതിരെ എടുത്ത കേസിൽ കോടതിയിൽ റിപ്പോർട്ട്‌ നൽകുമെന്നും ജാമ്യത്തെ എതിർക്കില്ല എന്നും പോലീസ് പറഞ്ഞു.

നൗഷാദിനെ തിരിച്ച് കിട്ടിയതിൽ സന്തോഷമെന്ന് മാതാപിതാക്കൾ

കോന്നി : ഒന്നര വർഷം മുൻപ് കാണാതായ മകനെ ജീവനോടെ തിരിച്ച് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് നൗഷാദിന്റെ മാതാപിതാക്കളായ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ അഷ്‌റഫ്‌, സൈതുയിൻബീവി ദമ്പതികൾ പറഞ്ഞു. അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി നൗഷാദിനെ മർദിക്കുമായിരുന്നു എന്നും മാതാപിതാക്കൾ പറയുന്നു. എന്നാൽ മാതാപിതാക്കളോടും നൗഷാദിന്റെ സുഹൃത്തുകളോട് പോലും ഇയാൾ ഈ വിവരങ്ങൾ പറഞ്ഞിരുന്നില്ല. അഫ്‌സാനയും ഭാര്യ വീട്ടുകാരും സുഹൃത്തുക്കളും ഇയാളെ മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയാക്കിയിരുന്നു എന്നതാണ് ലഭിക്കുന്ന വിവരം എന്നും മാതാപിതാക്കൾ പറയുന്നു. നൗഷാദിന്റെ ഒരു പല്ല് നഷ്ടപെട്ടിട്ടുണ്ട് എന്നും നൗഷാദ് ക്രൂരമായ മർദനം ഏറ്റിട്ടുള്ളതിന് തെളിവാണ് ഇതെന്നും മാതാപിതാക്കൾ പറഞ്ഞു. കേസ് രെജിസ്റ്റർ ചെയ്ത നാൾ മുതൽ പോലീസും മാധ്യമങ്ങളും മികച്ച രീതിയിൽ സഹകരിച്ചു. കൊന്ന് കുഴിച്ചുമൂടി എന്ന് പറയുന്ന തന്റെ മകൻ തിരിച്ച് വന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും നൗഷാദിന്റെ മാതാപിതാക്കൾ പറയുന്നു.

ക്രൂരമായ മർദനം സഹിക്കാതെ ആണ് നാട് വിട്ടതെന്ന് നൗഷാദ്

കോന്നി : ക്രൂരമായ മർദനം സഹിക്കാതെ ആണ് നാട് വിട്ടതെന്ന് നൗഷാദ്. ഒന്നര വർഷം മുൻപ് തന്നെ അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു. ഇതിൽ സഹികെട്ടാണ് നാട് വിട്ടതെന്നും മാധ്യമങ്ങളോട് പറഞ്ഞു. അഫ്‌സാനയുമായുള്ള കുടുംബ ജീവിതത്തിൽ നിന്നും എങ്ങനെ എങ്കിലും ഒഴിവാക്കി കിട്ടിയാൽ മതിയെന്നും ഇനിയും കോടതിയിലെ നടപടികൾ പൂർത്തീകരിച്ച ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം പാടത്തെ വീട്ടിൽ പോകുമെന്നും പിന്നീട് തൊടുപുഴയിലേക്ക് മടങ്ങും എന്നും നൗഷാദ് പറഞ്ഞു. നൗഷാദിനെ കൂടൽ സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപെടുത്തിയ ശേഷം റാന്നി കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടു. നൗഷാദ് തിരോധാനം സംബന്ധിച്ച കേസുകൾ അവസാനിപ്പിച്ചതായും അന്വേഷണം വഴി തെറ്റിച്ചതിന് അഫ്‌സാനക്ക് എതിരെ കേസ് നിലനിൽക്കുമെന്നും കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ പറഞ്ഞു.

Eng­lish Sum­ma­ry: new upda­tion in Noushad miss­ing case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.