നല്ലളം സ്വദേശിയായ പ്രവാസിയെ കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയക്കാരൻ അറസ്റ്റിൽ. ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വെച്ച 65,000 രൂപയുടെ ആപ്പിൽ ഐപാഡ് വാങ്ങാനെന്ന വ്യാജേന നല്ലളം സ്വദേശിയ ബന്ധപ്പെട്ട പ്രതി ഡാനിയൽ ഒയ് വാലേ ഒലയിങ്ക ഇരുപത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. അമേരിക്കയിലെ വെൽസ് ഫാർഗോ എന്ന ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഡൊമൈൻ നിർമ്മിച്ചും പണം അയച്ചതിന്റെ വ്യാജ രസീത് ഇ മെയിൽ ചെയ്തുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആർബിഒ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിചയപ്പെടുത്തി വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. പ്രോസസിംഗ് ഫീ, അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനുള്ള ചെലവ് തുടങ്ങിയ പേരുകളിലാണ് ഇരുപത് ലക്ഷത്തോളം രൂപ വാങ്ങിയത്. ഇതിനായി സ്പൂഫ് ചെയ്ത ഇ മെയിൽ വിലാസമാണ് ഉപയോഗിച്ചിരുന്നത്.
മാർച്ച് മാസം കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും ആറു വർഷത്തോളമായി ഇന്ത്യയിൽ താമസിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തിരുന്ന ഡാനിയലിനെ ബംഗ്ളൂരുവിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവിലെ ളിബെലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ വിലാസത്തിൽ അനധികൃതമായി താമസിക്കുകയായിരുന്ന പ്രതിയുടെ രേഖകൾ പരിശോധിക്കാനെന്ന വ്യാജേന സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ കയ്യിൽ നിന്നും കേസിലെ കുറ്റകൃത്യത്തിനുപയോഗിച്ച സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ലാപ് ടോപുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു ലക്ഷത്തോളം ഫോൺ കോൾ രേഖകൾ പരിശോധിച്ചും ഒട്ടേറെ ഒ എൽ എക്സ് അക്കൗണ്ടുകൾ നിരീക്ഷിച്ചുമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിതേഷ്, രാജേഷ്, ഫെബിൻ, സിവിൽ പൊലീസ് ഓഫീസർമാരായ അർജുൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഡ്രൈവർ) രതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary: Nigerian arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.