27 December 2024, Friday
KSFE Galaxy Chits Banner 2

നിജ്ജര്‍ കൊലപാതകം ; ഇന്ത്യയുടെ പങ്ക് തെളിഞ്ഞാല്‍ അന്താരാഷ്ട്ര നിയമലംഘനം

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2023 8:51 pm

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് തെളിഞ്ഞാല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായിരിക്കുമെന്ന് നിരീക്ഷകര്‍. സംഭവത്തില്‍ ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നാണ് കാനഡ അവകാശപ്പെടുന്നത്. വിദേശമണ്ണിലെ ആസൂത്രിത കൊലപാതകക്കുറ്റത്തിന് പുറമെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമായി സംഭവം മാറും.
കാനഡ വിഷയം ഏതുരീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്നതിനെ അനുസരിച്ചായിരിക്കും വിഷയത്തിന്റെ ഗൗരവം തീരുമാനിക്കപ്പെടുകയെന്ന് കനേഡിയന്‍ അന്താരാഷ്ട്ര ക്രിമിനല്‍ അഭിഭാഷകന്‍ അമാന്‍ഡ ഗഹ്‌രമനി പറഞ്ഞു.
ജൂണ്‍ 18 ന് സറേയിലെ സിഖ് ഗുരുദ്വാരയ്ക്ക് മുന്നില്‍ വച്ചാണ് നിജ്ജര്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തിലെ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിക്കുന്നു.
വിദേശ സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് കനേഡിയന്‍ മണ്ണില്‍ ഒരു കൊലപാതകം നടന്നാല്‍ അത് രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പാര്‍ലമെന്റില്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യ കാനഡ നയതന്ത്ര യുദ്ധം ആരംഭിച്ചത്. സിഖ് തീവ്രവാദത്തെ ചെറുക്കാന്‍ കാനഡ നടപടി സ്വീകരിച്ചില്ലെന്നാണ് ഇന്ത്യയുടെ പക്ഷം. സ്വതന്ത്ര സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കുള്‍പ്പെടെ നിജ്ജര്‍ നീക്കം നടത്തിയിരുന്നു.
കാനഡയുടെ ആരോപണം തെളിഞ്ഞാല്‍ അത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് ബ്രിട്ടനിലെ റീഡിങ് സര്‍വകലാശാലയിലെ പൊതു അന്താരാഷ്ട്ര നിയമ വിഭാഗം പ്രൊഫസര്‍ മാര്‍കോ മിലാനൊവിക് പറഞ്ഞു. കരാറിനപ്പുറം അന്താരാഷ്ട്രതലത്തിലുള്ള കടപ്പാടുകള്‍ നയതന്ത്ര ബന്ധങ്ങളില്‍ നിന്നാണ് രൂപമെടുക്കുന്നത്. പ്രധാനമായും ആ സർക്കാരിന്റെ അനുമതിയില്ലാതെ ഒരു സര്‍ക്കാരിന് അതിന്റെ ഏജന്റുമാരെ മറ്റൊരു സംസ്ഥാനത്തിന്റെ പ്രദേശത്തേക്ക് അയയ്ക്കാൻ അനുവാദമില്ല. അത് പൂന്തോട്ടം നിര്‍മ്മിക്കാനായാലും കൊലപാതകത്തിനായാലും അനുമതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ അംഗരാജ്യങ്ങളും അവരുടെ അന്താരാഷ്ട്ര ബന്ധങ്ങളിലെ പ്രാദേശിക സമഗ്രതയ്‌ക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരായ വരുന്ന ഭീഷണിയിൽ നിന്നോ ബലപ്രയോഗത്തിൽ നിന്നോ വിട്ടുനിൽക്കണമെന്നാണ് യുഎന്‍ ചാര്‍ട്ടര്‍ പ്രതിപാദിക്കുന്നത്. ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ഇന്റര്‍നാഷണല്‍ കൊവേനന്റ് ഫോര്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ് (ഐസിസിപിആര്‍) കരാറില്‍ ഇന്ത്യയും കാനഡയും ഒപ്പുവച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍ക്ക് മറ്റ് സര്‍ക്കാരുകളോടുള്ള ബഹുമാനം, അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനം, വ്യക്തികളോടുള്ള ഉത്തരവാദിത്തങ്ങള്‍ തുടങ്ങി നിരവധി പരാമര്‍ശങ്ങള്‍ ഉത്തരം കരാറുകളില്‍ പറയുന്നുണ്ട്. അതായത് നിജ്ജറിന്റെ കൊലപാതകത്തിലെ ഇന്ത്യന്‍ പങ്ക് തെളിഞ്ഞാല്‍ അതൊരു വെറും വിദേശ കൊലപാതക കുറ്റം മാത്രമാകില്ലെന്നും അമാന്‍ഡ ഗഹ്‌രമനി പറഞ്ഞു.

Eng­lish sum­ma­ry; Nij­jar mur­der; Vio­la­tion of inter­na­tion­al law if Indi­a’s role is proved

you may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.