
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ പ്രവർത്തിക്കും. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് നാല് ടേബിളുകളും, ഇടിപിബിഎസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 30 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചു. ഇവർക്കുള്ള പരിശീലനം ജൂൺ 14നും 21നും പൂർത്തിയായി.
എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകം സജ്ജീകരിച്ച വിവിപാറ്റ് കൗണ്ടിംഗ് ബൂത്തിൽ ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും. വോട്ടെണ്ണൽ നടപടികൾ പൂർണ്ണമായി സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പോലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരും വരണാധികാരിയും വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കും. വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷണത്തിന് സ്ഥാനാർത്ഥികൾക്കും, ഏജന്റുമാർക്കും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വോട്ടെണ്ണലിന് മുന്നോടിയായി ജില്ലാ ഇലക്ഷൻ ഓഫീസർ ഇന്നലെ സ്ഥാനാർത്ഥികളുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്ത് വോട്ടെണ്ണൽ നടപടിക്രമങ്ങൾ വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.