
എഴുത്തിലുടനീളം മനുഷ്യസ്വാതന്ത്ര്യത്തിനും സമത്വദർശനത്തിനും പ്രാധാന്യം നൽകുന്ന നോവലിസ്റ്റാണ് നസീറ. നസീറ എഴുതിയ പുതിയ നോവലായ ‘മൃത്യുഗർത്ത’ത്തിൽ അത് കൂടുതൽ വ്യക്തമാവുന്നുണ്ട്. യുക്രൈൻ‑റഷ്യ യുദ്ധ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് ‘മൃത്യുഗർത്തം.’ യുദ്ധത്തിന്റെ നാളുകളിൽ യുക്രൈനിൽ പഠിച്ചിരുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് യുദ്ധദിനം ഒന്നു മുതൽ പതിനഞ്ചുവരെയും രണ്ടുവർഷം കഴിഞ്ഞുള്ള അവരുടെ ജീവിതഗതികളെയും ചെറുതും വലുതുമായ 45 അധ്യായങ്ങളിലൂടെ ആവിഷ്കരിച്ചിട്ടുള്ള ഈ നോവലിന്റെ ഓരോ വരിയും കണ്ണീരോടെയല്ലാതെ വായിച്ചുപോകാനാവില്ല. വായനക്കാരുടെ ബോധമനസിനെ യുദ്ധഭൂമിയിലേക്ക് അറിയാതെ പിടിച്ചുകൊണ്ടുപോകുന്ന രചനാകൗശലം ഈ നോവലിലുണ്ട്.
യുദ്ധത്തെ മുഖ്യവിഷയമാക്കിയാണെഴുതിയിട്ടുള്ളതെങ്കിലും യുദ്ധവിരസത വായനക്കാരിൽ അല്പവും സൃഷ്ടിക്കാത്ത തരത്തിൽ ഈ നോവൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ അടുപ്പയകലങ്ങൾ, പ്രണയസന്ദർഭങ്ങൾ, മക്കളെ കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ ഉൽക്കണ്ഠകൾ എന്നിവയെല്ലാം നോവലിന്റെ സൗന്ദര്യബോധത്തെയും സാഹിത്യഭംഗിയേയും വർധിപ്പിക്കുന്നുണ്ട്.
യുദ്ധം എങ്ങനെയാണ് മനുഷ്യരെയും സംസ്കാരത്തെയും കീഴ്പ്പെടുത്തുന്നതെന്ന് വെളിപ്പെടുത്താനും ‘മൃത്യുഗർത്ത’ത്തിനാകുന്നുണ്ട്. ഒരിടത്ത് യുദ്ധമുഖം അല്ലെങ്കിൽ പട്ടാള ഭീകരത വിവരിക്കുകയാണെങ്കിൽ തൊട്ടടുത്ത് കഥാപാത്രങ്ങളുടെ നാടിനെയും നാട്ടാരേയും വികാരവിചാരങ്ങളെയും ആവിഷ്കരിക്കുന്നു. എത്രവേഗത്തിലാണ് മനുഷ്യബന്ധങ്ങളും ഹൃദയബന്ധങ്ങളും പൊലിഞ്ഞുപോകുന്നതെന്ന് ഈ നോവൽ നമുക്കു വെളിപ്പെടുത്തിത്തരുന്നു.
വർണവെറി, അധികാരക്കൊതി നിറഞ്ഞ ഭരണകൂടഭീനകരത, ആധിപത്യമനോഭവം എന്നിവയെല്ലാം പറഞ്ഞു പോകുന്നുണ്ട് നോവലിൽ. യുദ്ധമുഖത്ത് നിന്ന് ജീവനും കൊണ്ട് പലായനം ചെയ്യുമ്പോൾ നിറം പറഞ്ഞ് കറുത്തവനോടൊപ്പം യാത്ര ചെയ്യാൻ വിമുഖത കാട്ടുന്ന വെള്ളക്കാരുടെ ചിത്രം, ആഹാരപ ദാർത്ഥങ്ങൾപോലും നൽകാതിരിക്കുന്ന അവസ്ഥ ഒപ്പം യുക്രൈൻ എന്ന രാജ്യത്തിന്റെ മനോഹാരിത, കാലാവസ്ഥ, സംസ്കാരം റഷ്യയുടെ മുഷ്കുനിറഞ്ഞ പെരുമാറ്റം, മറ്റ് അയൽ രാജ്യങ്ങളുടെ നിലപാടുകൾ, ലോകസമാധാനസംഘടനയുടെ ഇടപെടലുകൾ, ഐക്യരാഷ്ടസഭയുടെ നിസഹായത ഇങ്ങനെ പലതും കഥാപാത്രങ്ങളിലൂടെ കഥാമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും നോവലിസ്റ്റ് തന്റെ മാനവികരാഷ്ട്രീയം കൂടി പങ്കുവയ്ക്കുന്നതായിത്തോന്നാം. എന്നാൽ റഷ്യയുടെയോ യുക്രൈന്റെയോ പക്ഷത്ത് നിൽക്കാതെ വേദനിക്കുന്നവരുടെ ഭാഗത്തുനിന്നുകൊണ്ട് ഇരുവിഭാഗത്തെയും കണക്കറ്റ് നിരൂപണം നട ത്താനും നോവലിസ്റ്റിന് സാധിക്കുന്നുണ്ട്. ഒരുതരത്തിൽ ഇതൊരു യുദ്ധനോവലും എന്നാൽ അതിനുമപ്പുറം ഇതൊരു രാഷ്ടീയനോവലും ആയിത്തീരുന്നുണ്ട്.
മൃത്യുഗർത്തം
(നോവല്‍)
നസീറ
കറന്റ് ബുക്സ്, തൃശൂർ
വില: 350 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.