18 December 2024, Wednesday
KSFE Galaxy Chits Banner 2

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി: കേവലം നാടകമല്ല കലാപ്രസ്ഥാനം തന്നെ

ടി വി ബാലൻ
കെപിഎസി നിർവാഹക സമിതി അംഗം
December 7, 2022 4:30 am

കേരളമാകെ ആളിപ്പടർന്ന അഗ്നിജ്വാലയുടെ തുടക്കം ഏഴുപതിറ്റാണ്ട് മുമ്പായിരുന്നു. കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് എന്ന കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന രാഷ്ട്രീയ നാടകത്തിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് എഴുപത് വർഷം പിന്നിട്ടു. 1952 ഡിസംബർ ആറിന് ചവറ തട്ടാശേരിയിലെ സുദർശന തിയേറ്ററിലാണ് ഈ നാടകം ആദ്യം അവതരിപ്പിച്ചത്. തോപ്പിൽ ഭാസി എഴുതി ഒഎൻവി രചിച്ച ഗാനങ്ങൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഈ കലാശില്പത്തിന്റെ ജൈത്രയാത്രയുടെ തുടക്കം മുതൽ ഇന്നുവരെ വേദികളെ പ്രകമ്പനം കൊള്ളിച്ചു. കാണികളെ പിടിച്ചുലയ്ക്കുന്ന, ആവേശത്താലവര്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കുന്ന മറ്റൊരു നാടകം ഇല്ല തന്നെ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് കരുത്തുപകർന്ന നാടകം ഒരു കലാപ്രസ്ഥാനം എന്ന നിലയ്ക്ക് തന്നെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത്രയധികം വേദികൾ കളിച്ച ഒരു നാടകം മലയാളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ അത്യപൂർവം. കേരളവും ഇന്ത്യാരാജ്യവും കടന്ന് വിദേശവേദികളിലും കളിച്ച നാടകം ഇക്കഴിഞ്ഞ 28ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ വീണ്ടും അവതരിപ്പിച്ചു. ആലപ്പുഴയിൽ 16 മുതൽ 20 വരെ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളനവേദിയിലും ഈ നാടകം അവതരിപ്പിക്കുന്നുണ്ട്. കാമ്പിശേരി കരുണാകരൻ, പുനലൂർ രാജഗോപാലൻ നായർ, അഡ്വ. ജി ജനാർദ്ദനക്കുറുപ്പ്, ശ്രീനാരായണപിള്ള, കെ എസ് ജോർജ്, കെപിഎസി സുലോചന, ഒ മാധവൻ, സാംബശിവൻ, വിജയകുമാരി, തോപ്പിൽ കൃഷ്ണപിള്ള, സുധർമ്മ തുടങ്ങിയവരാണ് ആദ്യാവതരണത്തിൽ അരങ്ങിലെത്തിയത്. അവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഒ മാധവന്റെ സഹധർമ്മിണി വിജയകുമാരി മാത്രമാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കെപിഎസിയുടെ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അവരെ വീട്ടിലെത്തി ആദരിക്കുകയുണ്ടായി.


ഇതുകൂടി വായിക്കൂ: മനുഷ്യ സ്നേഹത്തിന്റെ മഹാഗാഥ


അവതരണം തുടങ്ങി ഒരു കൊല്ലം പൂർത്തിയാകും മുമ്പേ നാടകം നിരോധിക്കപ്പെട്ടു. 1953 മാർച്ചിൽ നാടകം നിരോധിക്കുമ്പോൾ തിരുകൊച്ചി നിയമസഭയിലെ അംഗങ്ങളായിരുന്ന മൂന്നുപേർ ഇതിൽ അഭിനേതാക്കളായിരുന്നു എന്നത് ചരിത്രം. കാമ്പിശേരി, രാജഗോപാലൻ നായർ, തോപ്പിൽ ഭാസി എന്നിവർ നിയമസഭാംഗങ്ങളായിരിക്കുമ്പോഴാണ് നാടകം നിരോധിക്കപ്പെടുന്നത്. നിരോധനം കൊണ്ടും ആക്രമണങ്ങൾകൊണ്ടൊന്നും നാടകത്തിന്റെ കുതിപ്പിനെ നിയന്ത്രിക്കാൻ ഭരണകൂടത്തിനായില്ല. നിരോധനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി വേദികളിൽ നിന്ന് വേദികളിലേക്ക് ഈ നാടകം ജൈത്രയാത്ര തുടർന്നു.
1950കളിലെ മധ്യവേനൽ അവധിക്കാലത്ത് തിരുവനന്തപുരം വിജെടി ഹാളിൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് കെപിഎസി പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ ഈ നാടകം അധികം അരങ്ങുകൾ കണ്ടില്ല. കെപിഎസി എന്ന പ്രസ്ഥാനം രൂപം കൊള്ളുന്ന കാലഘട്ടമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനമുണ്ടായിരുന്ന കാലത്ത് കലയിലും സാഹിത്യത്തിലും താല്പര്യമുള്ള, കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അനുഭാവമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നമാണ് കെപിഎസി എന്ന മഹാപ്രസ്ഥാനത്തിലേക്ക് എത്തിച്ചേർന്നത്. അക്കാലത്ത് പുരോഗമനാശയങ്ങളെ സർവാത്മനാ പിന്തുണച്ച എം പി പോളിന്റെ അടക്കം ഉത്സാഹം കെപിഎസിയുടെ രൂപീകരണത്തിലുണ്ടായി. നാടകത്തിൽ സംഗീതം കൂടി ആവശ്യമാണെന്നും സാധാരണക്കാരന് ആസ്വദിക്കാൻ അത് അത്യാവശ്യമാണെന്നും എം പി പോളാണ് അഭിപ്രായപ്പെട്ടത്. പുനലൂർ രാജഗോപാലൻ നായർ, ജി ജനാർദ്ദനക്കുറുപ്പ്, അഡ്വ. രാജാമണി, ശ്രീനാരായണപിള്ള, ഒ എൻ വി കുറുപ്പ് തുടങ്ങിയവരുടെ ഉത്സാഹമാണ് ‘എന്റെ മകനാണ് ശരി’ എന്ന നാടകത്തിലേക്ക് എത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന തോപ്പിൽ ഭാസി ഈ നാടകം കാണാൻ എത്തിയിരുന്നു. തുടർന്നാണ് തോപ്പിൽ ഭാസിയും കെപിഎസിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. വൈകാതെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ ആദ്യരൂപമായ ‘മുന്നേറ്റം’ എന്ന ഏകാങ്കനാടകം അദ്ദേഹം എഴുതി. ഒളിവിലായിരുന്നതിനാൽ സോമൻ എന്ന പേരിലായിരുന്നു നാടകരചന. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ കർഷകത്തൊഴിലാളി സംഘത്തിൽ ചേർന്ന ചാത്തൻ പുലയനും ജന്മിയും തമ്മിലുള്ള സംഘർഷത്തിന്റെ കഥയായിരുന്നു അരമണിക്കൂർ മാത്രം നീളമുള്ള ആ നാടകത്തിന്റെ ഇതിവൃത്തം. പിന്നീട് ഒളിവുജീവിതത്തിലെ അനുഭവങ്ങളും കർഷകത്തൊഴിലാളി-ജന്മി സംഘർഷങ്ങളും എല്ലാം കൂടിച്ചേർത്ത് വികസിപ്പിച്ചാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലേക്ക് എത്തുന്നത്. ശൂരനാട് കേസിന് പണം സമാഹരിക്കുന്നതിന് വേണ്ടി നാടകം അച്ചടിച്ച് വിൽക്കാൻ തുടങ്ങി. പുസ്തകമിറങ്ങിയതിന് ശേഷമാണ് കെപിഎസി ഇത് അരങ്ങിലെത്തിക്കുന്നത്. 1952 ഡിസംബർ ആറിന് ആദ്യവേദിയിൽ കർട്ടനുയരുമ്പോൾ ഓലയുമായി കയറിവന്ന കാമ്പിശേരി കരുണാകരന്റെ രൂപം എക്കാലത്തും തന്റെ മനസിലുണ്ടായിരുന്നുവെന്ന് ഈ നാടകത്തിന്റെ ഗാനരചന നിർവഹിച്ച ഒ എൻ വി കുറുപ്പ് ഒട്ടേറെ വേദികളിൽ അനുസ്മരിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: കാലം നമിക്കുന്ന കാമ്പിശേരിയും ഭാസിയും


ഒരു പുതിയ മാറ്റത്തിന്റെ തുടക്കം തന്നെയായിരുന്നു കാമ്പിശേരിയുടെ രംഗപ്രവേശം. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിക്കീഴിൽ ലക്ഷങ്ങൾ ആവേശഭരിതരായി അണിനിരക്കുമ്പോൾ, തോക്കിനെയും ലാത്തിയെയും കൽത്തുറുങ്കുകളെയും അവഗണിച്ച് ഇങ്ക്വിലാബ് വിളിക്കുമ്പോൾ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഉള്ളിൽ നിറച്ച ആവേശം വളരെ വലുതായിരുന്നു. നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന വരികൾ നൽകിയ പ്രതീക്ഷയും ആവേശവും വാക്കുകൾക്ക് അതീതമാണ്. അത്രമേൽ വിപ്ലവകരമായ വരികൾ അക്കാലം വരെ കേരളം കേട്ടിട്ടേയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ചിന്തയിൽ പോലും ഇല്ലായിരുന്നു. അത് നിസ്വരായ മനുഷ്യരുടെ സ്വപ്നങ്ങളെയാണ് പുറത്തുകൊണ്ടുവന്നത്. ഇന്നും സാധാരണക്കാരായ ജനങ്ങൾ, സഖാക്കൾ, മനുഷ്യസ്നേഹികൾ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തെ സ്നേഹിക്കുന്നതിന് കാരണവും കാലത്തെ മറികടന്ന് മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കെടാത്ത ജ്വാല അതിൽ നിന്നുയരുന്നതുകൊണ്ടാണ്.
മറ്റ് കലാരൂപങ്ങളിൽ പലതും വേദികൾക്കായി കാത്തിരിക്കുമ്പോൾ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഇന്നേവരെ വേദികൾക്കായി കാത്തിരുന്നിട്ടില്ല. ലോകമെമ്പാടുമുള്ള വേദികളിൽ ഈ നാടകം അവതരിപ്പിക്കപ്പെട്ടു. അതിലഭിനയിക്കാനായി എത്രയോ തലമുറയിൽപ്പെട്ടവർ അരങ്ങിലെത്തി. പതിനായിരത്തിലധികം വേദികൾ പിന്നിടുക എന്നത് ഒരു കലാസൃഷ്ടിയുടെ മഹത്വം മനുഷ്യചരിത്രത്തിൽ മായ്ക്കാനാവാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നത് കേവലം ഒരു നാടകമല്ല മറിച്ച് മനുഷ്യമനസുകളെ ആഴത്തിൽ സ്വാധീനിച്ച ഒരു കലാരൂപം തന്നെയാണ് എന്നതാണ് വാസ്തവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.