26 December 2024, Thursday
KSFE Galaxy Chits Banner 2

നിസ്വപക്ഷവിചാരങ്ങൾ

ചന്ദ്രൻ കണ്ണഞ്ചേരി
August 11, 2024 3:00 am

മാറ്റങ്ങളുടെ ഭാണ്ഡം അഴിച്ചും മുറുക്കിയും കാലം യാത്ര തുടരുന്നു. കണ്ടതും അറിഞ്ഞതുമല്ല കണ്ടെത്തേണ്ടതും അനുഭവിക്കേണ്ടതുമായ പലതും ഈ യാത്രയിൽ ഇനിയും കണ്ണി ചേരാനുണ്ട്. നിബന്ധനകളുടെ വേലികൾക്കുള്ളിൽ നിന്നും കവിതയെ മോചിപ്പിച്ചുകൊണ്ടേ യിരിക്കുന്നു. പ്രത്യക്ഷവും പ്രതിഷേധപരവുമായി നേരിട്ട് പറയുന്ന രചനകളും വഴിവെട്ടിപ്പോ കുന്നു. അവയിൽ ഒരു കണ്ണിയായി തമലം വിജയനും. ഇന്നുവരെ ആരും കാണാത്തതോ പറയാത്തതോ അല്ല ഇദ്ദേഹത്തിന്റെ കവിതാ പരിസരം അനുവാചകർ കടന്നുപോയ വഴിയാണ് കവിയും യാത്ര തുടരുന്നത്. പക്ഷേ, കാഴ്ചകൾ, വിചാരങ്ങൾ തുടങ്ങിയവ ഒന്നല്ല. മനുഷ്യനാവുക എന്നത് പേരിലും പറച്ചിലിലുമല്ല മനസുകൊണ്ട് കൂടിയാണെന്ന് മിക്ക കവിതകളിലും കവിക്ക് ഊന്നലുണ്ട്. അതിരടർന്ന മാനവികതയുടെ അടിസ്ഥാനം സ്നേഹമാണ്, അലിവാണ്. അത്തരം മനസ് സൂക്ഷിക്കുന്ന കവിയിൽ നിന്നും പിറന്ന രചനകൾ യഥാർത്ഥത്തിൽ നന്മ പങ്കുവയ്ക്കുന്നുണ്ട്. അതിനൊപ്പം പ്രകൃതിയെ പ്രണയിച്ച് തന്നാലാവും വിധം സംരക്ഷണ പ്രവർത്തനവും തുടരുന്നു. 

നാവ് വരണ്ട മനുഷ്യർ പുഴയോരത്ത് എത്തുന്നു. പക്ഷേ, പുഴയിൽ വിഷജലം. മീനുകൾ കണ്ണ് തുറിച്ച് ചത്ത് പൊങ്ങുന്നത് കണ്ട് പകച്ച് നിൽക്കുന്ന ദൃശ്യമാണ് പുഴയിലൂടെ കവി കാണിച്ചു തരുന്നത്. ഒപ്പം മണ്ണിന്റെ നെഞ്ച് തുരന്ന് തുരന്ന് ആഴത്തിൽ ചെന്ന് ജീവരക്തം ഊറ്റുന്ന കുഴൽ കിണറുകളെയും മറക്കുന്നില്ല. മനുഷ്യർക്ക് തണലും കാലത്തിനൊത്ത് ഫലവും തരുന്ന മരങ്ങളിൽ പല പക്ഷികൾ ചേക്കേറുന്നു; കൂടൊരുക്കുന്നു. അത് ശ്രമകരമായ കലാവിരുതുള്ള പണിയാണ്. വേരും, നാരും, കമ്പും കമ്പിപോലും പാകത്തിൽ വച്ച് കൂടൊരുക്കും. മുട്ടയിട്ട് വിരിഞ്ഞ് തീറ്റ തേടുമ്പോഴാവും മരത്തിൽ മഴുവീഴുന്നത്. അതോടെ പിടഞ്ഞ് തീരുന്ന അവയുടെ നിസഹായ ചിത്രമാണ് ‘തകർന്ന കൂട് ’ എന്ന കവിതയിൽ വരച്ചിടുന്നത്. ഇനിയൊരു കൂടുകൂട്ടാൻ ഏത് മരം? എത്രനാൾ ഇനിയും പറക്കണം മറ്റൊരു കൂടിനായ്… എന്നിങ്ങനെ വായനക്കാരെ വിചാരണ ചെയ്യുന്ന കിളികളെയാണ് കവി അവതരിപ്പിക്കുന്നത്. 

”മണ്ണിലെക്കളികൾ മതിയാക്കിയുണ്ണികൾ
മനസ്സിലേറെ വൈകൃതക്കളികൾ…” (ബ്ലൂവെയ്ൽ)
യന്ത്രകൈകളുടെ വിസ്മയവിരുതിൽ ചങ്ക് തകർക്കുന്ന ഇന്റനെറ്റിലെ ചതികളെയും കവി കാവ്യാവതണത്തിനായി നിരീക്ഷിച്ചെടുത്തിട്ടുണ്ട്. ആരും പറയാഞ്ഞിട്ടല്ല. എങ്കിലും മുൻ കരുതലുകളെയും അപായ സൂചനകളെയും അവഗണിക്കുന്നവർ അപകടത്തിൽ ചെന്ന് ചാടു ന്നത് തെല്ലൊന്നുമല്ല. 

”ജനനമരണ പുസ്തകത്തിലില്ലാത്തോർ
ഉലകത്തിലെങ്ങും കാണുന്നോർ” (അഭയാർത്ഥികൾ)
യുദ്ധങ്ങളിൽ, അതിരുകളിലെ അസ്വസ്ഥതകളിൽ, അധിനിവേശങ്ങളിൽ ജനനവും മരണവും രേഖപ്പെടുത്താതെ പോയവർ പലതുണ്ട്. ലോകത്തിന്റെ അവകാശികളായിട്ടും ഈ ലോകവർ ത്തമാനത്തിൽ അഭയാർത്ഥികളാവുന്ന ജനകോടികളുടെ പ്രാർത്ഥയാണ് ഈ കവിത. 

”കൊറ്റികളായിരം തീർക്കാനാവാതെ
കൊറ്റിതൻ ചിറകുകളിൽ കുറിച്ചവൾ (ഹിബാക്കുഷ)
ഹിരോഷിമയിൽ അണുപ്രസരണമേറ്റ് ഈ ലോകത്തോട് വിടപറഞ്ഞ സഡാക്കോ സസാക്കിക്കുള്ള ചരമക്കുറിപ്പാണിത്. 

”പാരിൽ പരിശുദ്ധി പരത്താൻ
ഇരുളിൻ ഇതളുകളറുത്തീടും” (വിൺചിരാത്) അന്ധകാരത്തിന്റെ ഇതളുകൾ പൊഴിച്ചാൽ പാരിൽ വിശുദ്ധിയുടെ വെളിച്ചം പരക്കുമെന്ന പ്രത്യാശയാണിത്. യേശുവിന്റെ കാരുണ്യാംശം ഉൾച്ചേർന്ന പ്രകീർത്തനമായി ഈ രചന വായിക്കാം.
പ്രതിസന്ധികളിൽ പരീക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് പിടിച്ചു നിൽക്കാൻ പ്രേരണ പകരുന്ന രചനയാണ് ‘ധീരത.’
ഭാവിയിലേയ്ക്ക് കണ്ണ് തുറക്കുന്ന കരുതലിന്റെ ബോധ്യവും മുന്നറിയിപ്പിന്റെ ജാഗ്രതയും ഈ കവിതാ പുസ്തകത്തിന്റെ ഈടാണ്. അത്തരത്തിൽ ക്രാന്ത ദർശിത്വത്തിന്റെ അടരുകൾ, സ്ഫുലിംഗങ്ങൾ എന്നിവയുള്ള ‘മായാപ്രപഞ്ചം’ ഇനിയുമിനിയും വായനക്കാരിൽ എത്തട്ടെ.
പുഴയും മരുഭൂമിയും യേശുവും മനുഷ്യരും യുദ്ധവും ലോകവും ഇന്റർനെറ്റും ഉൾപ്പെടെ പലവിധത്തിൽ കണ്ണ് തുറപ്പിക്കുന്ന കാത് കൊടുപ്പിക്കുന്ന 30 കവിതകളാണ് ‘മായാപ്രപഞ്ചം’എന്ന തമലം വിജയന്റെ കാവ്യപുസ്തകത്തിലുള്ളത്. 

മായാപ്രപഞ്ചം
(കവിത)
തമലം വിജയൻ
ബുക്ക് കഫേ തിരുവനന്തപുരം
വില: 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.