ബിജെപിയിലും കേന്ദ്രഭരണത്തിലും സ്വേച്ഛാധിപത്യം തുടരുന്ന നരേന്ദ്ര മോഡി-അമിത്ഷാ അച്ചുതണ്ടിനെതിരെ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരി. ഏതാനും വർഷങ്ങളായി മോഡി-ഷാ സംഘത്തിന്റെ ജനവിരുദ്ധ നിലപാടുകളെ പരോക്ഷമായി വിമർശിച്ചിരുന്നതിൽ അമർഷം പൂണ്ടാണ് കഴിഞ്ഞയാഴ്ച പാർട്ടിയുടെ പാർലമെന്ററി ബോർഡിൽനിന്ന് ഗഡ്കരിയെ നീക്കിയത്. എന്നാൽ പുറത്താക്കലോടെ തന്റെ നിലപാടുകൾ കൂടുതൽ ശക്തമായി തുറന്നു പറയുകയാണ് മുൻ പാർട്ടി അധ്യക്ഷൻ.
ഞായറാഴ്ച മുംബൈയിലെ ഒരു പരിപാടിയിൽ സംസാരിക്കവേ ‘സർക്കാർ ശരിയായ സമയത്ത് തീരുമാനങ്ങൾ എടുക്കുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ‘അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. നല്ല ഗവേഷണവും അതിന്റെ ശരിയായ രീതിയിലുള്ള ഉപയോഗവും രാജ്യത്തുണ്ട്. അടിസ്ഥാന സൗകര്യ വികസനമേഖലയിൽ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങളും നമുക്കുണ്ട്. എന്നാൽ, നമുക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി സമയമാണ്. കൃത്യസമയത്ത് തീരുമാനങ്ങളെടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല’- ഗഡ്കരി പറഞ്ഞു. സ്വന്തം സർക്കാർ വലിയ നാഴികക്കല്ലുകൾ പിന്നിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വയം പ്രകീർത്തിച്ചതിന് പിന്നാലെയാണ് സമയത്തിന് തീരുമാനമെടുക്കാത്ത സർക്കാരിനെ ഗഡ്കരി വിമർശിച്ചതെന്നത് ശ്രദ്ധേയമാണ്.
നാഗ്പുരിൽ നടന്ന പരിപാടിയിലാകട്ടെ മോഡി സംഘം അവഗണിച്ച മുൻ പാർട്ടി നേതാക്കളെ പ്രശംസിച്ചായിരുന്നു ഗഡ്കരിയുടെ പ്രസംഗം. ‘ബിജെപി അധികാരത്തിൽ എത്തിയതിന് പ്രശംസിക്കേണ്ടത് എ ബി വാജ്പേയ്, എൽ കെ അഡ്വാനി, ദീൻദയാൽ ഉപാധ്യായ എന്നിവരെയാണ്. അന്ധകാരം മായും, സൂര്യൻ പുറത്തെത്തും. ഒരു ദിവസം താമര വിരിയും. 1980 ൽ മുംബെെയിൽ വച്ച് വാജ്പേയി ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു’ കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞു.
ഗഡ്കരിയുടെ പരാമർശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം കേന്ദ്രസർക്കാരിനെ ഉദ്ദേശിച്ചല്ലെന്നും സർക്കാരുകളെ കുറിച്ച് പൊതുവായ കാര്യമാണ് പറഞ്ഞതെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. ‘രാഷ്ട്രീയ നേട്ടത്തിനായി ചില മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ചില വ്യക്തികളും തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചു കൊണ്ട് നിന്ദ്യമായ പ്രചാരണം തുടരാൻ ശ്രമിക്കുകയാണെ‘ന്ന് നിതിന്‍ ഗഡ്കരിയും കുറ്റപ്പെടുത്തി.
എന്നാല്‍ ഇതാദ്യമായല്ല നിതിൻ ഗഡ്കരി സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്. ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനം നൽകിയാണ് ബിജെപി അധികാരത്തിലേറിയതെന്നായിരുന്നു മുമ്പൊരിക്കല്‍ ഗഡ്കരി വിമർശിച്ചത്. ജനങ്ങൾക്ക് 15 ലക്ഷം രൂപ അക്കൗണ്ടിൽ നല്കുമെന്നുള്ള വാഗ്ദാനമെല്ലാം അധികാരം ലഭിക്കില്ലെന്നോർത്ത് പറഞ്ഞതാണെന്നും അന്ന് ഗഡ്കരി പറഞ്ഞത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. 2019ൽ പൊതുതെരഞ്ഞെടുപ്പിന് മുമ്പേ ‘ജനങ്ങൾക്കു സ്വപ്നങ്ങൾ വില്‍ക്കുകയും യാഥാർത്ഥ്യത്തിലെത്തിക്കാന്‍ പരാജയപ്പെടുകയും ചെയ്യുന്നവരെ അവർ പൊതുവേദിയില്‍ ചോദ്യം ചെയ്യും’ എന്ന പ്രസ്താവനയും ഗഡ്കരി നടത്തിയിരുന്നു.
പ്രസ്താവനകളിലൂടെ കേന്ദ്ര സർക്കാരിനെയും പാർട്ടിയെയും നാണംകെടുത്താൻ ഇടനല്കരുതെന്ന് പലതവണ ആർഎസ്എസ് നേതൃത്വം ഗഡ്കരിക്കു മുന്നറിയിപ്പു നൽകിയെന്നാണ് വിവരം. എന്നിട്ടും തുടര്‍ച്ചയായി ഗഡ്കരി അവഗണിച്ചതിനെത്തുടർന്ന് പാർട്ടിക്ക് ഉചിതമായത് തീരുമാനിക്കാമെന്ന് ആർഎസ്എസ്, ബിജെപിയെ അറിയിക്കുകയായിരുന്നു. ഇതൊടെ കർശന നടപടിയെടുക്കാൻ തീരുമാനിച്ച പാര്‍ട്ടി നേതൃത്വം പാർലമെന്ററി ബോർഡിൽ നിന്ന് ഗഡ്കരിയെ നീക്കുകയായിരുന്നു.
തനിക്ക് രാഷ്ട്രീയം ഉപേക്ഷിക്കാൻ തോന്നുന്നുവെന്ന് അടുത്തിടെ ഗഡ്കരി പറഞ്ഞത് നേതൃത്വത്തിന്റെ നിലപാടുകളില്‍ മനംമടുത്തിട്ടാണ്. രാഷ്ട്രീയം ഇപ്പോള്‍ അധികാര കേന്ദ്രീകൃതമായെന്നും പൊതുസേവനമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
english sammury: Nitin Gadkari has become a headache for the Modi-Amit Shah team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.