
ഞണ്ടുകൾ പിടി മുറുക്കിയ കുളക്കോഴിയുടെ കരച്ചിലാണ് കാതിൽ. ഇറുക്കിയ കാൽവലയിൽ നിന്ന് രക്ഷപ്പെട്ട് കുളക്കോഴി പാടത്തെ ചെളിവെളളത്തിലേക്ക് കൂപ്പുകുത്തി. വെള്ളത്തിലൂളിയിടുമ്പോൾ അത് കരയുന്നുണ്ടാവുമോ? വെള്ളത്തിനടിയിൽ നിന്ന് കരച്ചിലിന്റെ ഒച്ച കേൾക്കുമോ.. എനിക്കൊരു സമാധാനവും തോന്നിയില്ല.
”ആൽഫ്രസേ… പത്രത്തില് പുതിയ വിശേഷമെന്നാടാ?”
പാപ്പിച്ചേട്ടന്റെ ചോദ്യത്തിന് ചെവികൊടുക്കാതെ മഞ്ഞ് വീണു നനഞ്ഞ വഴികളിലൂടെ പത്രക്കെട്ടും കൊണ്ട് സൈക്കിൾ ചവിട്ടുമ്പോൾ നിരത്തിലെ ചെറിയ കുഴികളിൽ വീണ ടയറിന്റെ വിറയലിൽ സൈക്കിളൊന്നു പാളി. മൂർച്ചയേറിയ വാക്കുകളിൽ നിറഞ്ഞുനിന്ന പെങ്ങളുമാരുടെ ആർത്തിയായിരുന്നു മനസുനിറയെ.
അപ്പന്റെ ആണ്ടു കുർബാനക്ക് വന്നവരായിരുന്നു ചേച്ചിമാർ. ഉമ്മറത്തെ അരമതിലിൽ ചാരിയിരുന്ന് അമ്മയും ഞാനും അപ്പന്റെ ഓർമ്മകളെടുത്ത് കുടഞ്ഞിടുമ്പോഴാണ് ചേച്ചിമാർ പരസ്പരം ഇടം കണ്ണിട്ടു നോക്കി ആംഗ്യം കാണിച്ചത്. കണ്ണുകൊണ്ടുള്ള കഥകളി കണ്ടപ്പോൾ അമ്മ ചോദിച്ചു.
”എന്നാടീ ജൂലീ ഒരു കണ്ണുകളി?”
”ഒന്നൂല്ലമ്മേ. മോളമ്മ പറയാ പെണ്ണിനെ കെട്ടിക്കാറായിന്ന്. ചേട്ടായിക്ക് ബിസിനസ് നഷ്ടത്തിലാ ഓടുന്നേന്ന്. പറമ്പ് ഭാഗംവച്ചാ ഞങ്ങള് രക്ഷപ്പെടാരുന്നു.”
”അതിന് നിങ്ങടെ പറമ്പിവിടില്ലല്ലോ കൊച്ചേ. ഉള്ളതും അതിലപ്പുറവും തന്നല്ലോ നിങ്ങളെ കെട്ടിച്ചുവിട്ടേ. നീ ഓടിപ്പോയേച്ചും തിരികെ വന്ന് ഒരുപാട് വാങ്ങി കൊണ്ടുപോയില്ലേ? വന്നേയ്ക്കുന്നു ഭാഗം വെയ്ക്കാൻ.” അമ്മ പിറുപിറുത്ത് അകത്തേക്ക് പോയപ്പോൾ ഞാൻ പറമ്പിലേയ്ക്ക് നടന്നു.
അനേകം മനുഷ്യരുടെ ജീവിതങ്ങളാണാൽഫീ നിന്റെയാ പത്രക്കെട്ടുകളിൽ. അതുകൊണ്ട് നീയതൊന്നും കാര്യമാക്കേണ്ട എന്ന് മഞ്ഞിന്റെ തണുപ്പേറ്റി വന്ന കാറ്റ് എന്നോട് പറയുന്നുണ്ടായിരുന്നു. എന്റെ കണ്ണിലെ കണ്ണീരിനപ്പോൾ അമ്മ പുലർച്ചെ എണീറ്റുണ്ടാക്കി ത്തന്ന കട്ടൻ കാപ്പിയുടെ ചൂടുണ്ടായിരുന്നു.
നിരത്തിനരികിലൂടെയുള്ള പാടവരമ്പത്തെ പൊത്തിൽനിന്നും ഞണ്ടുകൾ വീണ്ടും ഇറങ്ങിവന്നു.
കുഞ്ഞുങ്ങളുമുണ്ടായിരുന്നു കൂടെ. കറുകപ്പുല്ലും മുക്കുറ്റിയും അരികു വിരിച്ചു വളരുന്ന പാടവരമ്പത്തെ വൃത്തമൊപ്പിച്ച പൊത്തുകളിൽ ചെറുതും വലുതുമായ ഞണ്ടുകളുടെ റാസ.
എട്ട് സി യിൽ ലൂസി ടീച്ചറുടെ കണക്കു ക്ലാസിലിരിക്കുമ്പോഴാണ് അപ്പൻ കുഴഞ്ഞുവീണെന്ന് തോമാച്ചേട്ടൻ വന്നു പറഞ്ഞത്. പടി കയറി ഉമ്മറത്തെത്തിയപ്പോൾ ചേച്ചിമാരു രണ്ടും അപ്പന്റെ ന്യൂമോണിയ ബാധിച്ച നെഞ്ചിൽകിടന്ന് അലമുറയിടുന്നുണ്ടായിരുന്നു. അപ്പൻ കിടക്കുന്ന ശവപ്പെട്ടിക്കടുത്ത് കണ്ണിമവെട്ടാതെ കല്ലു പോലിരുന്ന അമ്മ അപ്പന് അവസാനമുത്തം കൊടുക്കുമ്പഴാ പൊട്ടിയത്. ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ അപ്പൻ മരിക്കില്ലായിരുന്നു എന്ന് അമ്മ എപ്പോഴും കണ്ണു നിറയ്ക്കും. ക്രിസ്മസിനും ഓശാനപ്പെരുന്നാളിനുമെല്ലാം അപ്പന്റെ സൈക്കിളിന്റെ കാരിയറിൽ ഇരുന്ന് പള്ളിയിലേക്ക് പോയിരുന്നത് ഓർമ്മയിൽ മെഴുകുതിരിനാളം പോലെ തെളിഞ്ഞു കത്തുന്നു.
ആ സൈക്കിളിലാണിപ്പോൾ പത്രമിടാൻ പോകുന്നത്. കാരിയറിലെ പത്രക്കെട്ട് എന്നോടെന്തോ പറഞ്ഞു. ”ങേ… എന്താ?” അറിയാതെ ചോദിച്ചു പോയി.
മഞ്ഞുകാലമായിരുന്നു. സൈക്കിൾ ഹാന്റിൽ പിടിച്ച കൈത്തണ്ടകളിലെ രോമകൂപങ്ങളിലും ടീഷർട്ടിന്റെ കോളറിനരികിലൂടെ കഴുത്തിലും മഞ്ഞ് പെയ്തിറങ്ങി. തണുപ്പിന്റെ കത്തിമുനകളാ ഴ്ന്നപ്പോൾ ഹാന്റിൽ പിടിച്ച കൈ പിന്നെയും വിറച്ചു.
“ടാ, ആൽഫീ…”
തിരിഞ്ഞു നോക്കുമ്പോൾ അമ്മ പടികയറി വരുന്നുണ്ടായിരുന്നു. ഇന്ന് ശനിയാഴ്ചയായതിനാൽ അമ്മയ്ക്കൊരു സമാധാനമുണ്ട്. സ്കൂളിൽ പോകേണ്ടാത്ത ദിവസമായതിനാൽ ഊണുണ്ടാക്കാൻ സമയവും സാവകാശവുമുണ്ട്. സ്കൂളുള്ള ദിവസങ്ങളിൽ അമ്മ അടുക്കളയിൽ പെടാപ്പാടുപെടുന്നതു കാണുമ്പോൾ പച്ചക്കറി നുറുക്കാൻ ഞാനും കൂടാറുണ്ട്. അപ്പൻ ആശുപത്രിയിൽ കിടന്ന് മരിച്ചേപ്പിന്നാണ് അമ്മയ്ക്ക് പ്രാന്ത് തുടങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് റബ്ബറു വെട്ടിക്കഴിഞ്ഞാൽ പറമ്പിന്ന് തിരിച്ചു വന്ന് ചോറും കറിയും വെയ്ക്കലാണ്. പിന്നെ പതിനഞ്ചോ ഇരുപതോ ഇലകളിൽ ചോറും കറിയും വിളമ്പി ഊൺ പൊതികളുണ്ടാക്കും. ഇവ സഞ്ചിയിലാക്കി കെട്ടിവെച്ച ശേഷമാണ് സ്കൂളിൽ പോകുന്നത്. ഉച്ചക്ക് ഊണു കഴിക്കാൻ വീട്ടിലെത്തി ചോറു പെട്ടെന്ന് വാരിത്തിന്ന് സഞ്ചിയുമെടുത്ത് നടക്കും. സ്കൂളിൽ പോകുന്ന വഴിക്കുള്ള സർക്കാരാശുപത്രിയിലേക്കാണ്. ഭക്ഷണം കഴിക്കാനില്ലാത്ത ദരിദ്രരായ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും ചോറുപൊതികൾ കൊടുക്കും. പിന്നെയാണ് സ്ക്കൂളിലെത്തുക. ഉച്ചക്ക് വൈകിയെത്തുന്ന അമ്മയോട് ഹെഡ്മാസ്റ്റർ പറയുമത്രെ,
”രാവിലെ വരുമ്പോൾ തന്നെ ഒരു പാത്രത്തിൽ ചോറെടുത്തൂടെ ടീച്ചറെ. ഇങ്ങനെ ഈ നട്ടുച്ചക്ക് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതെന്തിനാ?”
പഠിത്തം കഴിഞ്ഞ് ഞാൻ വന്നപ്പോൾ ആശുപത്രിയിലക്ക് ചോറു കൊണ്ടുപോകുന്ന പണിയും എനിക്കു കിട്ടി. സത്കർമ്മത്തിന്റെ പാഠം അമ്മ പണ്ടേ ഉരുവിട്ടു തന്നതു കൊണ്ടാവും അതൊരു വലിയ പണിയായി തോന്നാതിരുന്നത്. അമ്മയുടെ കഴുത്തോളം വളർച്ചയെത്തിയ മുടിയിഴകൾക്കിടയിലൂടെ വിയർപ്പു മണികൾ ഉരുണ്ടു വീണു. രണ്ടു വർഷം മുൻപ് ഇങ്ങനെ പടി കയറി വരുമ്പോൾ അമ്മ ചിരിച്ചു പറഞ്ഞതോർമ്മ വന്നു. അന്ന് ഒന്നാമത്തെ കീമോ കഴിഞ്ഞ് മുടി വരുന്നേയുണ്ടായിരുന്നുള്ളു.
”എടാ, പ്ലാമ്പറമ്പിലെ പാപ്പച്ചൻ ചോദിക്ക്യാ”
‘എന്തോന്നാമ്മേ
‘മേരിയമ്മ ടീച്ചറിപ്പം മുടിയൊക്കെ ബോബ് ചെയ്താണോ സ്കൂളീ പോണേന്ന്. എന്തായാലും സ്റ്റൈലായിട്ടുണ്ടെന്ന്. ”
‘ഞാനപ്പം അവനോട് ചോദിച്ചു എന്താണ്ടാ കല്ല്യാണം വല്ലോം ആലോചിക്കുന്നോ ന്ന്. അവൻ നിന്ന നില്പിൽ മൂത്രമൊഴിച്ചില്ലാന്നേയുള്ളു. തമാശക്ക് പറഞ്ഞതാണെന്നുള്ള കുമ്പ സാരോം. . എന്നതാടാ, ‑സൂക്കേടും ഇവർക്കൊക്കെ തമാശയാല്ലോ. ’
അമ്മയിപ്പോഴും ചിരിക്കുന്നു. ഓരോ കീമോയും കഴിഞ്ഞ് ദിവസങ്ങൾക്കകം ഒന്നിനു പത്തായി തഴച്ചുവളരുന്ന കറുത്ത മുടിയിഴകൾ നോക്കി എനിക്ക് തളർച്ച വന്നു.
അയൽവക്കത്തെ വേലിപ്പത്തലിനുത്ത് വന്ന് ജോർജിയമ്മായി പറഞ്ഞു.
ആൽഫീ.… . അമ്മേടെ മുടിയിങ്ങനെ തഴച്ചുവളരുന്നതപകടാ. എടങ്ങേറിങ്ങടുത്തോ ന്റീ ശോയേ.… അവൾക്കൊന്നും വരുത്തല്ലേ…
കർത്താവിന്റെ രൂപക്കൂടിൽ വെച്ച കുഞ്ഞുവിളക്കണഞ്ഞത് തിടുക്കപ്പെട്ട് പോന്നപ്പോൾ ജനലിലൂടെ കണ്ടു. തെങ്ങിൻചോട്ടിലെ മട്ടക്കണയിലുടക്കി എന്റെ കാലു തെന്നി. ഞൊണ്ടി വീട്ടിലെത്തിയപ്പോഴേക്കും വിയർത്തു പോയിരുന്നു.
അമ്മയുടെ മാറിൽ ഞണ്ടുകൾ പിടിമുറുക്കിയത് രാജൻ ഡോക്ടറാണ് പറഞ്ഞത്. പിറ്റേന്ന് രാവിലെ പോസ്റ്റ്മാൻ ചന്ദ്രേട്ടൻ കൊണ്ടുവന്ന, ഹവിൽദാർ ജോലിക്കുള്ള ഉത്തരവ് ഞാൻ കീറിയെറിഞ്ഞു.
അമ്മയും പറഞ്ഞു.
‘നീ കൂടി ഇവിടന്നു പോയാലെങ്ങനാടാ ആൽഫീ. . ജൂവലിന്റെ പഠിപ്പു കഴിഞ്ഞില്ല. മോളിയേയും ജൂലിയേയും കെട്ടിച്ചു വിടണ്ടേ? ഞാനൊറ്റക്കെന്നാ ചെയ്യും? ’
ഒറ്റപ്പെടൽ എന്ന വാക്ക്’ അമ്മയോടൊപ്പം എന്നുമുണ്ട്. പറയാൻ വയ്യാത്ത സങ്കടങ്ങളുമായി നടന്നുപോയ ഒരു സ്ത്രീ. മുറിഞ്ഞ ഒരാത്മാവ് ചെറിയൊരു കർഷകനായ അപ്പനോടൊപ്പം ഇറങ്ങിപ്പോന്നതിന്റെ കഷ്ടത മുഴുവൻ അനുഭവിച്ചവൾ. ചെലവിനും മക്കളെ പഠിപ്പിക്കുന്നതിനും കൃത്യമായി തികയാത്ത ശമ്പളം. അമ്മയുടെ കഴുത്തിലെയും കാതിലെയും പൊട്ടും പൊടിയുമെല്ലാം ചേർത്തുളള അഞ്ചരപ്പവ നായിരുന്നു ആ മൂന്നരയേക്കർ പറമ്പ്. ഒരു പൈസ പോലും മിച്ചം വെയ്ക്കാനാവാതെ ജീവിക്കുമ്പോഴാണ് അപ്പന് അസുഖം തുടങ്ങിയത്. എന്നാലും കർഷകന്റെ ആത്മവി ശ്വാസവുമായി റബ്ബർ തൈകൾ അപ്പൻ വെച്ചു പിടിക്കുമ്പോൾ സ്കൂൾ വിട്ടുവന്ന സാരി മാറ്റി മുഷിഞ്ഞ തുടുത്ത് അമ്മയും പറമ്പിൽ പണിയും. പറമ്പെന്നാൽ കുന്നും പറമ്പായിരുന്നു. കുന്നിനു താഴെയുള്ള കിണറ്റിൽ നിന്ന് വെള്ളം രണ്ട് ടിന്നുകളിൽ കോരിനിറച്ച് മുളങ്കോലിന്റെ രണ്ടറ്റത്തും കെട്ടി അപ്പനും അമ്മയും കൂടി തോളിൽ വെച്ച് കുന്ന് കേറി നനക്കുമ്പോൾ ഞാൻ കുരുമുളകുവള്ളികൾ പടർത്തിയ പടുമരത്തിൽ കയറി യിരുന്ന് കാഴ്ചകൾ കാണും. മരത്തിലിരുന്ന് ജോസിന്റെ വീടിനു നേർക്ക് കൂക്കി വിളിക്കും. കുന്നിനു താഴെ അടിവാരത്താണ് ജോസിന്റെ വീട്. ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച കൂട്ടുകാരൻ. പഠിത്തം കഴിഞ്ഞ് അവൻ അയർലന്റിലേക്ക് പോകുമ്പോൾ രണ്ടുവർഷം കഴിഞ്ഞ് ഞാൻ വരുമ്പോൾ നീയും പോരെടാ അൽഫീന്ന് അവൻ വിളിച്ചതാണ്. പക്ഷേ അമ്മ. . അമ്മ തനിച്ചാവും.
കുളക്കോഴിക്കുഞ്ഞിനേയും വരാൽമീനിനേയും കടന്നാക്രമിയ്ക്കുന്ന ഞണ്ടുകളുടെ കാൽവലവട്ടം കണ്ട് രാത്രിയിൽ ഉറക്കം എൻ്റടുത്തു വരാതായി. വെളുപ്പിനെഴുന്നേറ്റ് റബ്ബർ വെട്ടാൻ പോകാനുള അമ്മയുടെ പങ്കപ്പാടും തിടുക്കവും പതം പറച്ചിലുമോർത്ത് ഉള്ള് വീണ്ടും വിങ്ങി. അമ്മയ്ക്കെല്ലാത്തിനും തിടുക്കമായിരുന്നു പണ്ടേ. വെളുക്കണേനെ മുന്നേ എത്ര പെട്ടെന്നാ റബ്ബർ മരങ്ങൾക്കിടയിലേയ്ക്ക് അമ്മ തന്നേം കൂട്ടി പോയിരുന്നത്. ഉറക്കപ്പായിൽ നിന്ന് എണീപ്പിച്ച് പിടിച്ചു വലിച്ച് പോകുമ്പോൾ കണ്ണുകളിൽ ഉറക്കം വിട്ടിട്ടുണ്ടാവില്ല.
เวรว ചെക്കാ. . താഴേം കൂടെ മൂന്നെണ്ണമുള്ളത് ചെക്കനോർക്കത്തേയില്ല..എവിടുന്നുണ്ടാക്കാനാ ഇതുങ്ങളെ നോക്കാനായിട്ട്? അപ്പൻ പെട്ടെന്നല്ലോ ഇട്ടേച്ചും പോയത്. *
‘മരിച്ച അപ്പനെ കുറ്റം പറയണ്ടമ്മേ. ഞാൻ വരാം. ”
പിച്ചാനോങ്ങിയ വിരലുകൾ കാട്ടിയാണ് അമ്മേടെ വഴക്ക്. അപ്പൻ നട്ട റബ്ബർ മരങ്ങൾ അമ്മക്ക് ജീവനാണ്. വീടിന്റെ വടക്കുപുറത്തെ മെഷീൻപുരയിൽ നിന്നും റബ്ബർ ഷീറ്റ് അടിച്ചിടുന്ന സമയത്താണ്* അപ്പന് വയ്യാതായത്.
ടീച്ചറു പണീം പുലർച്ചെ മുതൽ ഇരുട്ടും വരെയുള്ള പറമ്പിലെ അമ്മേടെ പങ്കപ്പാടും തികട്ടി വരുമ്പോഴാണ് കിടക്കപ്പായിൽ നിന്നും എണീറ്റ് പിന്നാലെ ഓടുന്നത്. അപ്പോഴേക്കും അമ്മയങ്ങെത്തിയിട്ടുണ്ടാവും. സ്കൂൾ വിട്ട്വന്ന് ഞങ്ങൾക്ക് നാലു പേർക്കും ചായ യെടുത്തു വച്ച് പിന്നേം പറമ്പിലേക്കിറങ്ങും. കുരുമുളകുകൊടിയും ജാതിക്ക ച്ചെടിയും കൊടംപുളിയുമൊക്കെ അമ്മയെ ‑കാത്ത് നിൽക്കണ പോലെ. . അവിടന്നു വന്നാൽ വെറ്റിലത്തണ്ട് വാടിയപോലെ വീടിന്റെ ഉമ്മറത്തേക്ക് ചെരിയുമ്പോൾ വിയർത്തൊലിച്ച ബ്ലൗസിന്റെ പാട് ചുവന്ന കാവിയിട്ട ഉമ്മറത്ത് നനഞ്ഞ് കിടക്കും.
കോഴിക്കോട് ടീച്ചർ ട്രെയിനിങ്ങിന് പഠിക്കുന്ന പെങ്ങളുമാര്ക്ക് ഹോസ്റ്റൽഫീസ് കെട്ടാൻ ഇളയവനായിട്ടും അപ്പന്റെ പെട്ടിയിലെ മുണ്ടെടുത്ത് തന്ന് അമ്മ പറയും.
‘മുണ്ടുടുത്ത് പേയേച്ചും വാ. മൂത്തതാണെന്ന് കരുതിക്കോട്ടെ. ടൗണീ ക്കൂടെ നടന്നു പോവുമ്പോ ശ്രദ്ധിക്കണേ ആൽഫീ..
അങ്ങനെ നോക്കിയവരാണിപ്പാൾ. .
ചോര നീരാക്കി അമ്മയും ഞാനും വെട്ടി ഷീറ്റാക്കിയ റബ്ബറിന്റെ പാൽമണം മനസിൽ തികട്ടി.
സൈക്കിൾ സ്റ്റാന്റിൽ വെച്ച് അപ്പനെ തൊട്ടു തഴുകുന്നതു പോലെ അതിന്റെ ഹാന്റിലിലും സീറ്റിലുമൊക്കെയൊന്നു തഴുകി അകത്തേക്ക് കടക്കുമ്പോൾ ഞാനെന്റെ നെഞ്ചിൽ കൈ ചേർത്ത് കർത്താവിനെ വിളിച്ചു.
അപ്പനെപ്പോലെ അമ്മേം പെട്ടെന്ന് പോവരുതേ… എന്നെ ഒറ്റയ്ക്കാക്കല്ലേ…
മുട്ടിപ്പായി പ്രാർത്ഥിച്ചാലും മരണം അതിനു സമയമാവുമ്പോൾ ലിസ്റ്റിലുള്ളവരെ വിളിയ്ക്കും. മാത്രമല്ല ഓരോ മനുഷ്യനും ഒറ്റക്കാണ്. ജീവിതത്തിലും മരണത്തിലും. കൂടെയുണ്ടെന്ന് തോന്നുന്നവരൊക്കെ ഒരു നിഴൽ മാത്രമാണ്. പ്രകാശം വരുമ്പോൾ ഒഴിഞ്ഞു പോകുന്ന നിഴൽ.
ഓരോ അത്താഴ പ്രാർത്ഥനയിലും തത്വം പറഞ്ഞ് അമ്മ പുണ്യാളത്തിയായി.
ദീർഘദൂരം നടന്നു തീർത്തവളുടെ ശാന്തതയും ദൃഢതയും അമ്മയുടെ വാക്കുകളിൽ ഒളിച്ചു ‑കളിച്ചു.
ജൂലിപ്പെങ്ങൾ ബാലൻ നായരുടെ മകൻ കൃഷ്ണദാസിന്റെ കൂടെ ഓടിപ്പോയ സമയത്താണ് അമ്മ ഏറെ തളർന്നു കണ്ടത്. സന്ധ്യക്ക് ഇറയത്തെ തിണ്ണയിലിരുന്ന അമ്മയുടെ മുഖം പറമ്പിന്റെ കിഴക്കേയറ്റത്തെ ജാതിച്ചെടിയിൽ കായ്ച്ചു നിന്ന ജാതിക്കയുടെ മുഖം പോലെ ഇരുണ്ടു വീങ്ങി
‘അവള് പോട്ട്’
തിന്നാൻ പറ്റാതെ പ്ലേറ്റിലെ ചോറിൽ വിരലിട്ട് ചിത്രം വരക്കുമ്പോൾ അമ്മയെന്റെ മുടിയിൽ തഴുകി. അമ്മേടെ കണ്ണിൽ കണ്ണീരു തിളങ്ങി.
മുഷിഞ്ഞ ടീഷർട്ടൂരി അയയിലിടുമ്പോൾ അമ്മ എടുത്തു വെച്ച കപ്പപ്പുഴുക്കും കട്ടൻ ചായയ്ക്കുമൊപ്പം യു പി സ്കൂളിലെ ഉപ്പുമാവ് മണമുള്ള കാറ്റ് വിയർത്ത ദേഹത്ത് വന്നുഴി ഞ്ഞു. മുടി രണ്ടായി പിന്നിക്കെട്ടി ഏഴ് ബിയിലേക്ക് പോകുന്ന പെൺകുട്ടികൾക്കിടയിൽ ഞൊറിവെച്ച പച്ചപ്പാവാടയും വെളുത്ത കണങ്കാലും ഞാൻ അന്നേരമോർത്തു.
സ്ക്കൂളിലേക്ക് പോയിരുന്ന ചെറിയ ഇടവഴി മനസ്സിൽ വന്നു. വഴിയിൽ ചിതറി ക്കിടക്കുന്ന ഉണക്കയിലകളിലൂടെ സൈക്കിൾ ഓടിക്കുമ്പോൾ പിന്നാലെ ഓടി വരുന്ന അന്നയെ ഓർത്തു. വഴി അവസാനിക്കുന്നത് സ്കൂളിന്റെ പിൻവശത്തെ ചെറിയ ഗേറ്റിന ടുത്താണ്. സൈക്കിൾ നിർത്തി കാരിയറിൽ നിന്ന് പുസ്തകക്കെട്ടെടുക്കുമ്പോഴേക്കും അന്ന അടുത്തെത്തിയിട്ടുണ്ടാവും.
ആൽഫീ… സൈക്കിളേല് ഒരീസം എന്നേം കേറ്റോ? ’ കവിളിലെ കാക്കപ്പുള്ളി എന്നോടിഷ്ടം പറഞ്ഞത്*.തിരിഞ്ഞു നോക്കാതെ പോകുമ്പോൾ കാലിൽ തറച്ച തൊട്ടാ വാടികൾ കറുത്തു കൂമ്പി നിന്നു.
ഇന്നു രാവിലെയും കവലമുക്കിനപ്പുറത്തെ വീട്ടിൽ പത്രമിടുമ്പോൾ സൈക്കിൾ ബെല്ലടിച്ചുനോക്കിയിരുന്നു. അതുകേട്ട് കിണറ്റുകരയിലെ ചെമ്പരത്തിച്ചെടികൾക്കിടയിലൂടെ ഒരു നോട്ടമെത്തുമെന്ന് വെറുതെ പ്രതീക്ഷിച്ചു. അന്ന ഗ്ലാഡിസ് കെട്ടിച്ചു വിട്ട വീട്ടിൽ നിന്ന് ഇന്നലെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു.
പക്ഷേ, കൂട്ടിലിട്ട നായ എന്തെടാ എന്ന് കുരച്ചു ചാടിയത് കണ്ടപ്പോൾ സൈക്കിൾ ആഞ്ഞു ചവിട്ടുകയാണുണ്ടായത്.
എന്നോ നഷ്ടമായ ഇഷ്ടം നാം ആഗ്രഹിച്ചാലും ഒഴിഞ്ഞു പോകാതെ കൂടെ സഞ്ചരിക്കും. എത്ര സൈക്കിളോടിച്ചാലും തീരാതെ നീണ്ടു കിടക്കുന്ന ദൂരങ്ങളിലും. .
ജനാലയിലൂടെ മരങ്ങൾ ഇലപൊഴിയ്ക്കുന്നതും നോക്കി ഞാൻ കിടന്നു. മുറിയിലെ ഓൺചെയ്തിട്ട ടിവിയിൽനിന്ന് പഴയൊരു പാട്ടിന്റെ വരികൾ ഇഴഞ്ഞുവന്നു. കോളജ് ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ പടിക്കൽ കാത്തു നിൽക്കുന്ന അമ്മയുടെ തോളിൽ കയ്യിട്ടാണ് ഉമ്മറത്തേക്ക് കേറുന്നത്. അപ്പോൾ അമ്മയുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഈരടികളിൽ ഈ പാട്ടിന്റെ വരികളുമുണ്ടാവും…
ഇപ്പോൾ അമ്മ ആ വരികളൊക്കെ മറന്നുവെന്നു തോന്നുന്നു.
കണ്ണുകൾ പൂട്ടി വരാത്ത ഉറക്കത്തിനു വേണ്ടി കാത്തു. മനസിൽ എട്ടു വർഷം മുമ്പുള്ള ഒരു സായാനം നിറഞ്ഞു. കുരുമുളകുവള്ളികൾ കയറ്റിയ പടുമരങ്ങളിൽ വലിഞ്ഞു കയറിയ എട്ടാം — ക്ലാസുകാരന്റെ പ്രസരിപ്പ് എത്ര വേഗമാണ് മറഞ്ഞത്. അപ്പൻ പോയതോടെ കുടുംബ വീട്ടിൽ പോലും കയറി ചെല്ലാനാവാതെ ഒറ്റക്ക് മക്കളെ പോറ്റാൻ വിധിക്കപ്പെട്ട അമ്മയുടെ കനത്ത മുഖം കണ്ടാണ് തോർത്തെടുത്ത് തലേൽ കെട്ടി പറമ്പി ലേക്കിറങ്ങി പണിതുതുടങ്ങിയത്. ജാതിക്കും വനിലച്ചെടിക്കും കൊടമ്പുളിക്കും വെള്ളം കോരി നനച്ച് രാവിലെയും വൈകിട്ടും അമ്മയോടൊപ്പം പറമ്പിലെ കാറ്റേറ്റ് നടന്നു. വനില ച്ചെടിയിലും ജാതിയിലും കുരുത്ത പുതിയ ഇലകളിലെ സന്തോഷം അമ്മയുടെ മുഖത്തും കണ്ട് ആശ്വാസപ്പെട്ടു.
ഞണ്ടുകൾക്ക് പകരം തെളിവെള്ളത്തിലൂടെ നീന്തിത്തുടിക്കുന്ന മീൻകുഞ്ഞുങ്ങളെയാണ് സ്വപ്നം കണ്ടത്. പതിവു തെറ്റിവന്ന സ്വർണനിറമുള്ള മീൻകുഞ്ഞുങ്ങളോട് വർത്തമാനം പറഞ്ഞു പറഞ്ഞ് ഉറങ്ങാനും ഉണരാനും വൈകി. പെട്ടെന്ന് പോയി പത്രമിട്ടു വന്നപ്പോഴേയ്ക്കും വയ്യാഞ്ഞിട്ടും പുതിയ വാനിലച്ചെടി കുരുത്തോന്ന് നോക്കാൻ അമ്മ പറമ്പിലേക്കിറങ്ങിയിരുന്നു. അപ്പൻ്റെ ആണ്ടുകുർബാനക്ക്* വന്ന പെങ്ങൾമാരുടേയും അനിയച്ചാരുടേയും കെറുവു മാറ്റാൻ അമ്മക്ക് ഒരു പുതിയ വാർത്തയുമായി ഞാൻ കാത്തിരുന്നു.
മുട്ടുകാലിൽ കയ്യൂന്നി പണിപ്പെട്ട് പടി കയറി വരുന്ന അമ്മക്കരികിലേക്ക് ഞാൻ ചെന്നു കയ്യേൽ പിടിച്ചു.
‘ആ മൂന്നരയേക്കർ പറമ്പ്’ അവർക്ക് മൂന്നുപേർക്കും കൂടി കൊടുക്കാമമ്മേ. അമ്മയെ മാത്രം വിട്ടുകൊടുക്കേല. നമ്മൾക്ക് തറവാട്ടിലെ പത്ത് സെന്റും തറവാടും മതി. ”
ഭാരപ്പെട്ട മുഖം തരാതെ അമ്മ അകത്തേക്ക് നടന്നു. അലമാര തുറക്കുന്ന ഒച്ച കേട്ടു. സ്കൂളിൽ കൊണ്ടുപോകുന്ന ബാഗിൽ നിന്നും എടുത്ത പൾസർ ബൈക്കിന്റെ താക്കോൽ നീട്ടിപ്പിടിച്ച് അപ്പന്റെ ചിരിക്കുന്ന പടത്തിനു മുൻപിൽ അമ്മ നിന്നു.
‘നീയിങ്ങു വാ. ’
’ കൈയ്യിൽ വച്ചു തന്ന വെള്ളി നിറമുള്ള താക്കോൽ നോക്കി ഞാൻ വാ പൊളിച്ചു.
‘പ്രോവിഡന്റ്ഫണ്ടിന്ന് ഞാൻ ലോണെടുത്തായിരുന്നു. നീയറിഞ്ഞാൽ സമ്മതിക്കത്തി ല്ലാന്നു കരുതി ഫൈസൽ മാഷിനെക്കൊണ്ട് മേടിപ്പിച്ചു. മാഷിന്റെ ചേട്ടന് ഷോറൂമുണ്ടല്ലോ. നീ പറയണ ബൈക്ക് തന്നാ. കളറ് അമ്മേടെ ഇഷ്ടം. ’
‘പിന്നൊരുകാര്യം.… നാളെ ഈ ബൈക്കില് നമ്മള് ടെസയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കും’
‘ഏത് ടെസ?. ’
‘അവൾ എന്റെ സ്ക്കൂളിലെ പുതിയ ടീച്ചറ്. ഞാൻ പറഞ്ഞില്ലോ? കർഷകനാണേലും നീ ഒരു എം. കോം ഫസ്റ്റ് ക്ലാസ്കാരനല്ലേടാ’
‘വൈകിയാ ഞാനുമങ്ങു പോകും. ഞണ്ടുകളുടെ കൂടെ’
‘എന്റെ മോൻ ആര്ടെ മുൻപിലും തോൽക്കണ്ട. അത് കൂടെപ്പിറന്നോരാ യാലും. ’ അമ്മ കൂട്ടിച്ചേർത്തു.
കവിളിലൊന്നു തട്ടി അമ്മ അകത്തേക്ക് പോയി. കൈയ്യിലെ വെള്ളിത്താക്കോലിന്റെ വെളിച്ചം എന്റെ കണ്ണിലെ കണ്ണീരിലടിച്ച് അപ്പന്റെ കവിളിലേക്ക് വെളിച്ചപ്പൊട്ടായി കുതറി വീണു.
മൈത്രേയി
വിലാസം
മൈത്രേയി
നീലാംബരി’
കടമ്പോട് പി. ഒ,
പാണ്ടിക്കാട് വഴി
മലപ്പുറം ജില്ല — പിൻ. 676521
ഫോൺ:9946177012
ഇ മെയിൽ: mythreyimanjeri@gmail. com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.