
മലയാളകഥയുടെ രാഷ്ട്രീയ വിചാരങ്ങളിൽ സവിശേഷശ്രദ്ധ നേടിയ എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരൻ. ചെറുകഥകളിലൂടെയാണ് തന്റെ രാഷ്ട്രീയ ചിന്ത അദ്ദേഹം പങ്കുവച്ചത്. നിരൂപകരുടെ രാജകീയ വാത്സല്യം ലഭ്യമല്ലാതിരുന്നിട്ടും കഥയുടെ ലോകത്ത് രാഷട്രീയ പ്രബുദ്ധതയുടെ ചൈതന്യം അദ്ദേഹം പ്രസരിപ്പിച്ചു. മിതഭാഷിയും അന്തർമുഖനുമായിരുന്ന പട്ടത്തുവിളയക്ക് കഥയുടെ ലോകമായിരുന്നു പ്രിയം. പ്രമേയത്തിൽ വൈവിധ്യം പുലർത്തിയതുപോലെ ജീവിതത്തിലും വൈവിധ്യങ്ങളുടെ കൂട്ടുകാരനായിരുന്നു പട്ടത്തുവിള. എഴുത്തുകാരൻ, ചലച്ചിത്ര വിദ്യാർത്ഥി, ചലച്ചിത്രനിർമ്മാതാവ്, ഉദ്യോഗസ്ഥൻ, പത്രപ്രവർത്തകൻ, നിയമ വിദ്യാർത്ഥി, വ്യവസായി എന്നിങ്ങനെ വിവിധ മേഖലകളിൽ പട്ടത്തുവിള ശോഭിച്ചു. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും അരിക് വൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെയാണ് അദ്ദേഹം പകർത്തിയത്. സ്വയംവിമർശനത്തെ വളരെ പ്രാധാന്യത്തോടെ അദ്ദേഹം രചനകളിൽ നിലനിർത്തി. സമാന്തര ചലച്ചിത്രമേഖലയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. അക്കാലത്ത് കൊല്ലം സമാന്തര ചലച്ചിത്ര പ്രവർത്തകരുടെ ഇഷ്ടസ്ഥലമായിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ നിർമ്മിച്ചത് ചിത്രലേഖാ ഫിലിം സൊസൈറ്റിയായിരുന്നെങ്കിൽ അരവിന്ദന്റെ ആദ്യ സിനിമ ‘ഉത്തരായനം’ നിർമ്മിച്ചത് പട്ടത്തുവിള കരുണാകരനായിരുന്നു. പ്രമേയത്തിലും ആഖ്യാനത്തിലും നവീനമായ ഭാവുകത്വമാണ് ഈ ചിത്രം മുന്നോട്ട് വച്ചത്. ചലച്ചിത്രനിർമ്മാണത്തിനുള്ള കേന്ദ്ര പുരസ്കാരം ഉത്തരായനത്തിന് ലഭിച്ചിരുന്നു.
രാഷ്ട്രീയാധുനികതയെ കഥയിൽ പരിചയപ്പെടുത്തിയ പ്രമുഖനായിരുന്നു പട്ടത്തുവിള. ആധുനികതയുടെ മടുപ്പിൽനിന്നും രൂപപ്പെട്ട ഈ പ്രസ്ഥാനം ഇടതു-തീവ്ര പ്രസ്ഥാനങ്ങളെ വിമോചന പ്രത്യയശാസ്ത്രമായി സ്വീകരിച്ചു. ആധുനികത വ്യക്തി കേന്ദ്രിതമായിരുന്നെങ്കിൽ രാഷ്ടീയാധുനികത സമൂഹകേന്ദ്രിതമായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കം മനുഷ്യജീവിതത്തിൽ സംഭവിക്കുമെന്ന് കുറെ എഴുത്തുകാർ കരുതി. തീവ്രവാദസമരങ്ങളുടെ സാമൂഹിക പശ്ചാത്തലത്തെ വിശകലന ബുദ്ധിയോടെ പട്ടത്തുവിള അവതരിപ്പിച്ചു. രാഷ്ട്രീയാധുനികതയെ രചനാലോകത്ത് ഉറപ്പിച്ച് നിർത്തിയവർ സർഗാത്മകതയുടെ ബദൽ ലോകമാണ് നിർമ്മിച്ചത്.
പക്ഷെ ഇവർക്കാർക്കും കഥയുടെ ഉന്നതമായ ബഹുമതികൾ ലഭിച്ചിരുന്നില്ല. ആധുനികതയെ വിപ്ലവാത്മക സാമൂഹ്യദർശനവും നൈതിക പ്രതിജ്ഞാബദ്ധതയും കൊണ്ട് രാഷട്രീയവൽക്കരിച്ച എഴുപതുകളിലെ കഥയുടെ ലോകത്തെക്കുറിച്ച് സച്ചിദാനന്ദൻ എഴുതുന്നുണ്ട്. (എം സുകുമാരന്റെ കഥകൾക്ക് എഴുതിയ പഠനം) അരാഷ്ട്രീയ ചിന്തകളെയും ദർശനങ്ങളെയും കരുതിക്കൂട്ടി തോൽപ്പിച്ച ആ തലമുറയെ കൃത്യമായി പഠനവിധേയമാക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. പി കെ നാണുവിനെപ്പോലുള്ള എഴുത്തുകാർ വിസ്മൃതിയിലേക്കും വീണു. രചനാലോകത്ത് ഇവർ സൃഷ്ടിച്ച ബദൽഭാവുകത്വം തിരിച്ചറിയാനോ അതിന്റെ സൈദ്ധാന്തികപരിസരം ഉൾക്കൊള്ളാനോ പലർക്കും കഴിഞ്ഞില്ല. രാഷ്ട്രീയകഥകളുടെ പ്രതിബദ്ധമായ പ്രമേയ പരിസരങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിൽ നമ്മുടെ വായനാ സമൂഹം പൂർണമായി വിജയിച്ചതായി കരുതാൻ കഴിയില്ല. രാഷട്രീയകഥകളുടെ സമാഹാരങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവ വേണ്ടത്ര വിധത്തിൽ വിശകലന വിധേയമായിട്ടില്ല. അത്തരം കഥകളെ ഭൂതകാലത്തിന്റെ ഓർമ്മകൾ എന്ന വിധത്തിൽ കാല്പനികവത്ക്കരിക്കാനാണ് പലരും ശ്രമിക്കുന്നത്. ആ കഥകൾ നിഗൂഹനം ചെയ്ത ഉള്ളടക്കം സമഗ്രമായി വിശകലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പട്ടത്തുവിള, യു പി ജയരാജൻ, എം സുകുമാരൻ, പി കെ നാണു എന്നിവരൊക്കെ പുതിയകാല വായനയിൽ വേണ്ടവിധം ഇടം പിടിക്കുന്നതുമില്ല. എഴുപതുകളിലെ രാഷ്ട്രീയം ഫീച്ചർ എഴുത്തുകാരുടെ ഓർമ്മയിൽ മാത്രമാണ് നിലനിൽക്കുന്നത്. എപ്പോഴും പൊള്ളിക്കൊണ്ടിരിക്കുന്ന പുതിയകാലത്ത് കൂടുതൽ കൂടുതൽ വായനക്ക് വിധേയമാകേണ്ടത് രാഷ്ട്രീയ കഥകളാണ്. എന്നാൽ അവ വേണ്ടവിധം വായനയ്ക്ക് വിധേയമായിട്ടില്ല. സർഗാത്മകമായ കലാപത്തിന് അനുയോജ്യമായ വിധത്തിലാണ് പുതിയ സമൂഹത്തിന്റെ രൂപഘടന. ആഗോളീകരണ വ്യവസ്ഥകൾ ക്രൂരമാം വിധം വ്യാപകമാകുമ്പോൾ രാഷ്ട്രീയ കഥകളുടെ പ്രാധാന്യം വർധിക്കുകയാണ്. രണ്ടു തുള്ളി കണ്ണുനീർ, ന്യുയോർക്കിലെ ഷീല, ഇരുണ്ടമുറിയും നിറഞ്ഞതെരുവും, ആനക്കാരൻ, ഹരേ കൃഷ്ണ, എഴുതാത്ത മറുപടി, നചികേതൻ യമ ദേവനോട് ചോദിച്ചത്, ആരാധന തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥകൾ.
വർത്തമാനകാല യാഥാർത്ഥ്യത്തിന്റെ വൈരുദ്ധ്യങ്ങളെ കൃത്യമായി പകർത്തുകയായിരുന്നു പട്ടത്തുവിള. മലയാളിയുടെ ഭാവനാലോകത്തില്ലാതിരുന്ന വിഷയങ്ങളെല്ലാം ആ കഥകളിൽക്കയറികൂടി. സ്വവർഗ ലൈംഗികതയെക്കുറിച്ചും കുടുംബത്തിനുള്ളിലെ ശിഥില ലൈംഗികതയെക്കുറിച്ചും അദ്ദേഹം എഴുതി. പുരുഷകേന്ദ്രിത സമൂഹവും മതകേന്ദ്രിത വിശ്വാസപ്രമാണങ്ങളും സ്ത്രീയെ വില്പന വസ്തുവാക്കി മാറ്റുന്നതിനോടുള്ള പ്രതിഷേധം സങ്കരവർഗം എന്ന കഥയിൽ പ്രകടമാണ്. ഗൂർണിക്ക എന്ന പേരിൽ ഒരു ചെറിയ കഥ പട്ടത്തുവിള എഴുതിയിട്ടുണ്ട്. പാബ്ലോ പിക്കാസോ വരച്ച, ലോകപ്രശസ്തമായ ഒരു ചിത്രമാണ് ഗൂർണിക്ക. ഇറ്റലിയുടെ പോർവിമാനങ്ങൾ ഗൂർണിക്ക പട്ടണം ബോംബിട്ട് നശിപ്പിച്ചതിനോട് പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം ഈ ചിത്രം വരച്ചത്. 1937ൽ വരച്ച ഈ ചിത്രം പട്ടത്തുവിള കഥയുടെ കേന്ദ്ര പ്രമേയത്തിലേക്ക് കൊണ്ടുവരുകയാണ്. ഒരോ ആക്രമണവും ബാക്കിവയ്ക്കുന്നതെന്താണ് എന്ന ചിന്ത ഈ കഥയിൽ വളരെ പ്രാധാന്യത്തോടെ വരുന്നു. പുതിയ കാലത്തിന്റെ ആക്രമണോത്സുകതയുടെ പരിസരത്തിൽ ഗൂർണിക്കയെ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു. ‘ഭവനം അലങ്കരിക്കാനുള്ള വസ്തുവല്ല പെയിന്റിങ്, ശത്രുവിനെതിരെ യുദ്ധത്തിനുപയോഗിക്കാനുള്ള ആയുധമാണ്’ എന്ന പട്ടത്തുവിളയുടെ തീവ്രമായ ആശയം കഥയുടെ മർമ്മമായി മാറുന്നുണ്ട്.
ലളിതമായ വായനയിലൂടെ തെളിഞ്ഞു വരുന്നവയല്ല പട്ടത്തുവിളയുടെ കഥകൾ. നിരന്തരമായ വായന ആ കഥകൾ ആവശ്യപ്പെടുന്നുണ്ട്. കഥയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ധാരണയില്ലാത്തവർക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും.
സംഭാഷണത്തിന് പ്രാധാന്യം നൽകുന്ന ആഖ്യാന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. അക്കാലത്ത് ഇത് ഒരു പുതിയ രചനാതന്ത്രമായിരുന്നു. മനുഷ്യ ജീവിതത്തിന്റെ സങ്കീർണതകളെയും ഉപരിവിപ്ലവമായ കാഴ്ചപ്പാടുകളെയും മനസിലാക്കാൻ സംഭാഷണങ്ങൾ ഉപകാരപ്പെടുമെന്ന ചിന്ത പട്ടത്തുവിളയിൽ ഉണ്ടായിരുന്നു. സൂക്ഷ്മവും കൃത്യവുമായിരുന്നു ആ സംഭാഷണങ്ങൾ.
എഴുപതുകളിലെ വിപ്ലവാവേശം പട്ടത്തുവിളയുടെ കഥകളിൽ ഒരു കൊടുങ്കാറ്റുപ്പോലെ പടർന്നിറങ്ങി. വ്യവസ്ഥകളെ അക്ഷേപഹാസ്യത്തിലൂടെ ചോദ്യം ചെയ്യുന്ന ധീരതയാർന്ന രചനാരീതി പട്ടത്തുവിളയുടെ സവിശേഷമായ പ്രത്യേകതയായിരുന്നു. തന്റെ മൂർച്ചയുള്ള ആഖ്യാനരീതിക്ക് ഉദാഹരണമാണ് നൈറ്റ് ഡ്യൂട്ടി എന്ന കഥ. ഒരു തീയറ്ററിനുളളിലാണ് കഥ നടക്കുന്നത്. കാഴ്ചകളുടെ ഇടമാണ് തീയേറ്റർ. ഭാര്യയും ഭർത്താവും കാഴ്ചക്കാരായി അവിടെയുണ്ട്. സ്ക്രീനിൽ വരാൻപോകുന്ന ചിത്രത്തിന്റെ ട്രെയിലർ തെളിയുന്നു. തെരുവിലൂടെ രണ്ട് ചെറുപ്പക്കാർ നീങ്ങുന്നു. അവരുടെ കൈയിൽ ചുറ്റികയുണ്ട്. വിഗ്രഹഭഞ്ജകരായ ചെറുപ്പക്കാർ മഹാത്മാക്കളുടെ പ്രതിമയ്ക്കുമുന്നിൽ വിദ്വേഷത്തോടെ നിൽക്കുകയാണ്. ഉടനെ ഭാര്യ ഭർത്താവിനോട് പറയുന്നു:
‘ഇതു സിനിമയല്ല’
‘പിന്നെ?’
‘ട്രെയിലർ
എന്തിന്റെ?’
‘വരാൻപോകുന്നതിന്റെ’
‘ഉം’
‘അതു നമുക്കു കാണണം’
‘കാണണം.’
നമ്മൾ എല്ലാം കാണുകയാണ്. ഒന്നിലും പങ്കെടുക്കാതെ, ഇടപെടാതെ വെറും കാഴ്ചക്കാരായി മാറുന്നു. കാഴ്ചകളുടെ ലോകമാണ് പുതിയ കാലം. കാഴ്ചക്കാരായി മാറുക എന്നത് നിർവികാരതയിലേക്ക് മാറുക എന്നാണർത്ഥം. എത്ര നിർവികാരമീ പുതുതാം തലമുറ എന്ന കവിവാക്യം ഇതിനോടൊപ്പം ചേർത്തു വായിക്കാം.
അല്ലോപനിഷത്ത് എന്ന കഥയിലും കാഴ്ചക്കാർ വരുന്നുണ്ട്. ഈ കഥ മുന്നോട്ടുവച്ച രചനാരീതി പ്രശംസനീയമാണ്. ആധുനികതയുടെ ആഖ്യാനരീതികളെക്കുറിച്ചുള്ള നവീനമായ വിചാരങ്ങൾ ഈ കഥയിൽ തെളിഞ്ഞുവരുന്നുണ്ട്. മലയാളത്തിലെ ഇഷ്ടപ്പെട്ട അൻപതുകഥകളിൽ ഒന്നായി പല നിരൂപകരും ഈ കഥയെ പരിഗണിക്കുന്നുണ്ട്. കഥയിലെ പ്രധാനകഥാപാത്രം ഭാര്യയുടെ അനുജത്തിയുമായി സംസാരിക്കുന്നു:
‘ഇന്നലെ ഞാൻ അജിതയെ കണ്ടു’
‘എവിടെ വച്ച്?’
‘ബസ് സ്റ്റാൻഡിൽ, ചുവന്ന പുസ്തകം വില്ക്കുന്നു ’
‘തനിച്ചോ’
‘അല്ല, ധാരാളം കാഴ്ചക്കാരുണ്ട്.’
വിപ്ലവകാരികൾ വെറുംകാഴ്ചക്കാരായി മാറുന്നു. ഹൃദയത്തോളം വിശുദ്ധമെന്നു കരുതുന്ന ഒരാദർശത്തിനായി ജീവിത സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിക്കുന്നവർ കാഴ്ചവസ്തുവായി മാറുകയാണ്. ആത്മീയത, മാർക്സിസം, ലൈംഗികത എന്നിവയെല്ലാം ഈ കഥയിൽ കൃത്യതയോടെ ചർച്ച ചെയ്യുന്നുണ്ട്. ലെനിനെക്കുറിച്ച് പറയുന്ന ഒരു ഭാഗം ശ്രദ്ധിക്കുക
‘കൃത്യം എട്ട് നാല്പതിന് മുഷിഞ്ഞ വസ്ത്രധാരിയായ ആ മനുഷ്യൻ രംഗത്തു പ്രത്യക്ഷപ്പെട്ടപ്പോൾ ഇടിമുഴക്കം പോലെയുള്ള കരഘോഷം അദ്ദേഹം സ്വാഗതം ചെയ്തു. പൊക്കം കുറഞ്ഞ തടിച്ച ദേഹം. കഷണ്ടി ബാധിച്ചു, നെറ്റി പൊന്തിയ തല, ചെറിയ കണ്ണുകളും പതിഞ്ഞ മൂക്കും വലിയ വായും. രോമം വടിച്ചു മിനുസപ്പെടുത്തിയ മുഖത്തു മുമ്പും പില്ക്കാലത്തും സുപരിചിതമായ താടിയുടെ സൂചന കാണാം. ധരിച്ചിരിക്കുന്ന കാലുകൾ കുറെക്കൂടി നീണ്ട കാലുകൾക്കു പാകമാണ്. കാഴ്ചയിൽ പൊതുജനങ്ങളുടെ ആരാധ്യനാകാൻ നിറപ്പകിട്ടില്ലാത്ത ഈ മനുഷ്യനെപ്പോലെ ചുരുക്കം പേരെ ചരിത്രത്തിൽ സ്നേഹും ആദരവും നേടിയിട്ടുള്ളു… ’ വിപ്ലവത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു ഭാഗം കഥയിലുണ്ട്:
‘അമ്പട ! ന്തിനാ വിപ്ലവം?’
‘പുഞ്ചവയലു കർഷകനു കൊടുക്കാൻ
‘അച്ഛന്റെ വയലോ’
‘അതും’
‘മുഴുവനും’
‘മുഴുവനും’
‘പിന്നെ നമ്മളെങ്ങനെ കഴിയും’
‘പണിയെടുക്കണം’
‘ഞാനും’
‘നീയും നിന്നെ കെട്ടുന്നവനും ’
ഞാനും നീയുമെല്ലാം ഒന്നാകുന്ന സമത്വസുന്ദരമായ സാമൂഹികാവസ്ഥയെ സ്വപ്നം കണ്ട ഒരു തലമുറയെ അതീവ സൂക്ഷ്മമായി പകർത്താൻ പട്ടത്തുവിളയക്ക് കഴിഞ്ഞിരുന്നു. ഈ സാമൂഹ്യ കാഴ്ചപ്പാട് തന്നെയാണ് പട്ടത്തുവിളയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലും വായനക്കാര്‍ പട്ടത്തുവിളയുടെ കഥകള്‍ തേടിപ്പിടിച്ച് ആവേശത്തോടെ വായിക്കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.