9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 7, 2025
April 6, 2025
April 5, 2025
April 5, 2025
April 3, 2025
April 2, 2025
April 1, 2025
March 31, 2025
March 31, 2025

ആര്യന്‍ ഖാനെതിരെ തെളിവില്ല; ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് പുറത്ത്

Janayugom Webdesk
മുംബൈ
November 20, 2021 10:00 pm

ലഹരിപാര്‍ട്ടി കേസിലെ ഗൂഢാലോചനക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ യാതൊരു തെളിവുമില്ലെന്ന് ബോംബെ ഹൈക്കോടതി. ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.
അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുമായി ചേര്‍ന്ന് ആര്യന്‍ ഖാന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ തെറ്റായി യാതൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.

ആരോപണ വിധേയര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ ഒന്നിച്ചു സമ്മതിച്ചുവെന്ന് കോടതിക്ക് ബോധ്യപ്പെടാന്‍ തക്കവിധത്തിലുള്ള തെളിവില്ല. മൂന്ന് പേരും ഒരേ ആഡംബര കപ്പലില്‍ സഞ്ചരിച്ചുവെന്നത് അവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്താനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായ ആര്യന്‍ ഖാന് 25 ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചിരുന്നത്.

 

സമീര്‍ വാങ്കഡെയ്ക്ക് ബാര്‍ ഹോട്ടല്‍; ജാതി തിരുത്തിയെന്നതിന്റെ രേഖകളും പുറത്ത്

ആര്യന്‍ ഖാനെ അറസ്റ്റു ചെയ്ത നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ഹോട്ടലും ബാറുമുണ്ടെന്ന് വെളിപ്പെടുത്തൽ. സമീര്‍ വാങ്കഡെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബാര്‍ ഹോട്ടല്‍ 1997 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രേഖകള്‍ പുറത്തുവിട്ട മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് പറഞ്ഞു. 1997‑ലാണ് സമീര്‍ വാങ്കഡെയുടെ പിതാവും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനുമായിരുന്ന ധ്യാന്‍ദേവ് വാങ്കഡെ മകന്റെ പേരിലാണ് ബാറിന് ലൈസന്‍സ് എടുത്തിരിക്കുന്നത്. അന്ന് മൈനറായിരുന്ന സമീര്‍ വാങ്കഡെയുടെ പേരില്‍ അനധികൃതമായാണ് ലൈസന്‍സ് സമ്പാദിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നവി മുംബൈയിലെ വാഷിയിലാണ് ഹോട്ടല്‍ സദ്ഗുരു എന്ന പേരിലുള്ള ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ജോലി തന്നെ നഷ്ടമാകാന്‍ സാധ്യതയുള്ള മൂന്ന് ഗുരുതര ആരോപണങ്ങളാണ് വാങ്കഡെയ്ക്ക് എതിരെ നവാബ് മാലിക്ക് ആരോപിച്ചിരിക്കുന്നത്. ആര്യന്‍ കേസുമായി ബന്ധപ്പെട്ട പണം തട്ടിയെടുക്കല്‍ ആരോപണമാണ് ആദ്യത്തേത്. ഇതില്‍ എന്‍സിബിയും മുംബൈ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ജോലി സമ്പാദിക്കുന്നതിനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്നതും ബാര്‍ നടത്തുന്നത് മറച്ചുവച്ചതുമാണ് മറ്റ് ആരോപണങ്ങള്‍.  അതേസമയം ബാര്‍ ഉണ്ടെന്ന വിവരം മറച്ചുവച്ചിട്ടില്ലെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചശേഷം പിതാവിന് പവര്‍ ഓഫ് അറ്റോര്‍ണി കൈമാറിയിരുന്നു.

അതിനിടെ മാലിക്കിന്റെ ആരോപണങ്ങള്‍ക്ക് ബലമേകി പിതാവിന്റെ പേര് ദാവൂദ് എന്നാണെന്ന് വ്യക്തമാക്കുന്ന സമീര്‍ വാങ്കഡെയുടെ ജനന സര്‍ട്ടിഫിക്കറ്റ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മുംബൈ പൊലീസിന് കൈമാറി. 1991 ല്‍ ദാവൂദ് എന്ന പേര് ധ്യാന്‍ദേവ് എന്നാക്കി മാറ്റാന്‍ ഒരു കുടുംബാംഗം അപേക്ഷ നല്‍കിയിരുന്നു. ഇതിന് ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ധ്യാന്‍ദേവ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മതപരിവര്‍ത്തനത്തിന്റെ മറ്റ് രേഖകളൊന്നും ലഭ്യമായിട്ടില്ല.

ENGLISH SUMMARY:No evi­dence against Aryan Khan; Bom­bay High Court issues bail order
You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.