12 December 2025, Friday

നൂലിഴകളിൽ അഞ്ജനമെഴുതി…

എവിൻ പോൾ
October 19, 2025 6:41 am

ടുക്കിയുടെ മലയോര ഗ്രാമമായ കഞ്ഞിക്കുഴിയിൽ ജനിച്ചു വളർന്ന അഞ്ജന ഇന്ന് ലോകത്തിന് ഒരു സന്ദേശം നൽകുകയാണ്, ‘ഞാൻ പരിമിതികളിൽ തളരുകയില്ല, നമ്മുടെ മനസാണ് സർവതും നിശ്ചയിക്കുക.’ ജന്മനാ വലതു കൈ ഇല്ലാതിരുന്ന അഞ്ജന ഇന്ന് സമൂഹമാധ്യമങ്ങളിൽ ‘വൺ ഹാൻഡ് എംബ്രോയഡറി’ എന്ന ബ്രാൻഡ് നെയിമിലൂടെ തരംഗമാകുകയാണ്. അഞ്ജനയെ പിതാവായ കഞ്ഞിക്കുഴി മണ്ണാപ്പറമ്പിൽ ഷാജിയും അമ്മ ആലീസും വളർത്തിയത് ഒരു കുറവും അറിയിക്കാതെയാണ്. അപ്പച്ചനായിരുന്നു അഞ്ജനയെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത്. അവളുടെ ഒരോ ആഗ്രഹങ്ങളും ചിറക് മുളപ്പിച്ചത് അപ്പച്ചനായിരുന്നു. കുഞ്ഞുനാളിൽ നീന്തൽ പഠിപ്പിച്ചതും സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതുമെല്ലാം അപ്പച്ചനായിരുന്നു. അഞ്ജന വളർന്നപ്പോൾ അവളുടെ ആഗ്രഹങ്ങളും വളർന്നു. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം അഞ്ജനയെ ഒരു പരിമിതിയുള്ള കുട്ടിയായി കണ്ടിരുന്നില്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു അവർക്ക് അവൾ.
പ്ലസ്ടു പഠനത്തിന് ശേഷം തുടർ പഠനത്തിനായി നാടുവിട്ട് പുറം നാട്ടിലേക്ക് പോയി തുടങ്ങിയതോടെയാണ് തന്റെ പരിമിതികളെപ്പറ്റി അഞ്ജന തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. ഡിഗ്രി പഠനം കോട്ടയം ബിസിഎം കോളജിലായിരുന്നു. തുടർന്ന് ഒരു സാമൂഹിക പ്രവർത്തക ആകാനുള്ള ആഗ്രഹം നിമിത്തം അഞ്ജന തൊടുപുഴ ശാന്തിഗിരി കോളജിൽ എംഎസ്ഡബ്ല്യൂവും പൂർത്തിയാക്കി. പഠന ശേഷം ഈ മേഖലയിൽ തന്നെ മുന്നോട്ട് പോകാനായിരുന്നു ആഗ്രഹിച്ചത്. എന്നാൽ തന്റെ പരിമിതികള്‍ പല ഇടങ്ങളിലും ചോദ്യം ചെയ്യപ്പെട്ടപ്പോൾ ആ ഉദ്യമം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 

മൂന്ന് വർഷം മുമ്പാണ് അഞ്ജന തന്നെ അടുത്തറിയുന്ന ആൽവിനെ വിവാഹം കഴിക്കുന്നത്. ജോലിയും വരുമാനവും ഒരു സ്വപ്നം ആയിരുന്നതിനാൽ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. തുടർന്നു ഒരു സ്വകാര്യ കമ്പനിയിൽ കസ്റ്റമർ റിലേഷൻ മാനേജറായി ജോലിക്ക് കയറി. എങ്കിലും മനസിന് തൃപ്തി നൽകാത്തതിനാൽ ആ ജോലിയും വേണ്ടന്ന് വച്ചു. തന്റെ പരിമിതികളെപ്പറ്റി ആലോചിക്കുവാൻ തുടങ്ങിയതോടെ മനസിന്റെ ധൈര്യം അൽപ്പാൽ‌പ്പമായി ചോരുകയായിരുന്നു. ഭർത്താവ് ആൽവിൻ നൽകിയ ആത്മവിശ്വാസമാണ് അഞ്ജനക്ക് പിന്നീട് കരുത്തായത്. പലപ്പോഴും മാനസികമായി വിഷമങ്ങൾ അഞ്ജനയെ അലട്ടാൻ തുടങ്ങി. പുതിയ ഒരു ജോലിക്ക് വേണ്ടിയുള്ള നീണ്ട ഒരു കാത്തിരിപ്പിലായിരുന്നു അഞ്ജന അപ്പോഴും. ഇതിനിടയിലെപ്പോഴോ ആണ് ഭർത്താവ് ആൽവിന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ ഉടുപ്പിൽ ഒരു പൂവിന്റെ എംബ്രോയഡറി വർക്ക് അഞ്ജന കാണുന്നത്. അതുപോലെ ഒന്ന് തുന്നി ചേർക്കാൻ ആഗ്രഹം തോന്നിയതോടെ ഒരു തുണിയിൽ ഒരു പൂവ് സ്വന്തമായി വർണ നൂലിഴകളാൽ തുന്നി ചേർത്തു. ശേഷം അമ്മയെ കാണിച്ചപ്പോൾ അമ്മക്കും ഇഷ്ടമായി. ഇതോടെ കൂടുതൽ എംബ്രോയഡറി വർക്കുകൾ ചെയ്യാൻ ആരംഭിച്ചു. ഇതായിരുന്നു അഞ്ജനയുടെ ജീവിതമാകെ മാറ്റി മറിക്കുന്നത്. 

ഭർത്താവ് എപ്പോഴും അഞ്ജനയുടെ വർക്കുകളെല്ലാം ഫോണിൽ ചിത്രങ്ങളായും ദൃശ്യങ്ങളായും എടുത്തു വച്ചു. ഒരു വർഷം മുമ്പ് ആണ് സാമൂഹിക മാധ്യമത്തിൽ ഒരു പേജ് നിർമ്മിക്കുന്നത്, വൺ ഹാൻഡ് എംബ്രോയഡറി എന്ന പേരും നൽകി. ഇതിലെ പോസ്റ്റുകൾക്ക് വലിയ രീതിയിൽ റീച്ച് ലഭിക്കാൻ തുടങ്ങിയതോടെ അഞ്ജന ഉറപ്പിച്ചു, ഇതാണ് തന്റെ ജോലി. സിനിമാ, സീരിയൽ താരങ്ങളും മറ്റ് സെലിബ്രിറ്റികളും പേജുകളിൽ പിന്തുണയുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ വലിയ പ്രചാരം ലഭിച്ചു തുടങ്ങി. മാസങ്ങൾക്ക് മുമ്പാണ് വൺ ഹാൻഡ് എംബ്രോയഡറി ഒരു സംരംഭമായി വളരാൻ തുടങ്ങിയത്. അമ്മ കുഞ്ഞുടുപ്പുകൾ തയ്ക്കുന്നത് കണ്ടിട്ടുള്ളത് മാത്രമാണ് ഈ രംഗത്ത് അഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത. ഇന്ന് അഞ്ജന നൂൽ നൂൽക്കുകയാണ് എല്ലാ പരിമിതികളെയും മറികടന്ന് ഈ ലോകത്തിന് മുന്നിൽ വലിയ ഒരു സന്ദേശവുമായി. 

ഇന്ന് പല സ്ഥലങ്ങളിൽ നിന്നും കൂടുതൽ വർക്കുകൾ അഞ്ജനക്ക് ലഭിക്കുന്നുണ്ട്. തനിക്ക് എന്ത് കഴിയും എന്ന് സമൂഹത്തിനു മുന്നിൽ കാണിച്ചു കൊടുക്കുന്ന അഞ്ജനക്ക് തൻ്റെ സംരംഭം ലോകമറിയുന്ന ഒരു ബ്രാൻഡായി വളരണമെന്നാണ് ആഗ്രഹം. അഞ്ജനയുടെ ആഗ്രഹങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കരാട്ടെയിൽ ഗ്രീൻ ബെൽറ്റ് ഉള്ള അഞ്ജന പറയുന്നു, തനിക്ക് ഒരു ബ്ലാക്ക് ബെൽറ്റ് കൂടി നേടണമെന്ന്. ഇനിയും തീർന്നില്ല, ഒരു ഡ്രൈവിങ് ലൈസൻസ് വേണമെന്ന സ്വപ്നം കൂടിയുണ്ട്. ഇതിനായി കടമ്പകളേറെ ഉണ്ടെങ്കിലും ലൈസൻസ് സമ്പാദിച്ച് തന്റെ സംരംഭത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ ഒരു കാർ വാങ്ങണമെന്നും ആ വാഹനം ഓടിക്കണമെന്നും അഞ്ജന പറയുന്നു. എല്ലാവർക്കും പരിമിതികളുണ്ടെങ്കിലും ആ പരിമിതികൾ എല്ലാം മനസുകൊണ്ട് കീഴടക്കാം എന്ന് അഞ്ജന സമൂഹത്തെ ബോധ്യപെടുത്തുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.