22 October 2024, Tuesday
KSFE Galaxy Chits Banner 2

നോർക്ക: പ്രവാസ ഭൂമികയിൽ കാൽനൂറ്റാണ്ട്

പി ശ്രീരാമകൃഷ്ണന്‍
നോര്‍ക്ക വൈസ് ചെയര്‍മാന്‍
December 6, 2021 7:20 am

നോർക്ക രൂപീകൃതമായിട്ട് 2021 ഡിസംബർ ആറിന് 25 വർഷം പൂർത്തിയാവുകയാണ്. പ്രവാസ പരിപാലനത്തിന്റെ സാർത്ഥകമായ കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ അവസരത്തിൽ കേരളവും പ്രവാസ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. പത്തേമാരികളിൽ കടലുകൾ താണ്ടി മരുക്കാടുകളും അപരിചിതമായ ഭൂപ്രദേശങ്ങളും കടന്ന് ലോകമെമ്പാടും വ്യാപിച്ച മുൻകാല പ്രവാസി തലമുറകളെ ഈ അവസരത്തിൽ നമുക്ക് കൃതജ്ഞതയോടെ ഓർക്കാം. ഇന്ന് പ്രവാസത്തിന്റെ അലകും പിടിയും മാറ്റിപ്പണിയാൻ നമുക്ക് സാധിച്ചിരിക്കുന്നു. യൂറോപ്പിലെ മികച്ച തൊഴിൽ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ ജർമനിയുമായി ഇന്ത്യയിലെ ആദ്യത്തെ സർക്കാർതല റിക്രൂട്ടുമെന്റിന് കേരള സർക്കാരിന് വേണ്ടി കരാർ ഒപ്പിട്ടതിന്റെ നിറവിലാണിപ്പോൾ നോർക്ക റൂട്ട്സ്. ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയെ പ്രതിനിധീകരിച്ച് കരാർ ഒപ്പുവയ്ക്കാനെത്തിയ കോൺസുൽ ജനറൽ അച്ചിംബുക്കാർട്ട് ചരിത്രനിമിഷം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. വൈദഗ്‌ധ്യത്തിലും അർപ്പണബോധത്തിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളി നഴ്സുമാർക്ക് തന്റെ രാജ്യത്ത് വിപുലമായ സാധ്യതകളുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും ഹോസ്പിറ്റാലിറ്റി മേഖലകളിലടക്കം വരുംനാളുകളിൽ പ്രതീക്ഷിക്കപ്പെടുന്ന വിപുമായ സാധ്യതകളുടെ ആദ്യപടിയാണ് ഈ പദ്ധതിയിലെ നോർക്ക പങ്കാളിത്തം. പ്രവാസി പരിപാലനത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ നമ്മുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് ടിപ്പിൾ വിൻ. മലയാളി എവിടെയുണ്ടോ കേരളം അവിടെയുണ്ട് എന്ന സങ്കല്പത്തിൽ ആരംഭിച്ച ലോക കേരളസഭ ഉൾപ്പെടെയുള്ള നവീന ജനാധിപത്യക്രമങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

 

നോർക്ക റൂട്ട്സ് എന്നും പ്രവാസികൾക്കൊപ്പം
കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേകത പൊതുവേ മധ്യേഷ്യയിലാണ് കൂടുതൽ ആളുകൾ ഉള്ളത് എന്നതാണ്. മധ്യേഷ്യയിലെ പ്രവാസികളിൽ ബഹുഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നില്ല. മനസ് കേരളത്തിൽ അവശേഷിപ്പിച്ചുകൊണ്ടാണ് അവർ പുറത്തു പോവുന്നത്. പ്രവാസത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് ശിഖരം വീശുമ്പോഴും അവരുടെ വേരുകൾ സ്വന്തം മണ്ണിന്റെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുന്നു. 2002ൽ നോർക്കയുടെ ഫീൽഡ് ഏജൻസിയായി രൂപീകരിച്ച നോർക്ക റൂട്ട്സിന്റെ നാമം തന്നെ ആ ആശയത്തെയാണ് ദ്യോതിപ്പിക്കുന്നത്. തിരിച്ചുവരാനായി യാത്രപുറപ്പെടുന്ന പ്രവാസിക്കുവേണ്ടി രൂപീകൃതമായ നോർക്കയ്ക്ക് മൂന്നു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ സ്വാഭാവികമായും ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു- വിജയകരവും സുരക്ഷിതവുമായ പ്രവാസത്തിന് യാത്രികനെ/യാത്രികയെ സജ്ജമാക്കുക, ചെന്നെത്തുന്ന നാട്ടിൽ നേരിടാനിടയുള്ള പ്രതിസന്ധികളിൽ ഒപ്പമുണ്ടാവുക, തിരിച്ചെത്തുന്നവർക്ക് പുനരധിവാസം ഒരുക്കുക. ഇവ മൂന്നും പരസ്പരബന്ധിതമായ പ്രക്രിയയുടെ ഭാഗമെന്നതിനാൽ തന്നെ മൂന്നിനും ഏതാണ്ട് തുല്യപരിഗണന തന്നെ നൽകുകയും ചെയ്തു. പ്രവാസത്തിനു മുമ്പും പ്രവാസത്തിനൊപ്പവും പ്രവാസത്തിനു ശേഷവും എന്നു വ്യക്തമാക്കിക്കൊണ്ട് എന്നും പ്രവാസികൾക്കൊപ്പമെന്ന മുദ്രാവാക്യമാണ് നോർക്ക റൂട്ട്സ് സ്വീകരിച്ചിട്ടുള്ളത്.

മഹാമാരിയെ മറികടന്ന കരുതൽ
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തര പ്രാധാന്യം ഇപ്പോൾ സർക്കാർ നൽകിയിട്ടുണ്ട്. സർക്കാർ ആവിഷ്കരിച്ച പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ വലിയ പ്രതികരണമാണ് ഇതിനകം നേടിയെടുത്തത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പ്രവാസി ഭദ്രത പേൾ പദ്ധതിയിൽ രണ്ടു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സൂക്ഷ്മ സംരംഭകർക്കായി ലഭ്യമാക്കുമ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾ കെഎസ്എഫ്ഇയും കേരളാ ബാങ്കു വഴിയും നൽകുന്നു. നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) പദ്ധതി നേരത്തേ നിലവിലുണ്ട്. 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നു ശതമാനം പലിശ സബ്സിഡിയും ഈ പദ്ധതിവഴി അനുവദിക്കുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 450ഓളം സംരംഭങ്ങൾക്ക് സഹായം ലഭ്യമാക്കി. എട്ടു കോടിയോളം രൂപ വിതരണം ചെയ്തു. സാന്ത്വന പദ്ധതിയിൽ കോവിഡ് കാലത്ത് സഹായധനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27 കോടി രൂപയും അതിനുശേഷം ഇതുവരെ 12.16 കോടി രൂപയും ഉൾപ്പെടെ ആകെ 39.16 കോടി രൂപയാണ് ഈ പദ്ധതിവഴി വിതരണം ചെയ്തത്. പ്രവാസികള്‍ക്കായി ആവിഷ്കരിച്ചിട്ടുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ പ്രയോജനപ്പെടുത്താൻ കൂടുതൽ പ്രവാസികൾ മുന്നോട്ടു വരണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കേവലം 315 രൂപയ്ക്ക് പ്രവാസി തിരിച്ചറിയല്‍ കാർഡ് ലോകത്തിലെവിടെ നിന്നും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി തന്നെ സ്വന്തമാക്കാവുന്നതാണ്. നാലുലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഇത് തുണയാവും. വിദേശത്ത് പ്രവാസികൾക്ക് നിയമസഹായത്തിനായി പ്രവർത്തിച്ചുവരുന്ന പ്രവാസി ലീഗൽ എയ്ഡ് സെല്ലുകൾ, പരാതികൾ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂർ പ്രവർത്തിക്കുന്ന ഗ്ലോബൽ കോൺടാക്ട് സെന്റർ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നത് സന്തോഷകരമാണ്. മഹാമാരിയുടെ കാലയളവിൽ ഇരുപതിലധികം രാജ്യങ്ങളിൽ ഹെൽപ്പ്ഡെസ്കുകൾ തുടങ്ങി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംവിധാനങ്ങൾ ഉണ്ടാക്കി. യാത്രവിലക്കു മൂലം നാട്ടിൽ കുടുങ്ങിയ ഒന്നേകാൽ ലക്ഷത്തിലേറെ പേർക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തു. കോവിഡ് വന്നുമരിച്ച പ്രവാസികളിൽ ക്ഷേമനിധി അംഗത്വമുള്ളവർക്ക് 10,000 രൂപ വീതം നൽകി. കോവിഡുമൂലം വിദേശത്തോ നാട്ടിലോ മരിച്ച എല്ലാ പ്രവാസികളുടെയും അവിവാഹിതകളായ പെൺമക്കൾക്ക് ഒറ്റത്തവണ സഹായമായി 25,000 രൂപ വീതം നൽകുന്ന പ്രവാസി തണൽ പദ്ധതി ആർ പി ഫൗണ്ടേഷന്റെ സഹായത്തോടെ ആവിഷ്കരിച്ചു നടപ്പാക്കി. പരമ്പരാഗത മേഖലകൾക്കു പുറമെ പുതിയ തൊഴിലിടങ്ങളിലെ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജപ്പാൻ, ജർമനി പോലുള്ള രാജ്യങ്ങളിലേക്കുള്ള റിക്രൂട്ടുമെന്റ് നടപടികൾ. പുതിയ റിക്രൂട്ടുമെന്റുകൾക്കായി ജോബ് ഫെയറുകൾ നടപ്പാക്കാനും നോളഡ്ജ് മിഷനുമായി സഹകരിച്ച് ഓവർസീസ് എംപ്ലോയേഴ്സിനെ കേരളത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കും.സംരംഭകത്വം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്ന പ്രവാസി ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതും പരിഗണനയിലാണ്.

സോഷ്യൽ ഹാക്കത്തോൺ
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അറിവുകൾ കേരളത്തിലേക്ക് വിന്യസിപ്പിക്കാൻ വേണ്ടുന്ന സോഷ്യൽ ഹാക്കത്തോൺ നമ്മുടെ ലക്ഷ്യമാണ്. നമ്മുടെ കുറവുകൾ കണ്ടെത്തുക, അവ പരിഹരിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ച് ആരായുക. അവയിൽ വലിയ പങ്കുവഹിച്ച മലയാളികളുടെ സേവനം കേരളത്തിലും കൊണ്ടുവരാൻ ശ്രമിക്കുക. എന്നിവ സോഷ്യൽ ഹാക്കത്തോണിന്റെ ഭാഗമായി നടക്കണം. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾ ഇതിനായി ആവിഷ്കരിക്കും. മഹാമാരിക്കു ശേഷം ഉയിർത്തെഴുന്നേൽക്കുന്ന ലോകത്ത് പ്രവാസി മലയാളിയുടെ സ്ഥാനം കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഉണ്ടാകേണ്ടത്. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.