28 December 2024, Saturday
KSFE Galaxy Chits Banner 2

പ്രതിഭാവൈശിഷ്ട്യങ്ങൾ നിറഞ്ഞ നിധിശേഖരം

അജിത് കൊളാടി
വാക്ക്
October 8, 2022 5:30 am

അനന്യമായ പ്രതിഭാവൈശിഷ്ട്യങ്ങൾ ഓരോ മനുഷ്യനിലും ഉണ്ട്. ധൈര്യം, വീര്യം, നിഷ്ഠ, ആത്മവിശ്വാസം, ലക്ഷ്യബോധം, സർഗാത്മകത എന്നിവയെല്ലാം മനുഷ്യപ്രകൃതിയുടെ ശക്തികളാണ്, ഗുണങ്ങളാണ്. സ്വാഭാവികമായ പ്രക്രിയയിലൂടെ ഇവ ഒരു പൂവിന്റെ സൗരഭ്യം പോലെ, അല്ലെങ്കിൽ പുഴയുടെ ഒരു ഒഴുക്കുപോലെ എല്ലായിടവും വ്യാപിക്കുന്നു. പക്ഷെ സൗന്ദര്യം പടർത്താൻ നിരന്തരമായ പരിശ്രമവും അർപ്പണബോധവും ആശയങ്ങളുടെ പ്രവാഹവും വേണം. പക്ഷെ വിരളം പേരിൽ നിന്നു മാത്രമേ അവ പ്രവഹിക്കുന്നുള്ളു. അതിന് കാരണം കലുഷിതമായ മനസാണ്. അത് ഭൂതകാലസ്മൃതികളും ഭാവിയിലെ ആശങ്കകളും കൊണ്ട് നിമഗ്നമായിരിക്കും. പരിപോഷിതമായ ബുദ്ധിയില്ലാത്ത ഒരു മനസ് അതിന്റെ സമയത്തിൽ ഏറിയ പങ്കും ഭൂതഭാവികൾക്കിടയിലൂടെ ആടിയുലയുന്നു. വർത്തമാന വിഷയത്തിൽ മനസിനെ ഉറപ്പിച്ചു നിർത്തുന്നത് ബുദ്ധിശക്തിയാണ്. ഒരോ മനുഷ്യനിലും പ്രതിഭയുണ്ട്. ഓരോ വ്യക്തിത്വത്തിനുള്ളിലും അത് ഒളിഞ്ഞു കിടക്കുന്നു. അനന്തമായ സാധ്യതയാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ തന്റെ പ്രതിഭാവിലാസത്തെ ചിന്തകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും പുഷ്പിപ്പിക്കണം. സർഗശേഷിയും ലോകത്തിന്റെ ആവശ്യങ്ങളും കൂടിക്കലരുമ്പോൾ അവിടെ യഥാർത്ഥ നായകർ വളരും. ഇന്നത്തെ കാലത്ത് ആൾക്കൂട്ടത്തിന്റെ ഭാഗമായതിനാൽ തന്നെ, സ്വന്തം പ്രതിഭ തിരിച്ചറിയുന്നില്ല.

അനാവശ്യമായി ശബ്ദംവയ്ക്കുന്നവരും അട്ടഹസിക്കുന്നവരും സ്വാർത്ഥ താല്പര്യമുള്ളവരും എങ്ങനെയും ലാഭം തേടുന്നവരും അധികാരം നിലനിർത്തുന്നവരും അധികം ഉള്ളവരുടെ സമൂഹമാണ്. പ്രതിഭയുള്ളവർ പ്രചോദനമാകുന്നു. പ്രചോദനം തീജ്വാല പോലെയും. ഇന്ധനം നൽകിയില്ലെങ്കിൽ അത് കെട്ടടങ്ങും. ആന്തരികമായ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസമാണ് ഏവരുടെയും ഇന്ധനം. പ്രചോദനത്തെ ശാശ്വതമായി നിലനിർത്തുന്നതും അതുതന്നെയാണ്. എന്നാൽ മൂല്യങ്ങൾ വളരെ കുറഞ്ഞ സമൂഹമാണ് ചുറ്റിലും. പ്രതിഭ വളരാനും മനുഷ്യനെ തിരിച്ചറിയാനും വായന സഹായിക്കും. അസമത്വത്തിനും ചൂഷണത്തിനും വർഗീയതയ്ക്കും ഭീകരമായ അടിച്ചമർത്തലിനും എതിരെ പ്രതിരോധങ്ങൾ വായനയിലൂടെ വളരും. ഗഹനമായും ഗൗരവമായും വായിക്കുന്നവർക്കറിയാം അത് ഒരിക്കലും രേഖീയമായ ഒരു പ്രക്രിയയല്ലെന്ന്. പഠനത്തിന്റെ, ഗവേഷണത്തിന്റെ, സാമൂഹിക പ്രക്ഷോഭങ്ങളുമായുള്ള നിരന്തര സമ്പർക്കത്തിന്റെ, അധ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വായനയുടെ സന്ദർഭങ്ങൾ, അതിന്റെ നൈരന്തര്യങ്ങൾ, വിച്ഛേദങ്ങൾ ഒക്കെ സംഭവിക്കുന്നത്. ഗൗരവമായ വായന ലോകത്തിന്റെ കണിശതയിൽ നിന്നും യുക്തിയിൽ നിന്നും കുറച്ചു മുക്തനാകാൻ സഹായിക്കും. അതിൽ വിശ്രാന്തിയുടെ ഒരു ഘടകമുണ്ട്. വിശ്രമാവസ്ഥ മാനവസംസ്കൃതിയുടെ അനിവാര്യതയാണ്.


ഇതുകൂടി വായിക്കൂ: സ്ത്രീകളുടെ പോരാട്ടത്തിന്റെ മഹത്തായ ചരിത്രവുമായി ഇറാൻ


ഒരാൾ വിശ്രമനേരം കണ്ടെത്തുമ്പോൾ ഭാവനയ്ക്കൊപ്പം സ്വാതന്ത്ര്യാനുഭവവും ഉണരുന്നു. വിശ്രമവേളകളിൽ വായന കൂടുതലാകണം. പ്രധാനപ്പെട്ട എല്ലാ സാമൂഹിക പരിണാമങ്ങളുടെയും അലകൾ വായനയിലൂടെയാണ് പ്രത്യക്ഷമായത്. പ്രതിഭയുടെ നിധിശേഖരം കണ്ടെത്താൻ വായന സഹായിക്കും. മഹാന്മാരായ ചിന്തകരുടെയും ഇതിഹാസ ഗ്രന്ഥങ്ങളുടെയും ആശയങ്ങൾ ഒറ്റയടിക്കു വായിച്ചു തീർക്കാനാവില്ല. ആ ആശയങ്ങൾക്ക് ഇന്നത്തെ മനുഷ്യൻ അധിവസിക്കുന്ന എല്ലാ മേഖലകളുമായി ബന്ധമുണ്ട്. ഇന്ന് പക്ഷെ വലുതായി ചിന്തിക്കുന്നവർ വിരളമാണ്. പലയിടത്തും അനാരോഗ്യകരമായ വിമർശനങ്ങൾ ആണ് ഇന്ന്. സ്വന്തം പ്രശ്നങ്ങൾക്ക് ലോകത്തെ മുഴുവൻ പഴിക്കുന്ന ആളുകളെ എനർജി സക്കേഴ്സ് എന്ന് ചിന്തകന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്. ഇവർ ജീവിതത്തിന്റെ അധികഭാഗവും ഉപയോഗശൂന്യമാക്കുന്നു. ദുര്യോധനനും ഹിറ്റ്ലറും മുസോളിനിയും നരേന്ദ്രമോഡിയും വ്ലാദിമിർ പുടിനും മറ്റും, മറ്റുള്ളവരുടെ ഗുണങ്ങൾ കാണാറില്ല. അവർ പുസ്തകവായനയെ വിരസമാക്കുന്ന ഒരന്തരീക്ഷം ഉണ്ടാക്കാൻ താല്പര്യപ്പെടുന്നു. അത് ഒരു സാംസ്കാരിക വിരസതയുടെ പ്രത്യാഘാതമാണ്. മാർക്സിസവും ഗാന്ധിസവും ഉപനിഷത്തുകളും പുരാണങ്ങളും ഖുര്‍ആനും ബൈബിളും ലോക ക്ലാസിക് കൃതികളും നൽകുന്ന ഗഹനമായ ചിന്തകൾ മനുഷ്യപരിണാമത്തിനു സഹായകമായിട്ടുണ്ട്. ഇന്ന് വായന എന്ന പ്രവൃത്തിയെ സഹായിക്കാൻ ഇ‑റീഡറും ഇ‑ബുക്സും ഓഡിയോ ബുക്സും ആമസോൺ കിൻഡലുമൊക്കെ ഉണ്ട്. ഇതിനെല്ലാം അപാര സാധ്യതകളും ഉണ്ട്.

ഇവയെല്ലാം ഫലപ്രദമായി മനുഷ്യരാശി ഉപയോഗിക്കുന്നുണ്ടോ എന്നാണ് ചോദ്യം. മനുഷ്യരുടെ ആന്തരിക ജിജ്ഞാസകളെയും ആധികളെയും വായന അഭിമുഖീകരിക്കും. തന്റെ അനന്യമായ സർഗാത്മകത അതിലൂടെ കണ്ടെത്താം. വായനയിലൂടെ ഒരാൾ വിശ്രാന്തിയിലേക്ക് പ്രവേശിച്ചാൽ, അയാളിൽ വിസ്മയം സൃഷ്ടിക്കപ്പെടും. കലാപകലുഷിതമായ ഈ കാലത്ത് മാനവിക ചിന്തകൾ പ്രവഹിക്കണം. ലോകം യുദ്ധത്തിലാണ്. മനുഷ്യ വിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ മനുഷ്യനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. മനുഷ്യകുലത്തെ നശിപ്പിക്കുന്ന ആശയങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ വായനയും അതിലൂടെ ഉണ്ടാകുന്ന പ്രതിഭയുടെ വിലാസവും അനുപേക്ഷണീയമാണ്. ലോകത്തെ മെച്ചപ്പെടുത്താനുള്ള പോരാട്ടങ്ങൾ നടത്താൻ, ധീരമായ സ്വപ്നങ്ങൾ കാണാൻ അത് സഹായിക്കും. ആ സ്വപ്നങ്ങൾ സാക്ഷാല്ക്കരിക്കാനാള്ള പ്രവർത്തനങ്ങൾക്ക് ശക്തിനൽകും. ഇന്ത്യയുടെ ആകാശത്തുനിന്ന് ഇപ്പോൾ കോരിച്ചൊരിയുന്നത് പ്രകോപന പ്രസ്താവനകളുടെ പേമാരിയാണ്. ജനാധിപത്യമുയർത്തിപ്പിടിച്ച കുടകളിൽ തുളകൾ വീഴ്ത്തിക്കൊണ്ട് അവ തിമിർത്തു പെയ്യുന്നു. ഇന്ത്യയെ ഇന്ത്യയാക്കുന്ന സർവ സ്മരണകളെയും മായ്ച്ചുകളയാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്.


ഇതുകൂടി വായിക്കൂ:  ആ കുറിപ്പുകള്‍ പകര്‍ന്നുതന്ന ആവേശം


സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോൾ ഗോഡ്സെയ്ക്കാണ് താരപരിവേഷം, മഹാത്മജിക്കല്ല. ഇത്ര വലിയ ദുരന്തം ഈ രാജ്യത്ത് എങ്ങനെ ഉണ്ടായി എന്ന് വായനയിലൂടെ, സർഗാത്മക ചിന്തകളുടെ പ്രവാഹത്തിലൂടെ മനസിലാക്കണം. വൈവിധ്യത്തിന്റെ ഇന്ത്യയെ ഫാസിസ്റ്റുകൾക്ക് വിട്ടുകൊടുക്കരുത്. സ്വേച്ഛാധിപതികൾ ലോകത്ത് ഇന്നും അധികാരം കയ്യാളുന്നു. വലതുപക്ഷ തീവ്രവാദ ശക്തികൾ റഷ്യയിലും ഇന്ത്യയിലും ഇറ്റലിയിലും ബ്രസീലിലും മറ്റും ഭരിക്കുന്നു. പുരാണങ്ങളിലെ ദുര്യോധനനും രാവണനും ജരാസന്ധനും കംസനും ഇന്നത്തെ ഏകാധിപതികളുടെ മുൻഗാമികൾ. രാജാക്കന്മാരോട് സ്വേച്ഛാധികാരം വെടിയാൻ പലരും പല ഘട്ടത്തിൽ അന്നും ഉപദേശിക്കുന്നുണ്ടെങ്കിലും അവർ ഉപേക്ഷിച്ചില്ല. ജനങ്ങള്‍ക്ക് പിന്നെയും സ്വേച്ഛാധികാരത്തിനു കീഴിൽ ഞെരിഞ്ഞു കിടക്കേണ്ടിയും വന്നു. ജനത ഈ കാലത്തുപോലും വീരനായകപരിവേഷമുള്ള സ്വേ­ച്ഛാധിപതികളെ ഇഷ്ടപ്പെടുന്നു. അവനവനിലെ മനുഷ്യനെ, പ്രതിഭയെ കണ്ടെത്താത്തതുകൊണ്ടാണ് അത്. തങ്ങളുടെ ജീവിതത്തിന്റെ ദുരിതങ്ങൾ വിധിയാണ് എന്നു വിശ്വസിക്കുന്ന, ചിന്തിക്കാത്ത ജനതയുണ്ടാവുമ്പോൾ ഭരണാധികാരികളും നേതൃത്വവും സ്വേച്ഛാധിപതികളാകുന്നു. ചിന്തിക്കാത്ത ജനത അവരെ ആശ്രയിക്കുന്നു. അവിടെ മനുഷ്യൻ തന്റെ ഊർജം തിരിച്ചറിയുന്നില്ല. പ്രതിജ്ഞാബദ്ധതയെന്നത് അഗാധമായൊരു ഊർജസ്രോതസാണ്.

അതിന്റെ ഉദാഹരണങ്ങളാണ് ലെനിനും ഗാന്ധിജിയും ചെ ഗുവേരയും ഫിഡൽ കാസ്ട്രോയും നെൽസൺമണ്ടേലയുമടങ്ങുന്ന നിരവധി പ്രതിഭാശാലികൾ. അവർ അർപ്പണബോധത്തിന്റെ പ്രതീകങ്ങളായി. അങ്ങനെയുള്ളവരെ പ്രകൃതി പോലും പിന്തുണയ്ക്കും. അമാനുഷ സിദ്ധികളെ പ്രാപിക്കുന്നതിനു മുൻപായി നമ്മുടെ തന്നെ മനുഷ്യപ്രകൃതം പടുത്തുയർത്തുന്ന പ്രതിരോധങ്ങളിലൂടെ ഭേദിച്ചുകടന്ന് പ്രതിജ്ഞാബദ്ധത മുന്നോട്ടു നീങ്ങുന്നു. വർധിതമായ സൂക്ഷ്മതയുടെ ക്രമത്തിൽ ചിട്ടപ്പെടുത്തിയ ദൃഢബദ്ധമായ ഊർജ വ്യവസ്ഥകളുടെ ശൃംഖലയാണ് മനുഷ്യൻ എന്ന് ബഹുഭൂരിഭാഗവും അറിയുന്നില്ല. മനുഷ്യന്റെ പരിശ്രമം അതിന്റെ പരകോടിയിലെത്തുമ്പോൾ മാനുഷികമായ ഊർജ സംവിധാനം അമാനുഷികമായ ഊർജ ചൈതന്യത്തിന്റെ വരപ്രസാദം സ്വീകരിക്കാൻ സജ്ജമായി തീരുന്നു. മനുഷ്യനെ ആദരിക്കാനും അംഗീകരിക്കുവാനും തയാറല്ലാത്തവർ വർധിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് മനുഷ്യൻ അവന്റെ ഉള്ളിലെ അപാരമായ നിധിശേഖരം കണ്ടെത്തി, അറിവിന്റെ ഗഹനതകളിലേക്ക് ഇറങ്ങി, എല്ലാവരും മനുഷ്യരാണ് എന്നറിയണം. അതിന് വായന ആവശ്യമാണ്. അത് മനുഷ്യ വിരുദ്ധ ചിന്താഗതികൾക്കെതിരെ പ്രതിരോധം തീർക്കും. മനുഷ്യന്റെ ആന്തരികമായ ശക്തിയെ ബോധ്യപ്പെടുത്തും.

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.