22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 19, 2024
May 14, 2024
December 1, 2023
July 28, 2023
November 26, 2022
June 17, 2022
February 10, 2022
January 7, 2022
December 8, 2021

കോടതിയിൽ ഹാജരാക്കുന്നില്ല: എൽഗർ പരിഷത്ത് കുറ്റാരോപിതർ നിരാഹാരസമരത്തിൽ

Janayugom Webdesk
മുംബൈ
October 19, 2024 9:44 pm

എൽഗർ പരിഷത്ത് കേസിൽ ദീർഘകാലമായി ജയിൽവാസം അനുഭവിക്കുന്ന ഏഴ് മനുഷ്യാവകാശ പ്രവർത്തകർ നിരാഹാര സമരത്തിൽ. തടവിലാക്കപ്പെട്ടവരെ കോടതി നിർദേശമുണ്ടായിട്ടും കേസിന്റെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ മൂന്ന് വിചാരണകളിലും കുറ്റാരോപിതരെ ഹാജരാക്കിയിരുന്നില്ല. 

കോടതി ഉത്തരവുണ്ടായിട്ടും വെള്ളിയാഴ്ചത്തെ വിചാരണയ്ക്കും കോടതിയിൽ ഹാജരാക്കിയില്ല. തലോജ സെൻട്രൽ ജയിലിൽ നിന്ന് ദക്ഷിണ മുംബൈയിലെ പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിലേക്ക് കൊണ്ടുപോകാൻ നവി മുംബൈ പൊലീസ് അകമ്പടി സംഘത്തെ നൽകാതിരുന്നതോടെയാണ് കോടതിയിൽ ഹാജരാക്കാൻ സാധിക്കാതിരുന്നത്. പിന്നാലെയാണ് ഏഴ് പേരും നിരാഹാരസമരം പ്രഖ്യാപിച്ചത്.
2017 ഡിസംബർ 31ന് പൂനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾക്ക് ഭീമ കൊറേഗാവിൽ നടന്ന അക്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2020ലാണ് 16 പേരെ അറസ്റ്റ് ചെയ്തത്. ഇതില്‍ കുറച്ച് പേർക്ക് ജാമ്യം ലഭിക്കുകയും ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ കഴിയവെ മരിക്കുകയും ചെയ്തു. ഏഴു പുരുഷന്മാരും ഒരു സ്ത്രീയുമടക്കം എട്ട് പേർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. കേസിൽ അറസ്റ്റിലായി ബൈക്കുള വനിതാ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ജ്യോതി ജഗ്താപിനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 

മനുഷ്യാവകാശ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബു, തടവുകാരുടെ അവകാശ പ്രവർത്തകൻ റോണ വിൽസൺ, സാംസ്കാരിക പ്രവർത്തകരായ സാഗർ ഗോർഖെ, രമേഷ് ഗൈച്ചോർ, വിദ്രോഹി മാസികയുടെ എഡിറ്ററും എഴുത്തുകാരനുമായ സുധീർ ധാവ്ളെ ആദിവാസി അവകാശ പ്രവർത്തകൻ മഹേഷ് റാവത്ത് തുടങ്ങിയവരാണ് നിരാഹാരസമരം നടത്തുന്നത്. കഴിഞ്ഞ ഹിയറിങ്ങിൽ ഗാഡ്‌ലിങ്ങിനെയും മറ്റുള്ളവരെയും വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കിയിരുന്നു. ശേഷം കേസിൽ അറസ്റ്റിലായ എല്ലാവരെയും നേരിട്ട്‌ ഹാജരാക്കാൻ കോടതി പൊലീസിനോട് പ്രത്യേകം നിര്‍ദേശിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആ ഉത്തരവ് പൊലീസ് ലംഘിക്കുകയായിരുന്നു. 

കോടതിയിലെ വീഡിയോ കോൺഫറൻസിങ് സേവനത്തിൽ സാങ്കേതിക തകരാറുണ്ടായതിനാൽ ഓൺലൈനിലും ഹാജരാക്കാൻ കഴിഞ്ഞില്ല. കോടതിയിൽ ഹാജരാക്കാത്തതിനാൽ എല്ലാവരും നിരാഹാര സമരം നടത്താൻ തീരുമാനിച്ചതായി സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ മകൻ സുമിത് ദി വയറിനോട് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.