21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 16, 2024
October 5, 2024
October 4, 2024
September 28, 2024
September 24, 2024
September 19, 2024
August 29, 2024
August 23, 2024
May 16, 2024

ഇനി യുവതീമുന്നേറ്റത്തിന്റെ നാളുകൾ

എം വി ഗോവിന്ദന്‍
തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി
November 29, 2021 5:34 am

കുടുംബശ്രീ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരധ്യായത്തിനാണ് 1998ൽ എല്‍ഡിഎഫ് സർക്കാർ തുടക്കമിട്ടത്. ദരിദ്ര വനിതകളെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്കിലും കുടുംബശ്രീ ഇന്ന് എല്ലാ സ്ത്രീകളേയും പ്രതിനിധീകരിക്കുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയിരിക്കുന്നു. നിലവിൽ കുടുംബശ്രീയിൽ 45 ലക്ഷത്തോളം വനിതകളാണ് അംഗങ്ങളായുള്ളത്. ഇവരിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർ വെറും 10 ശതമാനം മാത്രമാണ്. ഈ യുവതികളിലേക്ക് കുടുംബശ്രീയുടെ പദ്ധതികൾ വഴിയുള്ള ഗുണഫലങ്ങൾ വേണ്ടത്ര ലഭ്യമാവാത്ത അവസ്ഥയുണ്ട്. ഏറ്റവും ഊർജസ്വലമായ യൗവ്വന കാലഘട്ടത്തിലുള്ള യുവതികളുടെ ആശയോല്പാദനവും നിർവഹണ പാടവവും കുടുംബശ്രീക്ക് ലഭ്യമാകുന്നില്ല എന്ന കുറവുകൂടി ഇതോടൊപ്പം കാണണം. ഈ പശ്ചാത്തലത്തിലാണ് യുവതീ ഓക്സിലറി ഗ്രൂപ്പ്.
2020ലെ കേരളാ ഇക്കണോമിക് റിവ്യൂവിലെ കണക്ക് സൂചിപ്പിക്കുന്നത്, അഭ്യസ്തവിദ്യരായ കേരളത്തിലെ സ്ത്രീകളുടെ എണ്ണം തൊഴിൽരഹിത സ്ത്രീകളുടെ ദേശീയ ശരാശരിയേക്കാൾ മൂന്ന് ഇരട്ടിയോളം കൂടുതലാണ് എന്നാണ്. അഭ്യസ്തവിദ്യരായിട്ടും സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കാതെ ‘വീട്ടമ്മ’മാരായി ഒതുങ്ങി കഴിയുന്ന യുവതികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ സമൂഹത്തിൽ കൂടിവരുന്നുമുണ്ട്. അവരുടെ പ്രശ്നങ്ങളും മറ്റും പങ്കുവയ്ക്കാനുള്ള ഒരു വേദി നിലവിലില്ല. അതിനാൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുന്നില്ല. ഈ സാമൂഹിക പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയുള്ള വികസനം സാധ്യമാവുകയുള്ളു.


ഇതുകൂടി വായിക്കൂ: കുടുംബശ്രീ‌: സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ


മികച്ച കഴിവും കാര്യക്ഷമതയും ഉള്ളവരായിട്ടും കാലങ്ങളായി തുടർന്നുവരുന്ന ജീർണ്ണമായ സാമൂഹിക രീതികൾ രൂപപ്പെടുത്തിയ മനോഭാവവും ആത്മവിശ്വാസക്കുറവുമാണ് നിലവിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങളിലൊന്ന്. അത് പരിഹരിക്കണം. തൊഴിലെടുക്കുന്നതിനും ജീവനോപാധികൾ കണ്ടെത്തുന്നതിനും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും സഹായകമാകുന്ന വേദി ഒരുക്കുന്നതിലൂടെ യുവതികളുടെ കാര്യശേഷിയും, ഇടപെടൽ ശേഷിയും വര്‍ധിപ്പിക്കുവാനും അതുവഴി സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടുവാനും കഴിയും. യുവതീ കൂട്ടായ്മകളായി മാറുന്ന ഓക്സിലറി ഗ്രൂപ്പുകൾ ഇതിന് പര്യാപ്തമാവും എന്നതിൽ തർക്കമില്ല.
കുടുംബശ്രീയിൽ ഒരു കുടുംബത്തിലെ ഒരു വനിതയ്ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളു. അമ്മ അംഗമായുള്ള കുടുംബശ്രീയിൽ മകൾക്കോ, മരുമകൾക്കോ അംഗമാവാൻ നിലവിൽ സാധ്യമല്ല. പത്ത് വർഷത്തിന് മുകളിൽ പ്രവർത്തിച്ചുവരുന്ന ഒരു അയൽക്കൂട്ടത്തിലേക്ക് പുതിയ ഒരാൾ അംഗമാവുമ്പോൾ നിലവിലുള്ളവരുടെ നിക്ഷേപം വഴിയുള്ള സമ്പാദ്യവും പുതിയതായി ചേരുന്നവരുടെ സമ്പാദ്യവും തമ്മിൽ വലിയ അന്തരമുണ്ടാകും. ഈ സാഹചര്യത്തിൽ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും, ഇവരെ പൊതുധാരയിൽ കൊണ്ടുവരുന്നതിനും, സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവർക്ക് വിവിധ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമുള്ള ഒരു പൊതുവേദി സൃഷ്ടിക്കുകയെന്നത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്.
വിദ്യാഭ്യാസവും കഴിവുമുള്ള യുവതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിൽ നൈപുണ്യമുള്ളവരാക്കി മാറ്റാൻ സാധിക്കും. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്താനും സ്ത്രീധന പീഡനംപോലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ സധൈര്യം ഇടപെടാനും കഴിയുന്ന യുവതലമുറയെ വാർത്തെടുക്കാനും ഇതിലൂടെ സാധിക്കും. നാളിതുവരെ പല കാരണങ്ങളാലും കുടുംബശ്രീ അയൽക്കൂട്ടത്തിൽ ചേരാൻ കഴിയാതിരുന്ന കുടുംബങ്ങളിലെ യുവതികൾക്ക് ഇതിലൂടെ അവസരം നൽകണം. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളിലും 18 മുതൽ 40 വയസുവരെ പ്രായമുള്ള യുവതികളെ അംഗങ്ങളാക്കിയുള്ള ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.


ഇതുകൂടി വായിക്കൂ: എണ്ണത്തിൽ സെഞ്ച്വറി തികച്ച് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ


വിദ്യാഭ്യാസ പുരോഗതിക്കും തൊഴിൽ മേഖലകൾക്കനുസരിച്ചുള്ള നൈപുണ്യ പരിപോഷണത്തിനും ആവശ്യമായ ചർച്ചകൾ നടത്തി, പുതിയ തൊഴിൽ സാധ്യതകൾ കണ്ടു പിടിക്കാനും വിവാഹശേഷം യുവതികൾ ജോലിയിൽ നിന്നും പിൻവാങ്ങുന്ന രീതി കുറയ്ക്കുവാനും ഓക്സിലറി ഗ്രൂപ്പുകൾ മുഖേന സാധിക്കും. പുതിയ തലമുറയിലെ സ്ത്രീകൾക്ക് സാമ്പത്തിക, സാമൂഹിക ശാക്തീകരണം സാധ്യമാക്കാനും അവരുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളും സ്വതന്ത്രമാക്കുവാനും ഇതിലൂടെ സാധിക്കും. വരുമാനം ഉറപ്പിക്കുന്ന ഒരു തൊഴിൽ ലഭിച്ച ശേഷം വിവാഹം എന്ന കാഴ്ചപ്പാടിലേക്ക് കേരളത്തിലെ യുവതികൾ ഉയരേണ്ട സമയം അതിക്രമിച്ചു. യുവതീ ഓക്സിലറി ഗ്രൂപ്പുകൾ അതിന് സഹായകമാവും.
സ്ത്രീശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങൾ ലഭ്യമാകുന്ന ഒരു വേദിയാണ് ഓക്സിലറി ഗ്രൂപ്പ്. സ്ത്രീധനം, ഗാർഹിക പീഡനങ്ങൾ തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു വേദികൂടിയാണിത്. കക്ഷിരാഷ്ട്രീയ, ജാതി, മത, വർഗ ഭേദമന്യേ ഒരുമിച്ചു കൂടുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കാൻ സാധിക്കും. നാടിന്റെ വികസന പ്രവർത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും, ചർച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളർത്തുവാൻ ഇതിലൂടെ കഴിയും. സ്ത്രീകളുടെ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്ന ജാഗ്രതാ സമിതികൾ, ലഹരി ഉപയോഗത്തിനെതിരായുള്ള വിമുക്തി ഗ്രൂപ്പുകൾ, സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന സമം തുടങ്ങി സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കുവാനും വിവിധ ക്യാമ്പയിനുകൾ ഏറ്റെടുത്ത് സംഘടിപ്പിക്കുവാനും ഓക്സിലറി ഗ്രൂപ്പുകൾ മുന്നോട്ടുവരും. യുവജന കമ്മിഷൻ, യുവജന ക്ഷേമബോർഡ് തുടങ്ങി യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെയും പദ്ധതികളെയും പരിചയപ്പെടാനും അവയിൽ പങ്കാളികളാകാനും ഓക്സിലറി ഗ്രൂപ്പിനെ പര്യാപ്തമാക്കും. വ്യത്യസ്ത വകുപ്പുകളുടെ പ്രവർത്തന ഏകോപനത്തിലൂടെ വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം യാഥാർത്ഥ്യമാക്കാനും യുവതീ ഓക്സിലറി ഗ്രൂപ്പുകൾക്ക് സാധിക്കും.


ഇതുകൂടി വായിക്കൂ: സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല


അഭ്യസ്തവിദ്യരായ സ്ത്രീകളുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ വരുമാനദായക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും അവസരങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും അല്ലാതെയും ലഭ്യമാക്കാനാവും. പുതിയ ഉപജീവനമാർഗങ്ങൾ കണ്ടെത്തി പ്രാദേശിക സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിർമ്മാർജനത്തിനും വേണ്ടി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്ന യുവതികളുടെ കൂട്ടായ്മയായി ഓക്സിലറി ഗ്രൂപ്പുകൾ മാറും. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ അവതരിപ്പിച്ച് പരിഹാരം കാണാനും സമാന സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കൂട്ടായ്മകളിലൂടെ കൺസോർഷ്യങ്ങളുണ്ടാക്കി വൻകുതിപ്പ് സൃഷ്ടിക്കാനും ഭാവിയിൽ സാധിക്കും. സംസ്ഥാനത്ത് ഇതുവരെയായി 20116 കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഒക്ടോബർ രണ്ടിനായിരുന്നു രജിസ്ട്രേഷൻ ആരംഭിച്ചത്. 3,25,000ത്തിലേറെ യുവതികൾ ഓക്സിലറി ഗ്രൂപ്പുകളിൽ അംഗങ്ങളായി ചേർന്നു. ഒരു യൂണിറ്റിൽ അമ്പത് യുവതികൾക്ക് അംഗങ്ങളാവാം. തൊഴിൽ മുടങ്ങിയവരും കോഴ്സുകളൊക്കെ പൂർത്തിയാക്കിയപ്പോൾ വിവാഹിതരാവുകയും തുടർന്ന് ‘വീട്ടമ്മ’മാരായി മാറിയവരുമായ നിരവധി യുവതികൾ സംസ്ഥാനത്തുണ്ട്. ഇവർക്ക് നൈപുണി വികസനത്തിനുള്ള അവസരമൊരുക്കുമ്പോൾ കേരളത്തിൽ യുവതികളുടെ മെച്ചപ്പെട്ട ഒരു തൊഴിൽസേന തന്നെ ഉണ്ടാവും. കോവിഡാനന്തരം ലോകമാകെ വർക്ക് അറ്റ് ഹോം എന്ന നിലയിലാണ് പോകുന്നത്. അതിനെ സാധ്യതയായി കണ്ടുകൊണ്ട് യുവതികൾക്ക് സ്വന്തം വീടുകളിലിരുന്നും അങ്ങനെയല്ലാത്തവർക്ക് വീടിനടുത്തും ജോലി ലഭ്യമാക്കുവാനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാനപ്പെട്ട പ്രഖ്യാപനമായ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിലെന്ന ലക്ഷ്യം കൈവരിക്കാൻ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ വഴിയൊരുക്കും. ഇതിലൂടെ സാമൂഹ്യ മുന്നേറ്റത്തിന്റെ പുതിയൊരു ചരിത്രം രചിക്കപ്പെടും.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.